കൊല്‍ക്കത്ത: സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ മാജിക്കല്‍ ഫോം തുടരുകയാണ്. നാട്ടിലും വിദേശത്തുമെല്ലാം ഏതു കരുത്തരായ എതിരാളികളെയും വീഴ്ത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൂര്യയും സംഘവും. ജോസ് ബട്‌ലറുട ഇംഗ്ലണ്ട് ടീം ടി20യിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നൈാണ്.
പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ കളിയില്‍ മുന്‍ ടി20 ലോചാംപ്യന്മാരെ നിലം തൊടീക്കാതെയാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനെ 132ല്‍ എറിഞ്ഞിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. റണ്‍ചേസില്‍ ഇന്ത്യ എളുപ്പത്തില്‍ ഇതു മറികടക്കുകയും ചെയ്തു. സൂര്യയുടെ ഗംഭീര ക്യാപ്റ്റന്‍സിക്കു തന്നെയാണ് കൈയടിക്കേണ്ടത്.
കാരണം ഒരു സമയത്തു വലിയ ടോട്ടലിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ 150ല്‍ താഴെ റണ്‍സിന് എറിഞ്ഞിട്ടത് അദ്ദേഹത്തിന്റ മിടുക്ക് തന്നെയാണ്. ഈ മല്‍സരം സൂര്യ എങ്ങനെയാണ് ഇന്ത്യയുടെ വരുതിയിലേക്കു കൊണ്ടു വന്നതെന്നു നോക്കാം.

പ്രൊജക്ടഡ് സ്‌കോര്‍
ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് ഫില്‍ സാള്‍ട്ടും പിന്നാലെ ബെന്‍ ഡക്കെറ്റും (4) വീണപ്പോള്‍ ഇംഗ്ലണ്ട് മൂന്നോവറില്‍ 17 റണ്‍സെന്ന നിലയില്‍ പതറി. എന്നാല്‍ വെടിക്കെട്ട് താരം ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് നായകന്‍ ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 48 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കരുത്താര്‍ജിക്കുകയും ചെയ്തു.
ബട്‌ലറായിരുന്നു കൂടുതല്‍ അപകടകാരി. അഞ്ചാം ഓവറില്‍ തന്റെ തുറുപ്പുചീട്ടായ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ സൂര്യകുമാര്‍ യാദവ് കൊണ്ടു വന്നു. ഒരു ഫോറടക്കം എട്ടു റണ്‍സ് മാത്രമേ ഈ ഓവറില്‍ താരം വിട്ടുകൊടുത്തുള്ളൂ.
അടുത്ത ഓവര്‍ അക്ഷര്‍ പട്ടേലിനാണ് സൂര്യ നല്‍കിയത്. പക്ഷെ ബ്രൂക്കും ബട്‌ലറും കടന്നാക്രമിച്ചു. രണ്ടാമത്തെ ബോളില്‍ ബ്രൂക്കും അഞ്ചാമത്തെ ബോളില്‍ ബട്‌ലറും സിക്‌സര്‍ പറത്തുകയായിരുന്നു. 15 റണ്‍സാണ് ഓവറില്‍ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഏഴോവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് രണ്ടിന് 61. ഈ സമയത്തു ഇംഗ്ലണ്ടിന്റെ പ്രൊജക്ടഡ് സ്‌കോര്‍ 184 വരെയെത്തുമായിരുന്നു കാണിച്ചത്.
കളി മാറ്റിയ സൂര്യ
എട്ടാം ഓവര്‍ മുതലാണ് കളി മാറുന്നത്. സൂര്യകുമാര്‍ യാദവിന്റെ ബൗളിങ് റൊട്ടേഷനില്‍ ഇംഗ്ലണ്ട് പതറുകയായിരുന്നു. എട്ടാം ഓവര്‍ ബൗള്‍ ചെയ്ത് വരുണ്‍ ചക്രവര്‍ത്തിയാണ്. രണ്ടാമത്തെ ബോളില്‍ ഹാരി ബ്രൂക്ക് ഫോറടിച്ചെങ്കിലും അടുത്ത ബോളില്‍ വരുണിന്റെ മാസ് മറുപടി. 14 ബോളില്‍ 17 റണ്‍സെടുത്ത ബ്രൂക്കിന്റെ കുറ്റി തെറിപ്പിച്ചാണ് താരം പ്രതികരിച്ചത്. ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ സ്റ്റംപിലേക്കു വരികയായിരുന്നു.
മറ്റൊരു വമ്പനടിക്കാരനായ ലിയാം ലിവിങ്സ്റ്റണാണ് പിന്നാലെ ക്രീസിലെത്തിയത്. ആദ്യ ബോളില്‍ താരം റണ്ണെടുത്തില്ല. അടുത്ത ബോളില്‍ ലിവിങ്‌സ്റ്റണിനെ വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് ശരിക്കും ഞെട്ടി. ഈ ഓവറില്‍ ഇംഗ്ലണ്ടിനു ലഭിച്ചത് നാലു റണ്‍സ് മാത്രം. ഇതോടെ രണ്ടിന് 61 റണ്‍സില്‍ നിന്നും അവര്‍ നാലിനു 65 ലേക്കും വീണു.

തൊട്ടുമുമ്പുള്ള ഓവറില്‍ രണ്ടു സിക്‌സറടക്കം 15 റണ്‍സ് വഴങ്ങിയ അക്ഷര്‍ പട്ടേലിനെ പിന്‍വലിച്ച സൂര്യ ടീമിലെ മൂന്നാമത്തെ സ്പിന്നറായ രവി ബിഷ്‌നോയിയെ അടുത്ത ഓവറില്‍ കൊണ്ടു വന്നു. വരുണിനെപ്പോലെ ബൗളിങില്‍ ഒരുപാട് വേരിയേഷനുകളുള്ള താരമാണ് അദ്ദേഹം. വരുണിനെയും ബിഷ്‌നോയിയെയും മാറി മാറി ഉപയോഗിച്ച സൂര്യ ഇംഗ്ലീഷ് ബാറ്റിങിനു മൂക്കുകയറിടുകയായിരുന്നു.
സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഇംഗ്ലണ്ടിന്റെ പലര്‍ക്കുമുള്ള ദൗര്‍ബല്യം അദ്ദേഹം ശരിക്കും മുതലെടുത്തു. ഏഴിനും 11നും ഓവറിനിടെ ഇംഗ്ലണ്ടിനു നേടാനായത് വെറും 19 റണ്‍സ് മാത്രം. ഒരു ഫോറോ, സിക്‌സറോ പോലും നേടാനുമായില്ല. വരുണ്‍- ബിഷ്‌നോയ് കോമ്പിനേഷനെ വച്ചാണ് സൂര്യ അവരെ തളച്ചത്.
12ാം ഓവറില്‍ അക്ഷറിലേക്കു പോവാതെ നേരത്തേ തല്ലുവാങ്ങിയ ഹാര്‍ദിക് പാണ്ഡ്യെ അദ്ദേഹം തിരികെ വിളിച്ചു. ജേക്കബ് ബെതലിനെ പുറത്താക്കിയാണ് ഹാര്‍ദിക് ഇതിനോടു പ്രതികരിച്ചത്. ഇതോടെ അഞ്ചിനു 84 റണ്‍സെന്ന നിലയിലേക്കും ഇംഗ്ലണ്ട് തകര്‍ന്നു. പിന്നീടൊരിക്കലും അവരെ തിരിച്ചുവരാനും സൂര്യ അനുവദിച്ചില്ല. 13 മുതല്‍ 18 ഓവര്‍ വരെ സ്പിന്നര്‍മാരെ അദ്ദേഹം സമര്‍ഥമായാണ് ഉപയോഗിച്ചത്. ഇതോടെ ഇംഗ്ലണ്ട് 132 റണ്‍സിലുമൊതുങ്ങി.