രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായി മുന്നോട്ട് പോവുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം അതി ഗംഭീരമാണ്. ടെസ്റ്റിലും ഏകദിനത്തിലും പിന്നോട്ട് പോകുമ്പോഴും ടി20യില്‍ ഇന്ത്യ മിന്നിക്കുകയാണ്. സൂര്യകുമാര്‍ യാദവ് ടി20 നായകനെന്ന നിലയിലും ശോഭിക്കുന്നു. സൂര്യക്ക് കീഴില്‍ 19ല്‍ 16 മത്സരത്തിലും ഇന്ത്യ ജയിച്ചു.
84.21 വിജയ ശതമാനത്തോടെയാണ് നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് മിന്നിക്കുന്നത്. എന്നാല്‍ ക്യാപ്റ്റനായ ശേഷം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനം പിന്നോട്ടാണെന്ന് പറയാം. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന പഴയ സൂര്യ വെടിക്കെട്ട് ഇപ്പോഴില്ല. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സറുകള്‍ പായിക്കുന്ന സൂര്യയുടെ മോശം ഫോം ഇന്ത്യയേയും കാര്യമായി ബാധിക്കുന്നുണ്ട്. സൂര്യയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങള്‍ വിലയിരുത്താം.
ബാറ്റിങ് കണക്കുകള്‍ പിന്നോട്ട്
സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കണക്കുകളിലേക്ക് വരുമ്പോള്‍ പ്രകടന നിലവാരം പിന്നോട്ടാണെന്ന് തന്നെ പറയാം. മാര്‍ച്ച് 2021 മുതല്‍ ഒക്ടോബര്‍ 2023വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 46.02 ശരാശരിയില്‍ 1841 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 173ന് മുകളിലായിരുന്നു. 15 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ 2023ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 26 ഇന്നിങ്‌സില്‍ നിന്ന് 29.64 ശരാശരിയില്‍ 741 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
156 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു ഫിഫ്റ്റിയും സെഞ്ച്വറിയുമാണ് നേടിയത്. അവസാന ആറ് ടി20 ഇന്നിങ്‌സുകള്‍ നോക്കുമ്പോള്‍ തീര്‍ത്തും നിരാശപ്പെടേണ്ടി വരും. 64 റണ്‍സാണ് സൂര്യ ആകെ നേടിയത്. 10.5 മാത്രമാണ് ശരാശരി. 60.3 ആണ് സ്‌ട്രൈക്ക് റേറ്റ്. നാല് തവണ ഒറ്റ സംഖ്യയില്‍ അദ്ദേഹം പുറത്തായി. ഒരു തവണയാണ് ഡെക്കിന് മടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഡെക്കായ സൂര്യ രണ്ടാം മത്സരത്തില്‍ 12 റണ്‍സെടുത്താണ് പുറത്തായത്.

ക്യാപ്റ്റന്‍സി സൂര്യയെ ബാധിച്ചോ?
സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കിയതോടെ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം മെച്ചപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാല്‍ നായകസ്ഥാനം സൂര്യയുടെ ബാറ്റിങ് പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. രോഹിത് ശര്‍മ നായകനായിരിക്കെ സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനമായിരുന്നു നട്ടെല്ല്. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനം ലഭിച്ചതോടെ സൂര്യ തന്റെ ബാറ്റിങ്ങിനെക്കാള്‍ പ്രാധാന്യം നല്‍കുന്നത് ടീമിന്റെ പ്രകടനത്തിനാണെന്ന് പറയാം.
ഇപ്പോള്‍ സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ സൂര്യകുമാറിനില്ലെന്ന് തന്നെ പറയാം. മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി സൂര്യ കളിക്കുകയാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മ ശോഭിക്കവെ സൂര്യ നാലാം നമ്പറിലാണ് ഇപ്പോള്‍ കളിക്കുന്നത്. സൂര്യയുടെ ബാറ്റിങ് പ്രകടനം വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. വരുന്ന മത്സരങ്ങളിലും സൂര്യക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്.
സൂര്യ യുവതാരങ്ങളുടെ ക്യാപ്റ്റന്‍
ഇന്ത്യയുടെ മറ്റ് ക്യാപ്റ്റന്മാരെക്കാള്‍ സൂര്യകുമാര്‍ യാദവിനെ വ്യത്യസ്തനാക്കുന്നത് യുവതാരങ്ങളെ കൂടുതല്‍ പിന്തുണക്കുന്നതിനാലാണ്. മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള യുവതാരങ്ങളെ സൂര്യകുമാര്‍ യാദവ് കൂടുതല്‍ പിന്തുണക്കുന്നു. സഞ്ജു സാംസണെ ഓപ്പണിങ്ങിലേക്ക് പിന്തുണക്കുന്നത് സൂര്യകുമാര്‍ യാദവാണ്. സഞ്ജുവിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തിന് കാരണം സൂര്യയുടെ വലിയ പിന്തുണയാണ്.
സഹതാരങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സൂര്യക്ക് സാധിക്കുന്നുണ്ട്. സൂര്യക്ക് കീഴില്‍ കളിക്കാന്‍ യുവതാരങ്ങള്‍ക്കും വലിയ താല്‍പര്യമാണുള്ളത്. ക്യാപ്റ്റന്‍സിയിലെ മികവിനൊപ്പം ബാറ്റിങ്ങിലും സൂര്യക്ക് പഴയ ഫോമിലേക്കെത്താനാവുമെന്ന് തന്നെ കരുതാം.