മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുകയാണ്. കാര്യമായ ട്വിസ്റ്റുകളൊന്നും സംഭവിച്ചില്ലെങ്കില്‍ മൂന്നാംദിനമായ ഇന്ന് അവര്‍ ലീഡ് പിടിച്ചെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബൗളര്‍മാരുടെ ഭാഗത്തു നിന്നും അസാധാരണ പ്രകടനമുണ്ടായാല്‍ മാത്രമേ ഈ മല്‍സരത്തിലേക്കു ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂൂ.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ ഇംഗ്ലണ്ടും വിഷമിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ നേടിയ 358 റണ്‍സ് ഈ പിച്ചില്‍ മികച്ച സ്‌കോറാണെന്നും വിലയിരുത്തപ്പെട്ടു. പക്ഷെ രണ്ടാം ദിനത്തിലെ കളി കഴിഞ്ഞപ്പോഴേക്കും അതു തെറ്റായിരുന്നുവെന്നു ബോധ്യമായിരിക്കുകയാണ്. രണ്ടു വിക്കറ്റിനു 225 റണ്‍സെന്ന ശക്കമായ നിലയിലാണ് ഇംഗ്ലണ്ടുള്ളത്.
എട്ടു വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി വേണ്ടത് 133 റണ്‍സ് മാത്രം. ഇന്ത്യന്‍ ബൗളര്‍മാരുടെ ലക്കും ലഗാനുമില്ലാത്ത ബൗളിങ് മാത്രമല്ല ശുഭ്മന്‍ ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സി കൂടിയാണ് ഇംഗ്ലണ്ടിനെ ഇത്രയും മികച്ച നിലയിലെത്താന്‍ സഹായിച്ചത്. അദ്ദേഹം ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ കണിശത കാണിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞേനെ.

ഗില്ലിന്റെ ക്യാപ്റ്റന്‍സി
ലോര്‍ഡ്‌സില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലേകതു പോലെ മാഞ്ചസ്റ്ററിലും ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ ചില അബദ്ധങ്ങള്‍ വരുത്തിയതായി കാണാം. തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം ഒരിക്കല്‍ക്കൂടി പരാജയമായി മാറി. ഇതാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു ശക്തമായ അടിത്തറ നല്‍കിയത്.
മാഞ്ചസ്റ്ററില്‍ തന്റെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ തന്നെയാണ് ഗില്‍ ന്യൂബോള്‍ ഏല്‍പ്പിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ പങ്കാളിയുടെ കാര്യത്തില്‍ ഗില്‍ മണ്ടത്തരം കാണിച്ചു. ബുംറ കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഫാസ്റ്റ് ബൗളര്‍മുഹമ്മദ് സിറാജാണ്. അതുകൊണ്ടു തന്നെ ബുംറയ്‌ക്കൊപ്പം ന്യൂബോള്‍ പങ്കിടേണ്ടിയിരുന്നതും അദ്ദേഹമാണ്.
പക്ഷെ ഗില്‍ കൊണ്ടു വന്നത് അരങ്ങേറ്റ മല്‍സരം കളിക്കുന്ന യുവതാരം അന്‍ഷുല്‍ കംബോജിനെയാണ്. കരിയറിലെ ആദ്യ ടെസ്റ്റില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിനു ഉറപ്പായുമുണ്ടാവും. അതോടൊപ്പം ബുംറയെപ്പോലെ ഒരു ലോകോത്തര ബൗളര്‍ക്കൊപ്പം ന്യൂബോള്‍ കൂടി ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ടാവും. കളിക്കളത്തില്‍ കണ്ടതും ഇതു തന്നെയാണ്. മെയ്ഡനുമായാണ് ബുംറ തുടങ്ങിയത്.
എന്നാല്‍ അടുത്ത ഓവറില്‍ കംബോജിന്റെ നിയന്ത്രണമില്ലാത്ത ബൗളിങ് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കെറ്റിന്റെയും സാക്ക് ക്രോളിയുടെയും സമ്മര്‍ദ്ദമകറ്റാന്‍ സഹായിച്ചു. രണ്ടാമത്തെ ബോളില്‍ തന്നെ കംബോജ് ബൗണ്ടറിയിലൂടെ അവര്‍ക്കു കളിയിലെ ആദ്യത്തെ റണ്‍സ് സംഭാവന ചെയ്തു.
അടുത്ത രണ്ടു ബോളില്‍ റണ്ണില്ലെങ്കിലും അവസാനത്തെ രണ്ടു ബോളിലും ഫോറടിച്ച ഡക്കെറ്റ് ഇംഗ്ലണ്ടിനു കുതിപ്പേകി 12 റണ്‍സാണ് ഈ ഓവറില്‍ വന്നത്. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കു ആത്മവിശ്വാസം നേടിയെടുക്കാനും ട്രാക്കില്‍ കയറാനും ഈ ഓവര്‍ മതിയായിരുന്നു.

ഏകദിന ശൈലിയിലാണ് പിന്നീട് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത്. ഏഴോവര്‍ ആവുമ്പോഴേക്കും ഇംഗ്ലണ്ട് 34 റണ്‍സിലെത്തി. ഇതോടെയാണ് കംബോജിനെ പിന്‍വലിച്ച് സിറാജിനെ ഗില്‍ കൊണ്ടുവന്നത്. പക്ഷെ അപ്പോഴേക്കും ഇംഗ്ലണ്ട് ട്രാക്കിലെത്തിയിരുന്നു.
ഏതു ബൗളര്‍ വന്നാലും തങ്ങള്‍ തയ്യാറാണെന്ന തരത്തിലാണ് ഡക്കെറ്റും ക്രോളിയും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്.ബുംറയ്‌ക്കൊപ്പം സിറാജിനെ ന്യൂബോളില്‍ പരീക്ഷിക്കുകയും ഓപ്പണര്‍മാരില്‍ ഒരാളെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞേനെ.
ഗില്‍ കാണിച്ച രണ്ടാമത്തെ അബദ്ധം കഴിഞ്ഞ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്ന വാഷിങ്ടണ്‍ സുന്ദറിന് ഒരോവര്‍ പോലും മാഞ്ചസ്റ്ററില്‍ നല്‍കിയില്ലെന്നതാണ്. ഓപ്പണിങ് വിക്കറ്റില്‍ ക്രോളി- ഡക്കെറ്റ് ജോടി 166 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിട്ടും വാഷിങ്ടണിനെ പരീക്ഷിക്കാതിരുന്നത് വലിയ മണ്ടത്തരമാണ്.
അവസാന ഇന്നിങ്‌സിലെ നാലു വിക്കറ്റ് നേട്ടം അദ്ദേഹത്തിനു വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടാവുമെന്നുറപ്പാണ്. അതു മാഞ്ചസ്റ്ററില്‍ നന്നായി പന്തെറിയാനും വാഷിങ്ടണിനെ സഹായിച്ചേനെ. പക്ഷെ ടീമിലെ അഞ്ചു ബൗളര്‍മാരെ പരീക്ഷിച്ചിട്ടും അദ്ദേഹത്തില്‍ ഗില്‍ വിശ്വാസമര്‍പ്പിച്ചില്ല.