ലോര്‍ഡ്‌സ്: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായ ശേഷമുള്ള കന്നി പരമ്പരയില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. നായകനെന്ന നിലയില്‍ ചില അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതായി കാണാം. എജ്ബാസ്റ്റണില്‍ ജയിച്ച കഴിഞ്ഞ ടെസ്റ്റിലും ഗില്ലിന്റെ ചില ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിലും അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ പാളിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ സഹായിക്കുന്ന തരത്തിലുള്ള ചില നീക്കങ്ങള്‍ ആദ്യദിനം ഗില്ലിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ കൂടുതല്‍ വിക്കറ്റുകളും ആദ്യദിനം ലഭിച്ചേനെ. നാലു വിക്കറ്റിനു 251 റണ്‍സുമായാണ് ഒന്നാംദിനം അവര്‍ കളി അവസാനിപ്പിച്ചത്.

ഗില്ലിന്റെ ക്യാപ്റ്റന്‍സി പിഴവ്
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യക്കായിരുന്നു. 14 ഓവറിനുള്ളില്‍ ഓപ്പണര്‍മാരായ ബെന്‍ ഡക്കെറ്റിനെയും (23) സാക്ക് ക്രോളിയെയും (18) ഇന്ത്യ പുറത്താക്കി. രണ്ടു പേരെയും ഒരേ ഓവറില്‍ മടക്കിയ നിതീഷ് റെഡ്ഡി ഇന്ത്യന്‍ ബൗളര്‍മാരിലെ സര്‍പ്രൈസ് ഹീറോയാവുയകയും ചെയ്തു.
അദ്ദേഹത്തേ നേരത്തേ തന്നെ ബൗളിങില്‍ പരീക്ഷിക്കാനുള്ള ശുഭ്മന്‍ ഗില്ലിന്റെ തീരുമാനവും പ്രശംസനീയമാണ്. വെറും ഒരു റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായതോടെ ഇംഗ്ലണ്ട് രണ്ടിനു 44ലേക്കു വീണു. കൂടുതല്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യക്കു കളിയില്‍ പിടിമുറുക്കാനുള്ള അവസരമായിരുന്നു അത്.
പക്ഷെ ഗില്ലിന്റെ ചില പിഴവുകള്‍ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. പരിചയ സമ്പന്നനായ ജോ റൂട്ടും യുവതാരം ഒല്ലി പോപ്പും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ടുമായി തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. ടീം സ്‌കോര്‍ 44ല്‍ ഒന്നിച്ച സഖ്യം 153ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. ഇതിനു പ്രധാന കാരണക്കാരന്‍ ഗില്‍ തന്നെയാണ്.
ബൗളിങ് റൊട്ടേഷനുകളില്‍ അദ്ദേഹം വരുത്തിയ ചില പിഴവുകള്‍ ഇംഗ്ലണ്ടിനെ സഹായിക്കുകയായിരുന്നു. പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നു മനസ്സിലായ ശേഷം ജസ്പ്രീത് ബുംറ, മുഹദ് സിറാജ് ആകാശ്ദീപ്, നിതീഷ് എന്നിവരെ തന്നെ ഗില്‍ റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ പിഴവുകളൊന്നും വരുത്താതെ റൂട്ടും പോപ്പും ഇവരെ നേരിട്ട് ടീമിനെ മുന്നോട്ടു നയിച്ചു.
ടീമിലെ വേഗമേറിയ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ ജോടിയെ വേര്‍പിരിക്കാന്‍ ഗില്ലിനായില്ല. പക്ഷെ പേസര്‍മാര്‍ ഇംപാക്ടുണ്ടാക്കുന്നില്ലെന്നു ബോധ്യമായിട്ടും ടീമിലെ സ്ലോ ബൗളര്‍മാരെ കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ലെന്നതാണ് വലിയ പിഴവ്. ഏറെ അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജ ടീമിന്റെ ഭാഗമായിരുന്നിട്ടും പരീക്ഷിച്ചു നോക്കാന്‍ ഗില്‍ ശ്രമിച്ചില്ല. ലഞ്ച് ബ്രേക്ക് വരെ ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേ ടീമിനായി പന്തെറിഞ്ഞുള്ളൂ.

ആദ്യത്തെ 47 ഓവറുകളും ബ്രേക്ക്ത്രൂവിനു വേണ്ടി ടീമിലെ പേസര്‍മാരെയാണ് ഗില്‍ ആശ്രയിച്ചത്. പക്ഷെ അതു നേടിത്തരാന്‍ നാലു പേര്‍ക്കു കഴിഞ്ഞതുമില്ല. ഒടുവില്‍ രണ്ടാം സെഷനിലെ 48ാം ഓവറിലാണ് ജഡേജയെ അദ്ദേഹം ബൗളിങില്‍ കൊണ്ടുവന്നത്. അപ്പോഴേക്കും ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 149 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. റൂട്ട് (52) ഫിഫ്റ്റി കുറിച്ചപ്പോള്‍ പോപ്പ് 42 റണ്‍സും നേടിയിരുന്നു.
പിച്ചില്‍ നിന്നും ടേണും ബൗണ്‍സുമെല്ലാം സ്പിന്നര്‍മാര്‍ക്കും ലഭിക്കുന്നുണ്ടെന്നു ജഡ്ഡുവിന്റെ ആദ്യ ഓവറില്‍ നിന്നു തന്നെ വ്യക്തമായി. ഇതോടെ അടുത്ത ഓവറില്‍ ടീമിലെ രണ്ടാം സ്പിന്നറായ വാഷിങ്ണ്‍ സുന്ദറിനെയും അദ്ദേഹം ബൗളിങിലേക്കു കൊണ്ടു വരികയും ചെയ്തു.
തന്റെ രണ്ടാം ഓവറില്‍ തന്നെ പോപ്പിനെ മടക്കിയ ജഡേജ ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂയും നേടിക്കൊടുത്തു. അല്‍പ്പം കൂടി നേരത്തേ അദ്ദേഹത്തെ ബൗളിങില്‍ കൊണ്ടുവരാന്‍ ഗില്‍ തയ്യാറായിരുന്നെങ്കില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ കൂടി കളിയില്‍ കൂടുതല്‍ ആധിപ്യം നേടാന്‍ ഇന്ത്യക്കു സാധിച്ചേനെ.