രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ മലയാളി താരവും ഓപ്പണിങ് ബാറ്ററുമായ സഞ്ജു സാംസണിന്റെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് സ്റ്റാര്‍ പേസറായ ജോഫ്ര ആര്‍ച്ചര്‍. ആദ്യത്തെ രണ്ടു ടി20കളിലും സഞ്ജുവിനെ മടക്കിയത് അദ്ദേഹമാണ്. രണ്ടു കളിയിലും വലിയ ഷോട്ടിനു തുനിഞ്ഞ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ആദ്യ ടി20യില്‍ 26 റണ്‍സെടുത്ത സഞ്ജുവിനു രണ്ടാമത്തെ കളിയില്‍ നേടാനായത് വെറും അഞ്ചു റണ്‍സ് മാത്രം.
പരമ്പരയിലെ മൂന്നാമത്തെ പോരാട്ടം നാളെ രാജ്‌കോട്ടില്‍ നടക്കാനിരിക്കെ ആര്‍ച്ചറെ മെരുക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തിയേ തീരൂ. എങ്കില്‍ മാത്രമേ വലിയൊരു സ്‌കോറുമായി ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിനു സാധിക്കുകയുള്ളൂ. പക്ഷെ ആര്‍ച്ചറുടെ ഭീഷണി എങ്ങനെ മറികടക്കാമെന്നതാണ് പ്രധാന ചോദ്യം. ഇതിനു പ്രധാനമായും രണ്ടു വഴികളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ഇവ എന്തൊക്കെയെന്നു നോക്കാം.

ആര്‍ച്ചറുടെ തന്ത്രം
ജോഫ്ര ആര്‍ച്ചറുടെ ഈ പരമ്പരയിലെ പ്രകടനത്തിലേക്കു വന്നാല്‍ സഞ്ജു സാംസണിനെതിരേ കൂടുതലും ഷോര്‍ട്ട് ബോളുകളാണ് പരീക്ഷിച്ചിട്ടുള്ളതെന്നു കാണാം. സാധാണയായി ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. ഇത്തരം ബോളുകളെ അനായാസം സിക്‌സറിലേക്കു പായിക്കാന്‍ മിടുക്കനുമാണ് സഞ്ജു.
പക്ഷെ അദ്ദേഹത്തിന്റെ ശരീരം ലക്ഷ്യമിട്ടുള്ള ഷോര്‍ട്ട് ബോളുകളാണ് ആര്‍ച്ചര്‍ കൂടുതലായും പരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ബോളുകള്‍ കളിക്കാന്‍ സഞ്ജു ശരിക്കും ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇവയെ എങ്ങനെ ഒഴിവാക്കാമെന്നാണ് പലപ്പോഴും അദ്ദേഹം ആലോചിക്കുന്നത്. മാത്രമല്ല ഇടയ്ക്കു ഓഫ്സ്റ്റംപിന് പുറത്ത് വേഗത കുറഞ്ഞ ഷോര്‍ട്ട് ബോളുമെറിഞ്ഞ് സഞ്ജുവിനെ ആര്‍ച്ചര്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
മറികടക്കാന്‍ വഴിയെന്ത് ?
ടി20 പരമ്പരയിലെ ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ രക്ഷപ്പെടാനുള്ള വഴി എന്താണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. വേഗതയേറിയ ബോളുകളല്ല സഞ്ജുവിന്റെ പ്രശ്‌നം. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരെ ഏറ്റവും നന്നായി നേരിടാന്‍ ശേഷിയുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ആര്‍ച്ചര്‍ക്കെതിരേ ബാറ്റിങില്‍ സഞ്ജുവിന്റെ സമീപനമാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കുന്നത്.
ബാറ്റിങില്‍ വേഗത കൂട്ടി ആര്‍ച്ചര്‍ക്കെതിരേ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാല്‍ അതു വിജയിക്കാനിടയില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു പാളിയതും ഇവിടെയാണ്. ഈ രീതി മാറ്റി പകരം ആര്‍ച്ചറുടെ ബോളിന്റെ വേഗത മുതലാക്കി ഷോട്ടുകള്‍ കളിക്കുകയെന്നതാണ് സഞ്ജുവിനു മുന്നിലുള്ള ഒരു വഴി. ഇതിലൂടെ പരമാവധി റണ്‍സ് ആര്‍ച്ചര്‍ക്കെതിരേ കണ്ടെത്താനും അദ്ദേഹത്തിനു കഴിയും.

രണ്ടാമത്തെ വഴിയെന്നത് ആര്‍ച്ചറുടെ ബോളുകള്‍ പരമാവധി ഒഴിവാക്കി മറ്റു ബൗളര്‍മാരെ സഞ്ജു ലക്ഷ്യമിടുകയെന്നതാണ്. സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ നിന്നും അദ്ദേഹത്തിനു പാഠമുള്‍ക്കൊള്ളാവുന്നതാണ്. അന്നു സഞ്ജുവിനെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങിള്‍ പുറത്താക്കിയത് യുവ പേസര്‍ മാര്‍ക്കോ യാന്‍സണായിരുന്നു.
പരമ്പരയിലെ ആദ്യ കളിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി തുടങ്ങിയ സഞ്ജുവിനെ അടുത്ത രണ്ടു മല്‍സരങ്ങളിലും യാന്‍സണ്‍ പൂജ്യത്തിന് ബൗള്‍ഡാക്കുകയായിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട അദ്ദേഹം അവസാന കളിയില്‍ യാന്‍സണിനെതിരേ കാര്യമായി ഷോട്ടുകള്‍ക്കു തുനിയാതെ സൗത്താഫ്രിക്കയുടെ മറ്റു ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കുകയായിരുന്നു.
ഈ പ്ലാന്‍ ക്ലിക്കാവുകയും അവസാന ടി20യില്‍ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഇനി ആര്‍ച്ചര്‍ക്കെതിരേയും ഇതേ തന്ത്രം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പരീക്ഷിക്കാവുന്നതാണ്.