ഓവല്‍: ഇംഗ്ലണ്ടുമായുളള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍. 40 ബോളില്‍ ഒരു ഫോറടക്കം 14 റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ഒന്നാം ആദ്യ സെഷനില്‍ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇന്ത്യക്കു നഷ്ടമായി. ക്രിസ് വോക്‌സിനെതിരേ കട്ട് ഷോട്ടിനു ശ്രമിച്ച രാഹുല്‍ ഇന്‍സൈഡ് എഡ്ജായ ശേഷം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഈ വിക്കറ്റ് കുറിക്കപ്പെട്ടത് വോക്‌സിന്റെ പേരിലാണെങ്കിലും അതിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ ബാറ്റിങ് പങ്കാളിയായ സായ് സുദര്‍ശനാണ്. ഇംഗ്ലണ്ടിനു ഈ വിക്കറ്റ് നേടിക്കൊടുത്തത് അദ്ദേഹമാണെന്നു നിസംശയം പറയാം. ഇതു എങ്ങനെയെന്നറിയാം.

രാഹുലിന്റെ പുറത്താവല്‍
മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 90 റണ്‍സുമായി ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് കെഎല്‍ രാഹുല്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹം നല്ല ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്. ഏഴാമത്തെ ബോളില്‍ തന്നെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഫോര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ജയ്‌സ്വാളിനെ (2) നാലാം ഓവറില്‍ തന്നെ പുറത്തായ ശേഷമാണ് സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. പതിവുപോലെ തുടക്കത്തില്‍ പതറുന്ന ശീലം സായ് ഈ കളിയിലും തെറ്റിച്ചില്ല. പല തവണ ഇംഗ്ലീഷ് ബൗളര്‍മാര്‍ സായിയെ ബീറ്റ് ചെയ്തു. സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാനാവാതെ അദ്ദേഹം ശരിക്കും വിഷമിച്ചു.
രാഹുല്‍ 11 ബോളില്‍ ഏഴു റണ്‍സുമായി വളരെ പോസിറ്റീവായി കളിക്കവെയാണ് സായിയുടെ വരവ്. അമിത പ്രതിരോധത്തിലൂന്നിയുള്ള സായിയുടെ ബാറ്റിങ് ക്രീസിന്റെ മറുഭാഗത്തുള്ള രാഹുലിനെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കി. ആദ്യത്തെ 34 ബോളില്‍ സായ് നേടിയത് വെറും എട്ടു റണ്‍സ് മാത്രമാണ്. സിംഗിളെടുക്കാനോ, രാഹുലിന് സ്‌ട്രൈക്ക് നല്‍കാനോ പലപ്പോഴും അദ്ദേഹത്തിനായില്ല.
ജോഷ് ടങെറിഞ്ഞ 13ാം ഓവറിലെ അവസാന ബോളില്‍ സായ് ഡബിളെടുത്തിരുന്നു. പക്ഷെ അടുത്ത രണ്ടോവറിലും ഒരു റണ്‍സ് പോലും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വന്നില്ല. ക്രിസ് വോക്‌സിനായിരുന്നു 14ാം ഓവര്‍.
രണ്ടാമത്തെ ബോളില്‍ രാഹുല്‍ സിംഗിളെടുത്തതൊഴിച്ചാല്‍ അടുത്ത നാലു ബോളിലും സായ് റണ്ണെടുത്തില്ല. ടങിന്റെ 15ാം ഓവറിലും സായ് തപ്പിത്തടഞ്ഞു. ആദ്യ ബോളില്‍ രാഹുല്‍ ഒരു റണ്ണെടുത്തപ്പോള്‍ ശേഷിച്ച അഞ്ചു ബോളിലും റണ്ണില്ല.

സായ് ഈ തരത്തില്‍ സിംഗിള്‍ പോലുമില്ലാതെ മുട്ടിടിച്ചത് രാഹുലിനെയും പ്രതിരോധത്തിലാക്കി. ഇതാണ് തൊട്ടടുത്ത ഓവറില്‍ അദ്ദേഹത്തിന്റെ പുറത്താവലിനു വഴിയൊരുക്കിയത്. ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് വോക്‌സെറിഞ്ഞത്. രാഹുല്‍ അല്‍പ്പം അഗ്രസീവായി അതു കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി അകത്തേക്കു വന്ന ബോള്‍ വിക്കറ്റില്‍ പതിക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ രാഹുല്‍ ഔട്ടാവേണ്ടിയിരുന്ന ബോളായിരുന്നില്ല അത്. പക്ഷെ ക്രീസിന്‍െ മറുഭാഗത്ത് (43 ബോളില്‍ 8) സായിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം കാരണം അത്തരമൊരു ഷോട്ട് കളിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
നിര്‍ഭാഗ്യവശാല്‍ അതു ദുരന്തത്തിലും കലാശിച്ചു. സായ് അല്‍പ്പം കൂടി പോസിറ്റീവായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡില്‍ ചലനം സൃഷ്ടിച്ചിരുന്നെങ്കില്‍ രാഹുല്‍ ഈ രീതിയില്‍ ഔട്ടാവില്ലായിരുന്നു.