നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 249 റണ്‍സ് വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 248 റണ്‍സിനാണ് പുറത്തായത്. 47.4 ഓവറിലാണ് ഇംഗ്ലണ്ട് കൂടാരം കയറിയത്. ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലറും (52) ജേക്കബ് ബദലുമാണ് (51) ഭേദപ്പെട്ട പ്രകടനം നടത്തിയത്. മത്സരത്തില്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ നീക്കങ്ങളെല്ലാം ഗംഭീരമായിരുന്നു.
കൃത്യമായ ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ് വിന്യാസവും ഇംഗ്ലണ്ടിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തു. മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത് ജേക്കബ് ബദലായിരുന്നു. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ബതല്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ ബദല്‍ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് തോന്നിച്ചെങ്കിലും രവീന്ദ്ര ജഡേജ ബദലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇന്ത്യയെ ഈ വിക്കറ്റ് നേട്ടത്തിലേക്കെത്തിച്ചത് നായകന്‍ രോഹിത് ശര്‍മയുടെ നീക്കമായിരുന്നു.
ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് നല്‍കാതിരുന്നതോടെ റിവ്യൂവിലൂടെയാണ് ഇന്ത്യ ബദലിന്റെ വിക്കറ്റ് നേടിയെടുത്തത്. ബദലിന്റെ വിക്കറ്റ് നേടാന്‍ നായകന്‍ രോഹിത് ശര്‍മയെടുത്ത തീരുമാനമാണ് നിര്‍ണ്ണായകമായത്.
ജഡേജക്കും രാഹുലിനും ഉറപ്പില്ലായിരുന്നു
ബദലിന്റെ വിക്കറ്റ് നേടുന്നതിനായുള്ള അപ്പീലില്‍ ബൗളര്‍ രവീന്ദ്ര ജഡേജക്കും വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ഉറപ്പില്ലായിരുന്നു. ജഡേജയുടെ പന്ത് ബദലിന്റെ ബാറ്റ് മറികടന്ന് പാഡില്‍ തട്ടിയെന്ന് ഉറപ്പായിരുന്നെങ്കിലും പന്തിന്റെ ലൈനിലായിരുന്നു സംശയം. ആദ്യത്തെ രണ്ട് ഡിആര്‍എസ് ആവശ്യവും രോഹിത് തള്ളിക്കളഞ്ഞെങ്കിലും ബദലിന്റെ ഡിആര്‍എസ് ബൗളറുടെ പൂര്‍ണ്ണ ഉറപ്പിലാതെയാണ് രോഹിത് എടുത്തത്. രാഹുലും പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്ന നിലയിലാണ് തീരുമാനമെടുത്തത്.

എന്നാല്‍ രോഹിത് ശര്‍മ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ബദലിന്റെ വിക്കറ്റ് അനുകൂലമായി ലഭിച്ചു. സ്റ്റംപിന്റെ മുകളിലാണ് പന്ത് തട്ടിയത്. ഡിആര്‍എസില്‍ പന്തിന്റെ ലൈന്‍ സ്റ്റംപിന് നേര്‍ക്കായതിനാല്‍ അനുകൂലമായി വിക്കറ്റ് വിധിക്കുകയായിരുന്നു. ഈ വിക്കറ്റ് നേട്ടം ഇന്ത്യ ആഘോഷമാക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും ചേര്‍ന്ന് വിക്കറ്റ് നേട്ടം വലിയ ആഘോഷമാക്കി. അവസാന ഓവറുകളിലെ ഇംഗ്ലണ്ടിന്റെ കടന്നാക്രമണ മോഹങ്ങളെ തകര്‍ത്ത വിക്കറ്റ് നേട്ടമായിരുന്നു ഇത്.
ഫീല്‍ഡിങ്ങില്‍ തിളങ്ങി ഇന്ത്യ
ഇന്ത്യയുടെ ഫീല്‍ഡര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഫില്‍ സാള്‍ട്ട് അടിച്ചു തകര്‍ത്താണ് കളിച്ചത്. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സാണ് സാള്‍ട്ട് നേടിയത്. താരത്തെ റണ്ണൗട്ടാക്കിയത് ശ്രേയസ് അയ്യരുടെ ഗംഭീര ഫീല്‍ഡിങ്ങാണ്. ബൗണ്ടറി ലൈനിലേക്കോടി പന്ത് പിടിച്ച് ശ്രേയസിന്റെ കിടിലന്‍ ത്രോ വിക്കറ്റ് കീപ്പര്‍ രാഹുല്‍ അനായാസമായി റണ്ണൗട്ടിലേക്കെത്തിച്ചു. ബെന്‍ ഡക്കറ്റിനെ പുറത്താക്കിയതും മനോഹരമായാണ്. ഹര്‍ഷിത് റാണയുടെ ഷോര്‍ട്ട് ബോളില്‍ ഉയര്‍ന്നു പൊങ്ങിയ പന്തിനെ യശ്വസി ജയ്‌സ്വാള്‍ ഓടി ക്യാച്ചെടുക്കുകയായിരുന്നു.
അധികം പിഴവുകളില്ലാത്ത ഫീല്‍ഡിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇതും ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ സഹായിച്ചു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ അവസാന ഓവറുകളിലടക്കം മിടുക്കുകാട്ടി. ജോഫ്രാ ആര്‍ച്ചര്‍ പേസര്‍മാരെ നന്നായി നേരിടാന്‍ തുടങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജയേയും അക്ഷര്‍ പട്ടേലിനേയും കുല്‍ദീപ് യാദവിനേയും ഉപയോഗിച്ച് ഇംഗ്ലണ്ട് വാലറ്റത്തെ പിടിച്ചുകെട്ടാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കായി. രോഹിത്തിന്റെ ഈ പ്ലാന്‍ കൃത്യമായി ഫലം കണ്ടു എന്നതാണ് എടുത്തു പറയേണ്ടത്.
ജഡേജക്ക് വമ്പന്‍ റെക്കോഡ്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലൂടെ രവീന്ദ്ര ജഡേജ ഗംഭീര റെക്കോഡാണ് നേടിയെടുത്തത്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി മാറാന്‍ ജഡേജക്ക് സാധിച്ചു. 42 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. 40 വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ റെക്കോഡാണ് മറികടന്നത്. അരങ്ങേറ്റ താരം ഹര്‍ഷിത് റാണ ഒരോവറില്‍ 26 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ പിന്നീട് മൂന്ന് വിക്കറ്റുമായി ഹര്‍ഷിത് പിന്നീട് തിരിച്ചുവന്നു. അരങ്ങേറ്റ ഏകദിനത്തില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടിയ ഏക ബൗളറായി ഹര്‍ഷിത് റാണ മാറിയിരിക്കുകയാണ്.