രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പോരാട്ടം മുറുകുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയെക്കാള്‍ 238 റണ്‍സിന് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിന് സാക്ക് ക്രോളിയുടേയും (15) ഒലി പോപ്പിന്റേയും (39) വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ ഒലി പോപ്പിന്റെ വിക്കറ്റ് ഇന്ത്യ നേടിയെടുത്തത് തന്ത്രപരമായാണ്. ഇത് വൈറലായിരിക്കുകയാണ്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ഒലി പോപ്പ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. 55 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ പോപ്പ് നിലയുറപ്പിച്ച് വരികയായിരുന്നു. അപ്പോഴാണ് ഇന്ത്യയുടെ രക്ഷകനായി സിറാജ് എത്തുന്നത്. രോഹിത് ശര്‍മയുടെ തന്ത്രമാണ് സിറാജ് നടപ്പിലാക്കിയത്.
തുടര്‍ച്ചയായി അഞ്ച് ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ സിറാജ് ആറാം പന്തില്‍ ഫുള്‍ ലെങ്ത് പന്തെറിയുകയായിരുന്നു. ഷോര്‍ട്ട് ബോള്‍ തന്നെ പ്രതീക്ഷിച്ചിരുന്ന പോപ്പിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് സിറാജിന്റെ ഫുള്‍ ലെങ്ത് പന്തെത്തുന്നത്. ഇതില്‍ പോപ്പ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ടാണ് വിളിച്ചത്. എന്നാല്‍ ഇന്ത്യ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചതോടെ അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.
എന്തായാലും രോഹിത്തും സിറാജും തമ്മില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഒടുവില്‍ വിജയത്തിലേക്കെത്തിയതെന്ന് പറയാം. ഇതിന്റെ ആഘോഷം വിക്കറ്റ് നേടിയപ്പോള്‍ ടീമിനുമുണ്ടായിരുന്നു. ഇന്ത്യക്ക് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ കടന്നാക്രമിച്ച് ഇന്ത്യക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും സാക്ക് ക്രോളിയാണ് ആക്രമിച്ചതെങ്കില്‍ ഇത്തവണ ബെന്‍ ഡക്കറ്റാണ് കടന്നാക്രമിച്ചത്. 39 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം അതിവേഗത്തിലാണ് റണ്‍സുയര്‍ത്തിയത്.

118 പന്തില്‍ 133 റണ്‍സാണ് ബെന്‍ ഡക്കറ്റ് നേടിയത്. 21 ഫോറും 2 സിക്‌സും പറത്തി താരം ക്രീസില്‍ തുടരുന്നതാണ് ഇന്ത്യക്ക് വലിയ ഭീഷണി. ഇന്ത്യ രണ്ടര സെക്ഷനില്‍ നേടിയ റണ്‍സാണ് ഒന്നര സെക്ഷന് മുമ്പ് ഇംഗ്ലണ്ട് നേടിയെടുത്തത്. അത്രത്തോളം ആക്രമണോത്സക ബാറ്റിങ്ങാണ് അവര്‍ കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ട് ഇതേ ശൈലി തന്നെ വരുന്ന ദിവസവും തുടര്‍ന്നേക്കും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
പിച്ച് ഫ്‌ളാറ്റായതിനാല്‍ ബാറ്റിങ്ങിന് അനുകൂലമാണ്. സ്പിന്നര്‍മാര്‍ക്ക് വലിയ ടേണോ പേസര്‍മാര്‍ക്ക് ബൗണ്‍സോ പിച്ചില്‍ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കുക ഇന്ത്യക്ക് പ്രയാസമാവും. വമ്പനടിക്കാരായ താരങ്ങളുടെ നീണ്ട നിരയാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവരാണ്.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇവരെ പിടിച്ചുകെട്ടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത. 550ന് മുകളിലേക്ക് സ്‌കോര്‍ പോകേണ്ട പിച്ചായിരുന്നു രാജ്‌കോട്ട്. എന്നാല്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 33 റണ്‍സിനിടെ 3 വിക്കറ്റാണ് നഷ്ടമായത്. യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സിലും ശുബ്മാന്‍ ഗില്‍ ഡെക്കിലും രജത് പാട്ടീധാര്‍ 5 റണ്‍സിലും പുറത്തായി. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ രക്ഷിച്ചത് രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്.
രോഹിത് 131 റണ്‍സും ജഡേജ 112 റണ്‍സുമാണ് നേടിയത്. സര്‍ഫറാസ് ഖാന്‍ 62 റണ്‍സും ദ്രുവ് ജുറേല്‍ 46 റണ്‍സും നേടി. ആര്‍ അശ്വിന്‍ നിര്‍ണ്ണായകമായ 37 റണ്‍സും ജസ്പ്രീത് ബുംറ 26 റണ്‍സും നേടി. ഇതാണ് 445 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാല്‍ ഈ പിച്ചില്‍ ഇത് ചെറിയ സ്‌കോറാണെന്ന് പറയാം.