ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും തന്ത്രശാലിയായ താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പലപ്പോഴും ക്യാപ്റ്റന്‍മാര്‍ക്കു പോലും തോന്നാത്ത ഐഡിയകള്‍ അദ്ദേഹം കളിക്കളത്തില്‍ പുറത്തെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു സര്‍പ്രൈസ് തന്ത്രവുമായി ഇന്ത്യയെ രക്ഷിച്ചിരിക്കുകയാണ് അദ്ദേഹം.
ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും സമാനമായ ഒരു മാസ്റ്റര്‍സ്‌ട്രോക്ക് പുറത്തെടുത്തിരിക്കുകയാണ് റിഷഭ്. വെടിക്കെട്ട് ഇന്നിങ്‌സുമായി ഹാരി ബ്രൂക്ക് ഇന്ത്യയില്‍ നിന്നു മല്‍സരം തട്ടിയകറ്റവെയായിരുന്നു ഇത്. ബ്രൂക്കിനെ വീഴ്ത്താന്‍ റിഷഭ് പയറ്റിയ തന്ത്രം എന്താണെന്നു നോക്കാം.

റിഷഭിന്റെ തന്ത്രമിങ്ങനെ
ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയ താരം ഹാരി ബ്രൂക്കായിരുന്നു. ടി20 ശൈലിയില്‍ തകര്‍ത്തടിച്ച അദ്ദേഹം ജസ്പ്രീത് ബുംറയുള്‍പ്പെടെ എല്ലാവരെയും കടന്നാക്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ പല ബൗളര്‍മാരെയും മാറി മാറി പരീക്ഷിച്ചെങ്കിലും ബ്രൂക്കിന്റെ പ്രഹരശേഷി ഒട്ടും കുറഞ്ഞില്ല.
മുഹമ്മദ് സിറാജെറിഞ്ഞ 86ാമത്തെ ഓവറില്‍ 18 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഇംഗ്ലണ്ട് ടീം അനായാസം റണ്‍സ് വാരിക്കൂട്ടവെ അതു തടയേണ്ടത് വളരെ പ്രധാനമായിരുന്നു. അവരുടെ സ്‌കോറിങിന്റെ ഒഴുക്ക് തടയുകയെന്നതു മാത്രമായിരുന്നു ഏക വഴി. ഈ സമയത്താണ് റിഷഭ് പന്ത് തന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് പുറത്തെടുത്തത്.
സിറാജെറിഞ്ഞ 86ാം ഓവറിനു പിന്നാലെ താരം മെഡിക്കല്‍ സംഘത്തെ ഗ്രൗണ്ടിലേക്കു വിളിപ്പിക്കുകയായിരുന്നു. അവരെത്തി അല്‍പ്പസമയം റിഷങിനെ പരിശോധിച്ചതോടെ കളിയില്‍ ബ്രേക്കും വന്നു. ഇന്ത്യന്‍ ടീമിന് അപ്പോള്‍ ഏറ്റവുമധികം ആവശ്യവും ഇത്തരമൊരു ബ്രേക്ക് തന്നെയായിരുന്നു.
ചെറിയൊരു ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ബുംറയാണ് പന്തെറിയാനെത്തിയത്. ഈ ഓവറില്‍ ഫോറുള്‍പ്പെടെ എട്ടു റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ഓവറിലെ മുഴുവന്‍ ബോളുകളും നേരിട്ടത് ക്രിസ് വോക്‌സാണ്. സിറാജിനെ പിന്‍വലിച്ച് അടുത്ത ഓവറില്‍ മറ്റൊരു പേസറായ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ കൊണ്ടുവന്നു.
ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ ബ്രൂക്കിനെ അദ്ദേഹം മടക്കി. 99ല്‍ നില്‍ക്കവെ പ്രസിദ്ധിന്റെ ബൗണ്‍സറിനെതിരേ ഷോട്ടിനു ശ്രമിച്ച താരത്തിനു പിഴച്ചു. ടോപ് എഡ്ജായ ബോള്‍ ലോങ്‌ലെഗില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ പിടികൂടുകയായിരുന്നു. ഇതു കണ്ട് ഞെട്ടലോടെ നിന്ന ബ്രൂക്ക് നിരാശനായി ഗ്രൗണ്ട് വിടുകയും ചെയ്തു.

നേരത്തേ കളിയില്‍ റിഷഭ് മനപ്പൂര്‍വ്വം കൊണ്ടു വന്ന ബ്രേക്ക് തന്നെയാണ് ബ്രൂക്കിന്റെ താളം തെറ്റിച്ചതെന്നു പറയാം. അതിനു മുമ്പ് വരെ വളരെ അനായാസം ഇന്ത്യന്‍ ബൗളിങിനെ തല്ലിത്തകര്‍ത്ത് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇതു മുന്നില്‍ കണ്ട് തന്നെയാണ് ബ്രൂക്കിനെ കുടുക്കാന്‍ ബ്രേക്കെന്ന തന്ത്രം റിഷഭ് പയറ്റിയത്. ഇതു വിജയം കാണുകയും ചെയ്തു.
ഇതാദ്യമായല്ല എതിരാളികളുടെ താളം തെറ്റിക്കുകയെന്ന ലക്ഷ്യത്തോടെ റിഷഭ് ഈ തരത്തില്‍ കളിയില്‍ ബ്രേക്ക് കൊണ്ടുവരുന്നത്. കളിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹം സമാനമായ അടവ് പയറ്റിയിരുന്നു.
അന്നു ഹെന്‍ട്രിച്ച് ക്ലാസെന്‍ വെടിക്കെട്ട് ഇന്നിങ്സുമായു സൗത്താഫ്രിക്കയെ ജയത്തിലേക്കു നയിക്കവെ പരിക്കേറ്റ് വീണ റിഷഭ് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചതിനു പിന്നാലെ ക്ലാസെന്‍ പുറത്താവുകയും മല്‍സരം ഇന്ത്യ ജയിക്കുകയുമായിരുന്നു.