ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിങുമായി പിടിമുറുക്കിയിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീം. ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യ ദിനം മൂന്നു വിക്കറ്റിനു 359 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഗില്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (101) സെഞ്ച്വറി കണ്ടെത്തിയിരുന്നു.
വളരെ അഗ്രസീവായാണ് ഗില്‍ ബാറ്റ് വീശിയതെന്നു കാണാം. 175 ബോളിലാണ് അദ്ദേഹം 127 റണ്‍സോടെ പുറത്താവാതെ ക്രീസിലുള്ളത്. 72.57 സ്‌ട്രൈക്ക് റേറ്റും ഇന്ത്യന്‍ നായകനുണ്ട്. 65 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഗില്ലിനൊപ്പം ക്രീസിലുള്ളത്. പ്രഹരശേഷിയില്‍ ഗില്ലിനു താഴെയാണ് റിഷഭെന്നതാണ് (63.73) കൗതുകകരമായ കാര്യം. സാധാരണയായി നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്.
ബാറ്റിങിനിടെ ആദ്യദിനം ഗില്ലിനു റിഷഭ് നല്‍കിയ ഒരു ഉപദേശത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കവെയാണ് ഗില്ലിനോടു ബാറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് നിര്‍ണായക ഉപദേശം നല്‍കിയത്.

റിഷഭിന്റെ ഉപദേശമെന്ത്?
ആദ്യദിനം അവസാന സെഷനിലാണ് ശുഭ്മന്‍ ഗില്‍ കൂടുതല്‍ അഗ്രസീവായി ഷോട്ട് കളിക്കവെ റിഷഭ് പന്ത് ഉപദേശിച്ചത്. ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ ഷുഐബ് ബഷീറിനെതിരേ ക്രീസിനു പുറക്കേറിറങ്ങി അദ്ദേഹം ഒരു ഷോട്ട് കളിച്ചതിനു പിന്നാലെയായിരുന്നു റിഷഭിന്റെ ഇടപെടല്‍.
ഒരു ഫുള്ളര്‍ ലെങ്ത്ത് ബോളിനെതിരേ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ ഗില്‍ ഡ്രൈവിനു തുനിയുകയായിരുന്നു. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. അല്‍പ്പമൊന്നു ഉയര്‍ന്ന ബോള്‍ ഇംഗ്ലീഷ് ഫീല്‍ഡര്‍മാരില്ലാത്ത ഇടത്തു പതിച്ചതിനാല്‍ അപകടമൊഴിവായി. പിന്നാലെയായിരുന്നു ഹിന്ദിയില്‍ റിഷഭിന്റെ ഉപദേശം.
ശുഭ്മന്‍ ഗില്ലിനെ ഉപദേശിക്കുന്ന റിഷഭ് പന്ത്, വീഡിയോ കാണാം
ക്രീസിനു പുറത്തേക്കിറങ്ങി കളിക്കുന്നുണ്ടെങ്കില്‍ ഷോട്ടുകള്‍ താഴേക്കു കളിക്കൂ. ആ ഷോട്ട് അല്‍പ്പം ഉയര്‍ന്നു പോയി. ക്യാച്ചായി മാറാനിടയുണ്ടായിരുന്നുവെന്നാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നിന്നും ഗില്ലിനോടു റിഷഭ് വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഈ വീഡിയോ പങ്കു വച്ചിട്ടുള്ളത്.

റിഷഭിന്റെ പ്രകടനം
സ്ഥിരം അഗ്രസീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പക്വതയുള്ള ഇന്നിങ്‌സാണ് റിഷഭ് പന്ത് ആദ്യദിനം കാഴ്ചവച്ചത്. അനാവശ്യ റിസ്‌ക്കുകളെടുക്കാതെ ആങ്കറുടെ റോളില്‍ ബാറ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതു ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന നായകന്‍ ശുഭ്മന്‍ ഗില്ലിനെ കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ സഹായിക്കുകയുമായിരുന്നു.
അവസാന സെഷനുകളില്‍ മാത്രമാണ് റിഷഭ് തന്റെ അറ്റാക്കിങ് ശൈലിയിലേക്കു തിരിച്ചുവരികയും വലിയ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങുകയും ചെയ്തത്. 102 ബോളിലാണ് 65 റണ്‍സുമായി അദ്ദേഹം ക്രീസില്‍ നില്‍ക്കുന്നത്. ആറു ഫോറും രണ്ടു സിക്‌സറുകളും ഇന്നിങ്‌സിലുണ്ട്.
ശുഭ്മന്‍ ഗില്ലിനൊപ്പാം നാലാം വിക്കറ്റില്‍ 138 റണ്‍സ് ടീം ടോട്ടലിലേക്കു റിഷഭ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 198 ബോളുകളില്‍ നിന്നാണിത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ ഇനി തന്റെ സെഞ്ച്വറി കണ്ടെത്താനായിരിക്കും റിഷഭിന്റെ ശ്രമം.