ലീഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ തന്റെ ഏഴയലത്തു നില്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്നു അടിവരയിട്ടിരിക്കുകയാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടുമായുളള ഒന്നാം ടെസ്റ്റിന്റ രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേട്ടവുമായി ചരിത്രം കുറിച്ചിരിക്കുയാണ് അദ്ദേഹം. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമായി റിഷഭ് (134 & 118) മാറിയിരിക്കുകയാണ്.
കൂടാതെ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. സിംബാബ്‌വെയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ആന്‍ഡി ഫ്‌ളവറിനു മാത്രമേ നേരത്തേ ഈ അപൂര്‍വ്വനേട്ടം കുറിക്കാന്‍ സാധിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ തന്റെ സ്ഥാനം ഇനിയാരും മോഹിക്കേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ പ്രകടനത്തോടെ റിഷഭ് നല്‍കിയിരിക്കുന്നത്.
ലീഡ്‌സ് ടെസ്റ്റിലെ ചരിത്രനേട്ടത്തോടെ ഒറ്റയടിക്ക് മൂന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ടെസ്റ്റ് മോഹം കൂടിയാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. താന്‍ ടീമില്‍ തുടരുന്നിടത്തോളം കാലം പ്ലെയിങ് ഇലവനിലേക്കു ആര്‍ക്കും പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് റിഷഭ് നല്‍കിയത്.

ജുറേല്‍ സ്ഥിരം വാട്ടര്‍ ബോയ്
നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ റിഷഭ് പന്ത് കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ ഫേവറിറ്റാണ് യുവതാരം ധ്രുവ് ജുറേല്‍. അവസരം ലഭിച്ചപ്പോഴെ്ല്ലാം മികച്ച പ്രകടനം നടത്തിയിട്ടും റിഷഭ് പന്തെന്ന മാച്ച് വിന്നറുടെ സാന്നിധ്യം കാരണം വാട്ടര്‍ ബോയ് അദ്ദേഹം ഒതുങ്ങിയിരിക്കുകയാണ്. ഇനിയുമേറെ കാലം ഈ റോള്‍ കൊണ്ടു തന്നെ ജുറേലിനു തൃപ്തിപ്പെടേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.
റിഷഭിനു വിശ്രമം നല്‍കുകയോ, പരിക്കേറ്റ് പുറത്താവുകയോ ചെയ്താല്‍ മാത്രമേ ഇനി ജുറേലിനു നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് എ ടീം ഇവിടെ റെഡ് ബോള്‍ പരമ്പര കളിച്ചിരുന്നു. രണ്ടു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നിങ്‌സുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി കസറിയ താരമാണ് ജുറേല്‍.
എന്നിട്ടും ലീഡ്‌സ് ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം അവസാനമായി കളിച്ച ഐപിഎല്ലില്‍ ഫ്‌ളോപ്പായിട്ടും റിഷഭിനെ ഉള്‍പ്പെുത്താന്‍ കാരണം ഈ ഫോര്‍മാറ്റില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ടാണ്. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികളുമായി ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച പ്രതീക്ഷള്‍ റിഷഭ് കാക്കുകയും ചെയ്തു.
ഇഷാന് മടങ്ങിവരവില്ല, സഞ്ജുവിന് അരങ്ങേറ്റവും
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടും സ്ഥാനം നിലനിര്‍ത്താനാവാതെ പുറത്തു പോവേണ്ടി വന്നയാളാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. എങ്കിലും ടെസ്റ്റ്ിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷകള്‍ ഇടംകൈയന്‍ ബാറ്റര്‍ കൈവിട്ടിട്ടില്ല. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഇത്തവണ കളിക്കാനുള്ള ഇഷാന്റെ നീക്കവും ശരിവയ്ക്കുന്നത് ഇതു തന്നെയാണ്.

പക്ഷെ ആഭ്യന്തര ക്രിക്കറ്റിലും മറ്റു വിദേ ലീഗുകളിലും മിന്നിച്ചാലും ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് അസാധ്യം തന്നെയായിരിക്കും. റിഷഭ് പന്ത് അവിടെ തലയെടുപ്പോടെ നില്‍ക്കുകയും ധ്രുവ് ജുറേല്‍ നിഴല്‍ പോലെ തൊട്ടു പിന്നിലുമുള്ളപ്പോള്‍ ഇഷാന്റെ ടെസ്റ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു തന്നെ പറയേണ്ടി വരും.
ടെസ്റ്റില്‍ അരങ്ങേറുകയെന്ന മോഹവുമായി രംഗത്തുള്ള സഞ്ജു സാംസണിനും അതൊരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞേക്കില്ല. റിഷഭ് ഈ തരത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത സഞ്ജു ഒരിക്കല്‍പ്പോലും ചിത്രത്തില്‍ തന്നെയുണ്ടാവില്ല.
റിഷഭ് ഇനി പരിക്കേറ്റ് പുറത്തായാലും ജുറേലും ഇഷാനും കഴിഞ്ഞ് മാത്രമേ സഞ്ജുവിന്റെ പേര് വരികയുള്ളൂ. അതുകൊണ്ടു തന്നെ തല്‍ക്കാലം ടെസ്റ്റ് സ്വപ്‌നം മറന്ന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവും അദ്ദേഹത്തിനു ബെസ്റ്റ്.