ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടു വിക്കറ്റുകളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഒരു സമയത്ത് കെഎല്‍ രാഹുല്‍-റിഷഭ് പന്ത് ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മികച്ച ലീഡ് തന്നെ ഇന്ത്യക്കു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെറും ആറു റണ്‍സിനിടെ രണ്ടു പേരെയും മടക്കി ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഇംഗ്ലണ്ടിനെ ഈ തരത്തില്‍ കളിയിലേക്കു തിരികെ വരാന്‍ സഹായിച്ചതിനു പ്രധാന കാരണക്കാരന്‍ രാഹുലാണ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഗുരുതരമായ ഒരു പിഴവിനു വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നത്. കളിയിലെ ടേണിങ് പോയിന്റായി മാറിയ ആ സംഭവത്തെക്കുറിച്ചറിയാം.

രാഹുല്‍ ചെയ്ത തെറ്റ്
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാംദിനം ആദ്യസെഷനില്‍ കെഎ്ല്‍ രാഹുലും റിഷഭ് പന്തും ചേര്‍ന്ന് നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ടീം ടോട്ടല്‍ മൂന്നിന് 107ല്‍ നില്‍ക്കെ രണ്ടാംദിനം അവസാന സെഷനിലാണ് ഈ ജോടി ക്രീസില്‍ ഒരുമിച്ചത്. മൂന്നാംദിനം ആദ്യ സെഷനിലും ഈ കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയ ഈ സഖ്യം ഇംഗ്ലണ്ടിനെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തന്റെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും രാഹുല്‍- റിഷഭ് ജോടിയെ പിരിക്കാനായില്ല. എന്നാല്‍ ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പുള്ള ഓവറില്‍ ഇന്ത്യന്‍ ടീം ഭയപ്പെട്ടതു തന്നെ സംഭവിച്ചു. മല്‍സരഗതിക്കു വിപരീതമായി റിഷഭിന്റെ വിക്കറ്റ് അവര്‍ക്കു വീണു കിട്ടുകയായിരുന്നു. ഇതിനു സഹായിച്ചതാവട്ടെ രാഹുലുമാണ്.
സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ എറിഞ്ഞ 66ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. രാഹുല്‍ 97 റണ്‍സിലും റിഷഭ് 74ലുമാണ് ഈ ഓവര്‍ ആരംഭിച്ചത്. ഇന്ത്യയാവട്ടെ മൂന്നിനു 247 റണ്‍സെന്ന ശക്തമായ നിലയിലുമായിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പുള്ള അവസാന ഓവറായിരുന്നു ഇത്. ബ്രേക്കിനു മുമ്പ് രാഹുല്‍ സെഞ്ച്വറി തികയ്ക്കുമോയെന്നു മാത്രമാണ് അറിയാനുണ്ടായിരുന്നത്.
ഓവറിലെ ആദ്യ ബോളില്‍ സിംഗിളോടെ രാഹുല്‍ 98ലെത്തി. അടുത്ത ബോളില്‍ റിഷഭിനു റണ്ണൊന്നുമില്ല. മൂന്നാമത്തെ ബോള്‍ റിഷഭ് ഓഫ് സൈഡിലേക്കു ഡിഫന്‍ഡ് ചെയ്തു. അവിടെ ഫീല്‍ഡറായി സ്റ്റോക്‌സ് നിലയുറപ്പിച്ചതിനാല്‍ ഒരു സിംഗിള്‍ യഥാര്‍ഥത്തില്‍ ഇല്ലായിരുന്നു. പക്ഷെ ബ്രേക്കിനു മുമ്പ് തന്റെ സെഞ്ച്വറിക്കായി റിഷഭിനെ രാഹുല്‍ കോള്‍ ചെയ്തു.ആദ്യമൊന്നു ശങ്കിച്ചു നിന്ന റിഷഭ് പിന്നീട് സിംഗിളിനായി ഓടി.

എന്നാല്‍ സ്‌റ്റോക്‌സിന്റെ കിടിലന്‍ ത്രോ റിഷഭ് എത്തും മുമ്പ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റില്‍ പതിച്ചിരുന്നു. ഇതോടെ 141 റണ്‍സിന്റെ വലിയ കൂട്ടുകെട്ട് കൂടിയാണ് അവസാനിച്ചത്. റിഷഭ് തലതാഴ്ത്തി നിരാശനായി ക്രീസ് വിടുകയും ചെയ്തു. രാഹുല്‍ ആ സിംഗിള്‍ തടഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു.
വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ലഞ്ച് ബ്രേക്കിനു മുമ്പ് കളി അവസാനിപ്പിക്കാനും ഇന്ത്യക്കു സാധിച്ചേനെ. പക്ഷെ ബ്രേക്കിനു മുമ്പ് സെഞ്ച്വറിക്കായി രാഹുല്‍ ധൃതി കാണിച്ചു കാരണം റിഷഭിന്റെ വിക്കറ്റ് ഇന്ത്യക്കു ബലി കഴിക്കേണ്ടിയും വന്നു.
ബ്രേക്കിനു ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ റിഷഭ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിലേക്കു ഒരു റണ്‍സ് പോലും അധികം ചേര്‍ക്കാനാവാതെ അടുത്ത ഓവറിലെ ആദ്യ ബോളില്‍ രാഹുല്‍ (100) പുറത്താവുകയും ചെയ്തു. ഇതോടെ മൂന്നിന് 247ല്‍ നിന്നും ഇന്ത്യ അഞ്ചിനു 254ലേക്കു വീഴുകയും ചെയ്തു.