ലീഡ്‌സ്: പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനു സര്‍പ്രൈസ് തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ബാറ്റിങിലെ നെടുംതൂണുകളും ഇതിഹാസ താരങ്ങളുമായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാതെ എത്തിയ ടീം ഇന്ത്യ വന്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍.
എന്നാല്‍ ഒന്നാമങ്കത്തില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ യുവനിര കാഴ്ചവയ്ക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്. ആദ്യദിനം മൂന്നു വിക്കറ്റിനു 359 റണ്‍സെടുത്ത ഇന്ത്യന്‍ ടീം രണ്ടാംദിനവും നന്നായി തന്നെ തുടങ്ങിയിരിക്കുകയാണ്.
96 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 400 പിന്നിട്ടു കഴിഞ്ഞു. നഷ്ടമായത് മൂന്നു വിക്കറ്റുകള്‍ തന്നെയാണ്. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ എത്ര റണ്‍സാണ് ഇന്ത്യക്കു ആവശ്യമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

എത്ര റണ്‍സ് വേണം?
ലീഡ്‌സിലെ ഒന്നാമങ്കത്തില്‍ പിടിമുറുക്കാന്‍ 500 പ്ലസ് റണ്‍സെങ്കിലും ഇന്ത്യന്‍ ടീം നേടേണ്ടതുണ്ടെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. ഇംഗ്ലണ്ടിനെ ഈ ടെസ്റ്റില്‍ സമ്മര്‍ദ്ദത്തിലാക്കണമെങ്കില്‍ 500-550 റണ്‍സെങ്കിലും ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ സ്‌കോര്‍ ചെയ്യണം.
ഇംഗ്ലണ്ടിനു മികച്ച ബാറ്റര്‍മാരുണ്ട്. എന്നാല്‍ എതിരാളികള്‍ 500 പ്ലസ് റണ്‍സ് നേടുകയാണെങ്കില്‍ അതു നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ പൊസിഷനില്‍ എത്തിച്ചിരിക്കുകയാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ടീം നേടിയ 359 റണ്‍സെന്നത് ഒരു മോശം സ്‌കോറല്ല. ഇന്ത്യയുടെ നേരത്തേയുള്ള പല ടീമുകള്‍ക്കും ഇതു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പണര്‍മാര്‍ ഇത്തവണ ടീമിനു ശക്തമായ അടിത്തറയിട്ടു. മറ്റുള്ളവര്‍ ലീഡ്‌സില്‍ ഇതു മുതലാക്കിയെന്നും അദ്ദേഹം പറയുന്നു.
ലീഡ്‌സിലെ റെക്കോര്‍ഡ്
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇംഗ്ലണ്ടില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള വേദികളിലൊന്നാണ് ലീഡ്‌സ്. ഇവിടെ ഇതുവരെ ഏഴു റെഡ് ബോള്‍ മാച്ചുകളാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ നാലെണ്ണവും ജയിച്ചത് ഇംഗ്ലണ്ടാണ്. ഇന്ത്യ രണ്ടു ടെസ്റ്റുകളില്‍ വിജയ കൊയ്തപ്പോള്‍ ഒന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

1952ലായിരുന്നു ആദ്യമായി ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ ഇന്ത്യ ടെസ്റ്ര് കളിച്ചത്. ഇതില്‍ പരാജയം രുചിക്കുകയും ചെയ്തു. ഏറ്റവും അവസാനമായി 2021ലെ അവസാന ഇംഗ്ലീഷ് പര്യടനത്തിലായിരുന്നു ഇവിടെ ഇന്ത്യ അങ്കത്തിനിറങ്ങിയത്. വിരാട് കോലി നയിച്ച ടീം വലിയ പരാജയം അന്നു ഏറ്റുവാങ്ങുകയും ചെയ്തു.
അതേസമയം, ലീഡ്‌സില്‍ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ 81 മല്‍സരങ്ങള്‍ ഇവിടെ ഇതിനകം നടന്നിട്ടുണ്ട്. ഇതില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് 34 ടെസ്റ്റുകളില്‍ ജയിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീമിനു ജയിക്കാനായത് 29 മല്‍സരങ്ങളിലുമാണ്. 18 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ഈ വേദിയില്‍ ഒരു താരത്തിന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ അവകാശി ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ്. 1930ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 334 റണ്‍സാണ്. ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ഓസ്‌ട്രേലിയയുടെ പേരിലാണ്. 1993ല്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 653 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുമായാണ് അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.