ഓവല്‍: ബൗളര്‍മാര്‍ അരങ്ങുവാഴുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. മല്‍സരം എന്തായാലും അഞ്ചാംദിനക്കിലേക്കു കടക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പൂര്‍ത്തിയായ രണ്ടു ദിവസത്തിനിടെ ഇന്ത്യ രണ്ടു തവണയും ഇംഗ്ലണ്ട് ഒരു തവണയും ബാറ്റ് ചെയ്തു കഴിഞ്ഞു.
21 വിക്കറ്റുകളാണ് വെറും രണ്ടു ദിവസം കൊണ്ട് ഓവലില്‍ വീണത്. ഇതോടെ ഇവിടെ ഇംഗ്ലണ്ടിനു റണ്‍ചേസ് പ്രതീക്ഷിച്ചതു പോലെ എളുപ്പമാവില്ലെന്നാണ് വ്യക്തമാവുന്നത്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്.
52 റണ്‍സിന്റെ മോശമല്ലാത്ത ലീഡാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഇപ്പോഴുള്ളത്. ഈ പിച്ചില്‍ എത്ര റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാനായാല്‍ ഇന്ത്യക്കു ജയിക്കാമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതേക്കുറിച്ച് പരിശോധിക്കാം.

വിജയിക്കാന്‍ എത്ര റണ്ണെടുക്കണം?
ചരിത്രപരമായി നോക്കിയാല്‍ ടെസ്റ്റില്‍ റണ്‍ചേസ് ഏറെ ദുഷ്‌കരായ ഗ്രൗണ്ടാണ് ഓവലിലേതെന്നു പറയാം. ഇതു ടീം ഇന്ത്യക്കു തീര്‍ച്ചയായും വിജയപ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ 265 റണ്‍സ് പോലും ഒരു ടീമും വിജയകരമായി ചേസ് ചെയ്തു ചെയ്തു ജയിച്ചിട്ടില്ല.
ഓവലില്‍ ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ 52 റണ്‍സിന്റെ ലീഡ് ഇന്ത്യ കൈക്കലാക്കി കഴിഞ്ഞു. 260 എന്ന മാര്‍ജിന്‍ കടക്കാന്‍ ശുഭ്മന്‍ ഗില്ലിനും കൂട്ടര്‍ക്കും ഇനി 210 റണ്‍സ് മാത്രമേ ആവശ്യമുള്ളൂ. എട്ടു വിക്കറ്റുകള്‍ കൈവശമുണ്ടെന്നതിനാല്‍ രണ്ടോ, മൂന്നോ മികച്ച കൂട്ടുകെട്ടുകളുണ്ടായാല്‍ ഈ ടോട്ടലിലേക്കു എത്തുക ഒട്ടും ബുദ്ധിമുട്ടേറിയ കാര്യമല്ലെു നിസംശയം പറയാം.
ഓവലിലെ റെക്കോര്‍ഡ്
ഓവലിലെ ടെസ്റ്റ് റെക്കോഡിലേക്കു വന്നാല്‍ ഇവിടെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് നടത്തിയിട്ടുള്ള ടീം ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ്. 1902ല്‍ ഓസ്‌ട്രേലിയക്കെതിരേ 263 റണ്‍സ് അവര്‍ ചേസ് ചെയ്തു ജയിച്ചതാണ് ഈ ഗ്രൗണ്ടിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരേ അന്നു ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ ഇതു മറികടന്നത്.
രണ്ടാമത്തെ മികച്ച റണ്‍ചേസ് വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണ്. 1963ല്‍ ഇംഗ്ലണ്ടിനെതിരേ 253 റണ്‍സ് അവര്‍ ചേസ് ചെയ്തു ജയിച്ചിരുന്നു. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇത്. ഈ രണ്ടു റണ്‍ചേസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഓവലില്‍ 250 പ്ലസ് റണ്‍സ് ഒരിക്കലും വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടില്ല.
ഓവലില്‍ മികച്ച മൂന്നാമത്തെ റണ്‍ചേസ് നത്തിയ ടീം ഓസ്‌ട്രേലിയയാണ്. 1972ലാണിത്. ഇംഗ്ലണ്ടിനെതിരേ അവര്‍ അന്നു ചേസ് ചെയ്തു ജയിച്ചത് 242 റണ്‍സാണ്. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണിത്. 1988ല്‍ ഇംഗ്ലണ്ടിനെതിരേ 225 റണ്‍സ് വെസ്്റ്റ് ഇന്‍ഡീസ് ചേസ് ചെയ്തു ജയിച്ചതാണ് ലിസ്റ്റില്‍ അടുത്തത്. രണ്ടു വിക്കറ്റുകള്‍ മാത്രമേ അവര്‍ക്കു നഷ്ടമായുള്ളൂ.
ഏറ്റവും മികച്ച നാലു വിജയകരമായ റണ്‍ചേസുകളെടുത്താല്‍ അതില്‍ ഒന്നു പോലും 2000ത്തിനു ശേഷമുണ്ടായിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. റണ്‍ചേസ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുള്ളത് ശ്രീലങ്കയാണ്. ഇംഗ്ലണ്ടിനെതിരേ 219 റണ്‍സ് ചേസ് ചെയതു ജയിച്ചാണ് അവര്‍ എലൈറ്റ് ലിസ്റ്റിലെത്തിയത്. ഇതാവട്ടെ കഴിഞ്ഞ വര്‍ഷവുമാണ്.

അതിനു ശേഷം ആറും ഏഴും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ഇംഗ്ലണ്ടാണ്. 1992ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 204 റണ്‍സും 2008ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെ 197 റണ്‍സും ഇംഗ്ലണ്ട് ഇവിടെ ചേസ് ചെയ്തു ജയിച്ചിരുന്നു.
ഇനി ഇപ്പോള്‍ നടക്കുന്ന ഓവല്‍ ടെസ്റ്റിലേക്കു വന്നാല്‍ 250ന് മുകളിലുള്ള ലീഡ് ഇന്ത്യയെ സംബന്ധിച്ച് സുരക്ഷിതമാണെന്നു പറയാം. എങ്കിലും 300 പ്ലസ് റണ്‍സിന്റെയെങ്കിലും വിജയക്ഷ്യം ഇം്ഗ്ലണ്ടിനു മുന്നില്‍ വയ്ക്കാനായാല്‍ ഇന്ത്യക്കു വിജയമുറപ്പാക്കാം. ലീഡ് 50 റണ്‍സ് പിന്നിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യ നോട്ടമിടുന്നതും അതു തന്നെയായിരിക്കും.