ലോര്‍ഡ്‌സ്: മൂന്നാം ക്രിക്ക് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ ഇരട്ടപ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. നാലാം ദിനം ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ 14 ഓവറുകള്‍ക്കിടെ തന്നെ ഇന്ത്യ പിഴുതു കഴിഞ്ഞു. രണ്ടു പോക്കറ്റിലാക്കിയത്് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്. ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് (22), മൂന്നാമനായെത്തിയ ഒല്ലി പോപ്പ് (4) എന്നിവരെയാണ് ഇന്ത്യ മടക്കിയത്.
രണ്ടു വിക്കറ്റുകള്‍ പിഴുത് തീപ്പൊരി ബൗളിങാണ് സിറാജ് കാഴ്ചവയ്ക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ വലിയൊരു പിഴവ് കാരണം നായകന്‍ ശുഭ്മന്‍ ഗില്ലിനും ടീം ഇന്ത്യക്കും എട്ടിന്റെ പണി തന്നെ കിട്ടുകയും ചെയ്തു. കളി മുന്നോട്ടു പോകവെ ഇതു ടീമിനു വലിയ തിരിച്ചടിയായി മാറിയേക്കുകയും ചെയ്യും. സിറാജ് കാണിച്ച ഈ മണ്ടത്തരം എന്താണെന്നറിയാം.

സിറാജ് വീണ്ടും 'പറ്റിച്ചു'
ഇന്ത്യന്‍ നിരയിലെ നിലവിലെ ബൗളര്‍മാരില്‍ സ്വന്തം ബൗളിങിനു ശേഷം ഏറ്റവുമധികം റിവ്യു എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താറുള്ള താരങ്ങളിലൊരാളാണ് മുഹമ്മദ് സിറാജ്. ലോര്‍ഡ്‌സ് ടെസ്റ്റിലും അദ്ദേഹം ഇതു ആവര്‍ത്തിക്കുകയും ചെയ്തു. നാലാംദിനത്തിലെ നാലാമത്തെ ഓവറില്‍ തന്നെയായിരുന്നു സംഭവം.
വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് നാലാം ഓവര്‍ ഇംഗ്ലണ്ട് ആരംഭിച്ചത്. നാലു റണ്‍സോടെ ബെന്‍ ഡക്കെറ്റും രണ്ടു റണ്‍സുമായി സാക്ക് ക്രോളിയുമായിരുന്നു ക്രീസില്‍. ഓവറിലെ ആദ്യത്തെ ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു കളിച്ച് ഡക്കെറ്റ് സിംഗിളെടുത്തു. അടുത്ത നാലു ബോളിലും ക്രോളിക്കു റണ്ണൊന്നുമെടുക്കാനായില്ല. അവസാന ബോള്‍ പുഷ് ചെയ്യാന്‍ താരം ശ്രമിച്ചെങ്കിലും പാഡിലാണ് കൊണ്ടത്.
പിന്നാലെ സിറാജിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി. ബോളിന്റെ ഉയരത്തിന്റെയും മൂവ്‌മെന്റിന്റെയും കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷെ അതു ഔട്ട് തന്നെയാണൈന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിറാജ്.
വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലോ, സ്ലിപ്പിലുണ്ടായിരുന്ന പരിചയസമ്പന്നനായ കെഎല്‍ രാഹുലടക്കമുള്ളവര്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചതുമില്ല. എന്നാല്‍ റിവ്യു എടുക്കുന്നതിനായി നായകന്‍ ശുഭ്മന്‍ ഗില്ലിനു മേല്‍ സിറാജ് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ ടൈമറില്‍ നാലു സെ്ക്കന്റ് മാത്രംബ ബാക്കിനില്‍ക്കവെ ഗില്‍ രണ്ടും കല്‍പ്പിച്ച് റിവ്യു എടുക്കുകയും ചെയ്തു.
പക്ഷെ അതു അബദ്ധമായി പോയെന്നു പിന്നാലെ വ്യക്തമായി. റീപ്ലേയില്‍ ബോള്‍ ട്രാക്കിങ് പരിശോധിച്ചപ്പോള്‍ അതു ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോവുകയെന്നു തെളിഞ്ഞു. ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതോടെ വിലപ്പെട്ട തുടക്കത്തില്‍ ഇന്ത്യ പാഴാക്കുകയും ചെയ്തു.

റിവ്യു നഷ്ടായതിനു പിന്നാലെ കമന്ററിക്കിടെ ഓണ്‍ എയറില്‍ രവി ശാസ്ത്രി സിറാജിനെ പരിഹസിക്കുകയും ചെയ്തു. താനെറിയുന്ന മുഴുവന്‍ ബോളുകളും സ്റ്റംപുകളില്‍ കൊള്ളുമെന്നു വിശ്വസിക്കുന്ന ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് സിറാജ്. മറ്റൊരാള്‍ രവീന്ദ്ര ജഡേജയാണെന്നായിരുന്നു പരിഹാസത്തോടെയുള്ള ശാസ്ത്രിയുടെ വാക്കുകള്‍.
ഈ റിവ്യു പാഴാക്കിയെങ്കിലും തന്റെ രണ്ടാമത്തെ റിവ്യു സിറാജിനു പിഴച്ചില്ല. 12ാമത്തെ ഓവറിലായിരുന്നു ഇത്. അവസാനത്തെ ബോളില്‍ ഒല്ലി പോപ്പിനെ സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
എല്‍ബിഡബ്ല്യു അപ്പീല്‍ അംപയര്‍ തള്ളിയെങ്കിലും റിവ്യു എടുക്കാന്‍ ഗില്ലിനെ സിറാജ് വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി അദ്ദേഹം ബൗളറെ വിശ്വസിക്കുകയും ചെയ്തു. ഇത്തവണ റിവ്യുവില്‍ തീരുമാനം ഇന്ത്യക്കു അനുകൂലമാവുകയും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു.