Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പോപ്പ് ഡെക്കായേനെ! ഭരത് കണ്ണടച്ചു, ഇതെന്ത് വിക്കറ്റ് കീപ്പിങ്? വന്‍ ദുരന്തം

വിശാഖപട്ടണം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ ഒരു വമ്പന്‍ പിഴവ് കാരണം ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ടീമും ആരാധകരും. ബാറ്ററെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഭരത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിനിടെ വലിയൊരു അബദ്ധം വിക്കറ്റിനു പിന്നില്‍ താരം വരുത്തി. ഇതു കാരണം വിലപ്പെട്ട വിക്കറ്റ് ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തു.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ പത്താമത്തെ ഓവറിലായിരുന്നു ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ സംഭവം. സ്റ്റാര്‍ ലെഗ്‌സ്പിന്നര്‍ കുല്‍ദീപ് യാദവിനാണ് ഭരതിന്റെ പിഴവ് കാരണം വിക്കറ്റ് നഷ്ടമാവുകയും ചെയ്തത്. ഇംഗ്ലണ്ട് 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയില്‍ കുതിക്കവെയാണ് കുല്‍ദീപിനെ രോഹിത് രണ്ടാമത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ വിളിപ്പിച്ചത്. 38 റണ്‍സോടെ സാക്ക് ക്രോളിയും 21 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റുമായിരുന്നു ക്രീസില്‍.

KS BHARAT

11ാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ഡക്കെറ്റായിരുന്നു. കുല്‍ദീപിനെതിരേ ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. ഓഫ്സ്റ്റംപിലേക്കു വന്ന ലെങ്ത്ത് ബോള്‍ ഡക്കെറ്റ് പ്രതിരോധിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ ഡക്കെറ്റിനെ പുറത്താക്കിയ കുല്‍ദീപ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. ഒരിക്കല്‍ക്കൂടി പ്രതിരോധിക്കാന്‍ ശ്രമിക്കവെ ബാറ്റിന്റെ മധ്യത്തില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ സില്ലി പോയിന്റില്‍ നിലയുറപ്പിച്ച രജത് പാട്ടിധാറിന്റെ കൈകളിലേക്കു വരികയായിരുന്നു. 17 ബോളില്‍ നാലു ഫോറടക്കം 21 റണ്‍സാണ് താരം നേടിയത്.

തുടര്‍ന്നാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ഹീറോയായ ഓലി പോപ്പ് മൂന്നാമനായി ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ പോപ്പിനെ പൂജ്യത്തിന് പുറത്താക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. പക്ഷെ ഭരതിന്റെ അബദ്ധം ടീമിനെ ചതിച്ചു. ക്രീസില്‍ നിന്നും അല്‍പ്പം പുറത്തേക്കിറങ്ങി ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവ് ചെയ്യാനായിരുന്നു പോപ്പിന്റെ ശ്രമം. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ താരത്തിനായില്ല.

കുത്തിയുയര്‍ന്ന ബോള്‍ നേരെ ഭരതിന്റെ അടുത്തേക്കാണ് വന്നത്. പക്ഷെ ആ ബോള്‍ പിടിയിലൊതുക്കാനോ, സ്റ്റംപ് ചെയ്യാനോ അദ്ദേഹത്തിനായില്ല. ബോള്‍ ഭരതിലേക്കു വരുമ്പോള്‍ പോപ്പിന്റെ കാല്‍ ക്രീസിനു പുറത്തായിരുന്നുവെന്നു റീപ്ലേകളില്‍ വ്യക്തവുമായിരുന്നു. പക്ഷെ ബോള്‍ കളക്ട് ചെയ്യുന്നതില്‍ ഭരതിനു പാളിയപ്പോള്‍ പോപ്പിനു ജീവനും തിരിച്ചുകിട്ടുകയായിരുന്നു. ഭരതിന്റെ വിക്കറ്റ് കീപ്പിങില്‍ വളരെ നിരാശനും ക്ഷുഭിതനുമായാണ് കുല്‍ദീപ് അപ്പോള്‍ കാണപ്പെട്ടത്. എന്താണ് ചെയ്യുന്നതെന്ന തരത്തില്‍ അദ്ദേഹം ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു.

KS BHARAT

Screenshot

ഭരത് ആയുസ് നീട്ടികൊടുത്ത പോപ്പ് പിന്നീട് 28ാമത്തെ ഓവറിലാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ ഒരു അവിശ്വസനീയ ബോളില്‍ പോപ്പിന്റെ സ്റ്റംപുകള്‍ വായുവില്‍ പറക്കുകയായിരുന്നു. ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. 55 ബോളില്‍ നിന്നും രണ്ടു ഫോറടക്കം 23 റണ്‍സ് നേടി വീണ്ടും മികച്ചൊരു ഇന്നിങ്‌സിനു പോപ്പ് പടയൊരുക്കം നടത്തവെയായിരുന്നു ബുംറയുടെ പ്രഹരം.

കണ്ണഞ്ചിക്കുന്ന ഒരു ഇന്‍സ്വിങ് യോര്‍ക്കറായിരുന്നു ബുംറ പരീക്ഷിച്ചത്. പക്ഷെ അതു പ്രതിരോധിക്കാന്‍ പോപ്പ് ബാറ്റ് താഴേക്കു കൊണ്ടു വരുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. വളരെ വേഗത്തില്‍ ബാറ്റ് കടന്നുപോയ ബോള്‍ ലെഗ് സ്റ്റംപിനെയും മിഡില്‍ സ്റ്റംപിനെയും കടപുഴക്കുകയായിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ രണ്ടാമിന്നിങ്‌സില്‍ 196 റണ്‍സുമായി ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്ത താരമാണ് പോപ്പ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇത്തവണ നേരത്തേ മടക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനവുമായിരുന്നു. ഭരത് വിക്കറ്റ് കീപ്പിങില്‍ ചതിച്ചെങ്കിലും ബുംറയുടെ തീയുണ്ട താരത്തിന്റെ കഥ കഴിക്കുക തന്നെ ചെയ്തു. പോപ്പിന്റെ ഈ പുറത്താവലില്‍ ഏറെ സന്തോഷിച്ചതും ഭരത് തന്നെയായിരിക്കും. വലിയൊരു ഇന്നിങ്‌സ് താരം കളിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നത് ഭരതാവുമായിരുന്നു.

Story first published: Saturday, February 3, 2024, 14:14 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+