ഓവല്‍ ത്രില്ലറില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിനു വീഴ്ത്തി ടെസ്റ്റ് പരമ്പര 2-2ന് അവസാനിപ്പിച്ചാണ് ടീം ഇന്ത്യയുടെ മടക്കം. പരാജയത്തിന്റെ വക്കില്‍ വരെയെത്തിയ ശേഷമാണ് ശുഭ്മന്‍ ഗില്ലും സംഘവും പൊരുതിക്കയറി ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ വിജയങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.
അതിനിടെ അഞ്ചാം ടെസ്റ്റിന്റെ അവസാനദിനമുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്, കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടാറുള്ള സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ സ്ലെഡ്ജിങാണ് സംഭവം. പക്ഷെ രസകരമായ കാര്യം ഒരു വാക്ക് പോലും മിണ്ടാതെ അദ്ദേഹം ഇംഗ്ലണ്ടിനെ സ്ലെഡ്ജ് ചെയ്തുവെന്നതാണ്. ഇതേക്കുറിച്ചറിയാം.

സംഭവമിങ്ങനെ
ഓവല്‍ ടെസ്റ്റില്‍ 374 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യം പിന്തുടരവെ ഇംഗ്ലണ്ടിനു വേണ്ടി 11ാമായി ക്രീസിലത്തിയത് പേസര്‍ ക്രിസ് വോക്‌സായിരുന്നു. തോളിനു സാരമായി പരിക്കേറ്റതു കാരണം അദ്ദേഹം ഒരു കൈയുമായാണ് ബാറ്റിങിനിറങ്ങിത്. പരിക്കേറ്റ കൈ ഡ്രസിനകത്തേക്കു വച്ച് കെട്ടുകയും ചെയ്തിരുന്നു. ആദ്യദിനം ഇന്ത്യ ബാറ്റ് ചെയ്യവെ ഫീല്‍ഡിങിനിടൊയാണ് വോക്‌സിന്റെ തോളിനു സ്ഥാനചലനം സംഭവിച്ചത്. തുടര്‍ന്ന് ബാറ്റിങില്‍ നിന്നും പിന്‍മാറിയ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തതുമില്ല.
ഒരു കൈ കൊണ്ട് സ്‌ട്രൈക്ക് നേരിടുകയെന്നത് അസാധ്യമായതിനാല്‍ അവസാന വിക്കറ്റില്‍ വോക്‌സിനെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നിര്‍ത്തിയ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു ഗസ് അറ്റ്കിന്‍സണിന്റെ പ്ലാന്‍. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. 13 ബോളില്‍ 10 റണ്‍സാണ് ഈ ജോടി അവസാന വിക്കറ്റിലെടുത്തത്.
ഇംഗ്ലണ്ടിനെ സ്ലെഡ്ജ് ചെയ്യുന്ന തരത്തിലുള്ള രാഹുലിന്റെ പ്രകടനം കാണാം. വീഡിയോ
ഇതിനിടെയാണ് അറ്റ്കിന്‍സണിന്റെ ഒരു ഡിഫന്‍സീവ് ഷോട്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത കെഎല്‍ രാഹുലിന്റെ അടുത്തേക്കു ഉരുണ്ടു വന്നത്. ഈ ബോള്‍ കൈ കൊണ്ട് എടുക്കുന്നതിനു പകരം കാലിലെ ഷൂസ്് കൊണ്ട് അദ്ദേഹം അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. മികച്ചൊരു ഫുട്‌ബോളറെ പോലെ ഈ ബോള്‍ ഫ്‌ളിക്ക് ചെയ്ത് മുകളിലേക്കിട്ട ശേഷം പല തവണ കാല്‍ കൊണ്ട് മുകളിലേക്ക് അവസാനം കൈയിലേക്കു എടുത്ത് ത്രോ ചെയ്യുകയായിരുന്നു.
യഥാര്‍ഥത്തില്‍ ക്രീസിലുള്ള ഇംഗ്ലീഷ് ബാറ്റര്‍മാരെ സ്ലെഡ്ജ് ചെയ്യുന്നതിനു തുല്യമായിരുന്നു. കാരണം മറുഭാഗത്തുള്ളത് വോക്‌സായതിനാല്‍ സിംഗിളിനായി ഓടി അറ്റ്കിന്‍സണ്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കില്ലെന്നുറപ്പാണ്. ഈ കാരണത്താല്‍ തന്നെയാണ് രാഹുല്‍ ആ സമയത്തു ബോളിനെ കാലിലിട്ട് അമ്മാനമാടയത്.
അദ്ദേഹത്തിന്റെ ഈ പ്രകടനം ഓവലിലെ കാണികളെയും ശരിക്കും രസിപ്പിക്കുക തന്നെ ചെയ്തു. ആര്‍പ്പുവിളിച്ചും കൈയടിട്ടുമാണ് അവര്‍ രാഹുലിനെ പ്രശംസിച്ചത്. ഈ സമയത്തു രാഹുല്‍ എന്താണ് ചെയ്യുന്നതെന്നു നോക്കി അറ്റ്കിന്‍സണ്‍ അമ്പരന്നു നില്‍ക്കുന്നുണ്ടായിരുന്നു.

മിന്നിച്ച് രാഹുല്‍
കെഎല്‍ രാഹുലിനെ സംബന്ധിച്ച് ഗംഭീര പരമ്പര തന്നെയാണ് ഇംഗ്ലണ്ടിനെതിരേ പൂര്‍ത്തിയാക്കിയത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയ്ക്കു പകരം ഓപ്പണിങ് റോളിലേക്കു വന്ന അദ്ദേഹം ഈ പരമ്പരയിലൂടെ അത് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 10 ഇന്നിങ്‌സുകളിലായി 532 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.
ലീഡ്സിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച അദ്ദേഹം പിന്നീട് ഐതിഹാസിക വേദിയായ ലോര്‍ഡ്‌സിലും വീണ്ടുമൊരു സെഞ്ച്വറി കണ്ടെത്തി. കൂടാതെ എജ്ബാസ്റ്റണ്‍, മാഞ്ചസ്റ്റര്‍ ടെസ്റ്റുകളില്‍ ഫിഫ്റ്റികളും താരം നേടി. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നാമത്തെയാളും രാഹുല്‍ തന്നെ. 754 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് തലപ്പത്ത്.