ലീഡ്‌സ്: എഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മറുനാടന്‍ മലയാളി ബാറ്റര്‍കരുണ്‍ നായര്‍. റണ്ണൊന്നുമെടുക്കാനാവാതെയാണ് ആറാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം മടങ്ങിത്. വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ കരുണിനുണ്ടായുള്ളൂ.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് അദ്ദേഹത്തെ മടക്കിയത്. ഒല്ലി പോപ്പിന്റെ കിടിലനൊരു ക്യാച്ചില്‍ കരുണ്‍ വീഴുകയായിരുന്നു. സ്റ്റോക്‌സിന്റെ മാരക പ്ലാനാണ് അദ്ദേഹത്തെ കുടുക്കിയതെന്നു പറയാം. ഏതൊരു ലോകോത്തര ബാറ്ററായാലും ഈ കെണിയില്‍ വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഇംഗ്ലീഷ് നായകന്റെ മാസ്റ്റര്‍ സ്‌ട്രോക്കിനെ കുറിച്ചറിയാം.

കരുണിന്റെ പുറത്താവല്‍
രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ കരുണ്‍ നായര്‍ക്കു ബാറ്റിങിനായി ക്രീസിലെത്തേണ്ടി വന്നിരുന്നു. സ്പിന്നര്‍ ഷുഐബ് ബഷീര്‍ എറിഞ്ഞ 102ാം ഓവറിലെ അഞ്ചാമത്തെ ബോളിലാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (147) ഗംഭീര ഇന്നിങ്‌സ് അവസാനിച്ചത്. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ജോഷ് ടോങ് പിടികൂടുകയായിരുന്നു.
തുടര്‍ന്നായിരുന്നു കരുണിന്റെ വരവ്. നീണ്ട കാത്തിരിപ്പിനൊടുവിലുള്ള മടങ്ങിവരവ് മികച്ചൊരു ഇന്നിങ്‌സോടെ അദ്ദേഹം ആഘോഷിക്കുമെന്നു ആരാധകരും പ്രതീക്ഷിച്ചു. ഷുഐബിന്റെ ആദ്യ ബോളില്‍ കരുണിനു റണ്ണൊന്നുമെടുക്കാനായില്ല. ബെന്‍ സ്‌റ്റോക്‌സെറിഞ്ഞ അടുത്ത ഓവറിലെ മുഴുവന്‍ ബോളും നേരിട്ടത് റിഷഭ് പന്താണ്.
ഷുഐബിന്റെ അടുത്ത ഓവറിലെയും മുഴുവന്‍ ബോളും കളിച്ചത് റിഷഭ് തന്നെ. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ കാഴ്ചക്കാരനായി നില്‍ക്കാനായിരുന്നു കരുണിന്റെ വിധി. അടുത്ത ഓവറില്‍ സ്‌റ്റോക്‌സ് വീണ്ടുമെത്തി. ആദ്യ മൂന്നു ബോളില്‍ ഫോറും സിംഗിളുമടക്കം റിഷഭ് അഞ്ചു റണ്‍സെടുത്തു.
നാലാത്തെ ബോളാണ് കരുണിനു കളിക്കേണ്ടി വന്നത്. അതൊരു ഷോര്‍ട്ട് ബോളായിരുന്നു. ഷോട്ടിനു ശ്രമിക്കാതെ അദ്ദേഹം ഇതു പ്രതിരോധിച്ചു. പക്ഷെ പിച്ച് ചെയ്ത ബൗണ്‍സായ ബോള്‍ വിക്കറ്റിലേക്കു വീഴുമെന്നു കരുതിയെങ്കിലും സ്റ്റംപുകള്‍ക്കു മുകളിലൂടെ പുറത്തു പോയി. അടുത്ത ബോള്‍ ലെഗ്‌സൈഡിലാണ് സ്‌റ്റോക്‌സ് പരീക്ഷിച്ചത്. കരുണിനു റണ്ണൊന്നുമെടുക്കാനായില്ല.
ഒന്ന് ഷോര്‍ട്ടും അടുത്തത് ലെഗ് സൈഡിലേക്കും വന്നപ്പോള്‍ അടുത്തത് ഓഫ്‌സ്റ്റംപിന് ഏറെ പുറത്താണ് സ്റ്റോക്‌സ് പരീക്ഷിച്ചത്. ശരീരത്തിനു ഏറെ അകലെ ഡ്രൈവിനു കരുണിനെ പ്രലോഭിക്കുകയായിരുന്നു പ്ലാന്‍. അതില്‍ അദ്ദേഹം വീഴുകയും ചെയ്തു. അപകടകാരിയല്ലാത്ത ബോളില്‍ കരുണ്‍ ഡ്രൈവിനു തുനിഞ്ഞു. പക്ഷെ ഷോര്‍ട്ട് കവറില്‍ ഒല്ലി പോപ്പിന്റെ വണ്ടര്‍ ക്യാച്ചില്‍ താരംം കുരുങ്ങി.
മിന്നല്‍ വേഗത്തില്‍ വായുവിലൂടെ പോയ ബോളിനെതിരേ തന്റെ ഇടതുഭാഗത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് അവിശ്വസനീയ ക്യാച്ചിലൂടെ കരുണിന്റെ തിരിച്ചുവരവ് പോപ്പ് ഫ്‌ളോപ്പുകയായിരുന്നു. ബൗണ്ടറിയോ, ഡബിളോ ലഭിക്കേണ്ടിയിരുന്ന ഷോട്ടാണ് താരത്തിന്റെ മിന്നല്‍ ക്യാച്ചില്‍ ഔട്ടില്‍ കലാശിച്ചത്. ഞെട്ടലോടെ നിരാശനായി ക്രീസ് വിടാന്‍ കരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

ക്രീസിലെത്തിയ ശേഷം അധികനേരം ചെലവഴിക്കും മുമ്പ് തന്നെ സ്റ്റോക്‌സ് പയറ്റിയ തന്ത്രം അദ്ദേഹത്തെ കുരുക്കുകയായിരുന്നു. മൂന്നു വ്യത്യസ്ത തരത്തിലുള്ള ബോളുകളാണ് തുടരെ കരുണിനു നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ ഈ പുറത്താവലില്‍ അദ്ദേഹത്തെ ഒരിക്കലും വിമര്‍ശിക്കാനും കഴിയില്ല.
അതേസമയം, ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലഞ്ച് ബ്രേക്കിനു പിന്നാലെ 471 റണ്‍സില്‍ അവസാനിച്ചിരിക്കുകയാണ്. അനായാസം 500 കടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ടീമിനു വെറും 41 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. മൂന്നിന് 430 റണ്‍സില്‍ നിന്നാണ് തുടരെ വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ 471ന് കൂടാരം കയറിയത്.