ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഒന്നാമിന്നിങ്‌സില്‍ വലിയ ലീഡ് വഴങ്ങിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ടീം ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി. നാലാം ദിനം ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ട് തകര്‍ക്കാനും നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കാനും ഇന്ത്യന്‍ ടീം പരീക്ഷിച്ച തന്ത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ആറു വിക്കറ്റിനു 316 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ടീം നാലാം ദിനം കളി പുനരാരംഭിച്ചത്. ഓലി പോപ്പ്- രെഹാന്‍ അഹമ്മദ് സഖ്യം ഏഴാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ നാലാംദിനം രാവിലെ ഈ ജോടിയെ എത്രയും വേഗത്തില്‍ വേര്‍പിരിച്ച് കളിയിലേക്കു തിരിച്ചുവരികയെന്നതായിരുന്നു ഇന്ത്യയുടെ പ്ലാന്‍. ഇതേ തുടര്‍ന്നാണ് ഇന്ത്യ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സര്‍പ്രൈസ് തന്ത്രം പരീക്ഷിച്ചത്.

നാലാംദിനം രാവിലെ ന്യൂ ബോള്‍ എടുക്കേണ്ടെന്നും പഴയ ബോള്‍ തന്നെ ഉപയോഗിക്കാമെന്നുമുള്ള തീരുമാനമാണ് ഇന്ത്യന്‍ ടീം സ്വീകരിച്ചത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ളവര്‍ക്കു കൂടുതല്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം. മാത്രമല്ല ന്യൂബോള്‍ എടുത്താല്‍ അതു ഇംഗ്ലണ്ടിന്റെ സ്‌കോറിങ് കൂടുതല്‍ വേഗത്തിലാക്കുമെന്ന കണക്കുകൂട്ടലും ഇന്ത്യക്കുണ്ടായിരുന്നു.
പഴയ ബോളിലൂടെ ടീമിനു ബ്രേക്ക്ത്രൂ നേടാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ പ്ലാനിങ് പിഴച്ചതുമില്ല. നാലാം ദിനം രാവിലെ ആദ്യത്തെ സെഷനില്‍ ആറാം ഓവറില്‍ തന്നെ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ ലഭിക്കുകയും ചെയ്തു. പ്രതീക്ഷിക്കപ്പെട്ടതു പോലെ ബുംറയാണ് ടീമിനു ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 83ാം ഓവറിലായിരുന്നു രെഹാനെ പുറത്താക്കി ബുംറ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.
ഓവറിലെ മൂന്നാമത്തെ ബോളില്‍ രെഹാന്‍ വീഴുകയായിരുന്നു. പഴയ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യുമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ ശരിയാവുകയും ചെയ്തു. ഡ്രൈവിനു ശ്രമിച്ച രെഹാന്റെ നീക്കം പാളുകയായിരുന്നു. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ കൈകളിലെത്തുകയായിരുന്നു. 53 ബോളില്‍ മൂന്നു ഫോറുകളടക്കം 28 റണ്‍സാണ് രെഹാന്‍ സ്‌കോര്‍ ചെയ്തത്.

11 ഓവറുകള്‍ വരെയും പഴയ ബോള്‍ തന്നെയാണ് ഇന്ത്യ പരീക്ഷിച്ചത്. 12ാം ഓവറിലാണ് ന്യൂബോള്‍ എടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം, ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 200 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. 95 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനു 397 റണ്‍സെടുത്തിട്ടുണ്ട്.
207 റണ്‍സിന്റെ മികച്ച ലീഡ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. ഡബിള്‍ സെഞ്ച്വറിയിലേക്കു കുതിക്കുന്ന ഓലി പോപ്പും (187*) ടോം ഹാര്‍ട്‌ലിയുമാണ് (22*) ക്രീസിലുള്ളത്. 75 ബോളില്‍ 58 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 263 ബോളില്‍ 20 ഫോറുകളുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്.
പോപ്പിന്റെ വണ്‍മാന്‍ ഷോ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിനു വേണ്ടി മറ്റാരും തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയില്ലെന്നതു ശ്രദ്ധേയമാണ്. ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് 47 റണ്‍സുമായി ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോററായി മാറി. ബെന്‍ ഫോക്‌സ് 34 റണ്‍സ് നേടിയപ്പോള്‍ സാക്ക് ക്രോളി 31 റണ്‍സും നേടി.
വാലറ്റത്ത് 28 റണ്‍സെടുത്ത രെഹാന്‍ അഹമ്മദും ടീം സ്‌കോറിലേക്കു നിര്‍ണായക സംഭാവന നല്‍കി. നേരത്തേ 190 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.