For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 15 ഓവറില്‍ 194, എന്നിട്ടും ഇന്ത്യക്ക് ആ റെക്കോഡ് നഷ്ടമായി; വില്ലന്‍ സൂര്യകുമാര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1ന് രാജകീയമായിത്തന്നെ നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം മറ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യ പിന്നോട്ട് പോകുമ്പോഴും ടി20യില്‍ ടീം കുതിപ്പ് തുടരുകയാണ്. അഞ്ചാം ടി20യില്‍ വിജയ പ്രതീക്ഷയോടെ എത്തിയ ഇംഗ്ലണ്ടിനെ 150 റണ്‍സിനാണ് ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 247 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സില്‍ കൂടാരം കയറി.

അഭിഷേക് ശര്‍മ 135 റണ്‍സും രണ്ട് വിക്കറ്റും ഉള്‍പ്പെടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഇന്ത്യ നിരവധി റെക്കോഡുകളും ഈ വിജയത്തോടെ നേടിയെടുത്തു. എന്നാല്‍ ഇന്ത്യ ഏറെക്കാലമായി ആഗ്രഹിക്കുന്ന വമ്പനൊരു റെക്കോഡിലേക്ക് എത്താനുള്ള സുവര്‍ണ്ണാവസരം ടീം നഷ്ടമാക്കിയിരിക്കുകയാണ്. ഇന്ത്യക്ക് ടീം സ്‌കോര്‍ 300ലേക്കെത്തിക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ മധ്യനിര നിരാശപ്പെടുത്തിയതോടെ ഈ റെക്കോഡ് കൈവിട്ടുപോവുകയായിരുന്നു.

സൂര്യക്കും ഹാര്‍ദിക്കിനും റിങ്കുവിനും തിളങ്ങാനായില്ല

ആദ്യ ഓവറില്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നല്‍കി. പിന്നാലെ അഭിഷേക് ശര്‍മ ഇത് ഏറ്റെടുത്തു. ഇതോടെ അതിവേഗത്തിലാണ് റണ്‍സുയര്‍ന്നത്. 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് വിക്കറ്റിന് 194 റണ്‍സാണ് ഇന്ത്യ നേടിയത്. അഭിഷേക് ശര്‍മയും റിങ്കു സിങ്ങും ക്രീസിലുണ്ടായിരുന്നു. 30 പന്ത് ശേഷിക്കെ 106 റണ്‍സിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ റിങ്കു സിങ് 9 റണ്‍സെടുത്ത് പുറത്തായി.

പിന്നീടും അഭിഷേക് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 18ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയും 9 റണ്‍സെടുത്താണ് പുറത്തായത്. നായകന്‍ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സാണ് നേടിയത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ 11 പന്തില്‍ 15 റണ്‍സാണ് നേടിയത്. അഭിഷേകിനൊപ്പം ഇവരിലാരെങ്കിലും തിളങ്ങിയിരുന്നെങ്കില്‍ 300 റണ്‍സ് ടീം സ്‌കോറെന്ന വമ്പന്‍ റെക്കോഡിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ സുവര്‍ണ്ണാവസരം ടീം നഷ്ടപ്പെടുത്തുകയായിരുന്നു.

ind vs eng t20

ഇന്ത്യയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 297

ഇന്ത്യയുടെ ടി20യിലെ ഉയര്‍ന്ന ടീം സ്‌കോര്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. ആറ് വിക്കറ്റിന് 297 റണ്‍സാണ് ഇന്ത്യ നേടിയത്. ഹൈദരാബാദിലായിരുന്നു ഈ മത്സരം. മൂന്ന് റണ്‍സിനാണ് 300 എന്ന സ്വപ്ന ടോട്ടലിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയത്. മുംബൈയില്‍ ഈ നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കവസരം ഉണ്ടായിരുന്നെങ്കിലും മധ്യനിരയിലെ സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യക്ക് വലിയ സ്‌കോര്‍ നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത്.

നിലവില്‍ അന്താരാഷ്ട്ര ടി20യിലെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡ് സിംബാബ് വെയുടെ പേരിലാണ്. ഗാംബിയക്കെതിരേയാണ് സിംബാബ് വെയുടെ നേട്ടം. നാല് വിക്കറ്റിന് 344 റണ്‍സാണ് സിംബാബ് വെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള നേപ്പാള്‍ മൂന്ന് വിക്കറ്റിന് 314 റണ്‍സാണ് നേടിയെടുത്തത്. ഇന്ത്യ 300 ടീം സ്‌കോര്‍ നേടുന്ന കാലം വിദൂരമല്ലെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് തന്നെ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഇത്തരമൊരു വെടിക്കെട്ട് പ്രകടനം ഇന്ത്യ നടത്തിയത്. എന്നാല്‍ ഈ റെക്കോഡിലേക്കെത്താനായില്ല.

ഒരിക്കല്‍ ഇന്ത്യ നേടിയെടുക്കും

ടി20യില്‍ 300 റണ്‍സെന്ന ടീം സ്‌കോര്‍ ഇന്ത്യ വൈകാതെ നേടിയെടുക്കും. ഇന്ത്യ വെടിക്കെട്ട് പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ കളിക്കുന്നത്. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ യുവതാരങ്ങളുടെ ആക്രമണോത്സകതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ടി20യില്‍ 300 റണ്‍സ് ടീം സ്‌കോറെന്ന റെക്കോഡിലേക്ക് വൈകാതെ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, February 3, 2025, 16:15 [IST]
Other articles published on Feb 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+