നാഗ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതിനു ശേഷം സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന് ഏകദിനത്തില്‍ കഷ്ടകാലമാണ്. അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാതെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ ഗംഭീര്‍ തകര്‍ക്കുകയാണെന്നു പറയേണ്ടി വരും. ഗംഭീറിന്റെ ഗെയിം പ്ലാന്‍ കാരണം ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലും ബാറ്റിങില്‍ രാഹുല്‍ ക്ലിക്കായില്ല.
ഒമ്പതു ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സ്പിന്നര്‍ ആദില്‍ റഷീദാണ് സ്വന്തം ബൗളിങില്‍ രാഹുലിനെ പിടികൂടിയത്. ഗംഭീര്‍ മുഖ്യ കോച്ചായി വന്ന ശേഷം ഏകദിനത്തില്‍ മികച്ചൊരു ഇന്നിങ്‌സ് പോലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. ഇങ്ങനെ പോയാല്‍ വൈകാതെ തന്നെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായേക്കുകയും ചെയ്‌തേക്കും.

ഗംഭീറിന്റെ ഗെയിം പ്ലാന്‍
ഇടംകൈ-വലം കൈ ബാറ്റിങ് കോമ്പിനേഷന് അമിത പ്രാധാന്യം നല്‍കുന്ന കോച്ചാണ് ഗൗതം ഗംഭീര്‍. ഏകദിനത്തില്‍ മാത്രമല്ല, നേരത്തേ നടന്ന ടി20 പരമ്പരകളിലും അതിനു മുമ്പുള്ള ടെസ്റ്റ് മല്‍സരങ്ങളിലുമെല്ലാം ഇതു കാണാം. ഇടംകൈ- വലം കൈ ബാറ്റിങ് കോമ്പിനേഷന്‍ എല്ലായ്‌പ്പോഴും കൊണ്ടുവരാനുള്ള ഗംഭീറിന്റെ ശ്രമം കാരണം പല ബാറ്റര്‍മാര്‍ക്കും സ്ഥിരം റോളുകളില്‍ നിന്നും മാറി മുകളിലേക്കും താഴേക്കുമെല്ലാം ഇറങ്ങേണ്ടിയും വന്നിട്ടുണ്ട്.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലും ഇതു നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടി മുന്‍നിര ബാറ്ററായ ധ്രുവ് ജുറേലിനെ ഗംഭീര്‍ വാലറ്റത്തേക്കു മാറ്റിയത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പരമ്പരയിലെ ഒരു കളിയില്‍ എട്ടാം നമ്പറില്‍ പോലും ജുറേലിനു ബാറ്റ് ചെയ്യേണ്ടിയും വന്നു.
ഒട്ടും അനുയോജ്യമല്ലാത്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചതോടെ ജുറേല്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും പിന്നാലെ ടീമിനു പിറത്താവുകയും ചെയ്തു. ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ടോപ്പ് ഫൈവാണ് അദ്ദേഹത്തിനു ഏറ്റവും ബെസ്‌റ്റെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ ഈ പൊസിഷന്‍ ഇതുവരെ രാഹുലിന് നല്‍കാന്‍ ഗംഭീര്‍ തയ്യാറായിട്ടില്ല.
അക്ഷര്‍ എന്തിന് നേരത്തേ?
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറാം നമ്പറിലാണ് കെഎല്‍ രാഹുലിനെ ഗൗതം ഗംഭീര്‍ ബാറ്റിങിന് അയച്ചത്. അതിനേക്കാള്‍ മുമ്പ് ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ അദ്ദേഹം പരീക്ഷിക്കുകയായിരുന്നു. 47 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സുമായി അക്ഷര്‍ തന്റെ റോള്‍ ഭംഗിയാക്കിയെനന്നതു ശരി തന്നെ. പക്ഷെ അതിനു രാഹുലിന്റെ കരിയര്‍ കുരുതി കൊടുക്കേണ്ട കാര്യമുണ്ടോ?
അക്ഷറിനു ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനും മികച്ച പ്രകടനങ്ങള്‍ നടത്താനും സാധിക്കും. നേരത്തേ ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് അദ്ദേഹം സ്ഥിരമായി ബാറ്റും ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ രാഹുലിനെ തഴഞ്ഞ് അക്ഷറിനെ ടോപ്പ് ഫൈവില്‍ കളിപ്പിക്കേണ്ട ആവശ്യവും ഒട്ടുമില്ല.

രാഹുലിന്റെ പ്രകടനം
ഏകദിനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യനിരയില്‍ ബാറ്റ് ചെയ്തിട്ടുള്ള താരങ്ങളുടെ പ്രകടനമെടുത്താല്‍ അവിടെ തലപ്പത്തുള്ളത് കെഎല്‍ രാഹുലാണ്. 62.8 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1758 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ കണക്കുകള്‍ക്കു നേരെ കണ്ണടക്കുകയാണ് നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍.
കഴിഞ്ഞ വര്‍ഷം ദേശീയ ടീമിന്റെ മുഖ്യ കോച്ചായി ഗംഭീര്‍ ചുമതലയേറ്റെടുത്ത ശേഷം ഏകദിനത്തില്‍ ഒരിക്കല്‍പ്പോലും രാഹുലിനെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. പകരം ആറ്, ഏഴ് സ്ഥാനങ്ങളിലാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
ഇതു രാഹുലിന്റെ പ്രകടനത്തെയും സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ടോപ്പ് ഫൈവിനു പുറത്ത് ബാറ്റ് ചെയ്ത ശേഷമുള്ള അദ്ദേഹത്തിന്റെ സ്‌കോറുകള്‍ 31 (ആറാം നമ്പര്‍), 0 (ഏഴാം നമ്പര്‍), 2 (ആറാം നമ്പര്‍) എന്നിങ്ങനെയാണ്.
രാഹുലിനെ തീര്‍ച്ചയായും ടോപ്പ് ഫൈവിലേക്കു തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിക്കേണ്ടതുണ്ട്. പകരം ലോവര്‍ ഓര്‍ഡറില്‍ ഇനിയും പരീക്ഷിച്ചുകൊണ്ടിരിക്കുകയും ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയും ചെയ്താല്‍ അതു താരത്തിന്റെ ആത്മവിശ്വാസവും തകര്‍ക്കുമെന്നുറപ്പാണ്.