ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തതിനു മുന്നില്‍ വലിയ അപമാനം നേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജിതേഷ് ശര്‍മ. ഇന്ത്യയും ഇംഗ്ലണ്ടു തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നേരില്‍ കാണുന്നതിനായി ലോര്‍ഡ്‌സിലെത്തിയപ്പോഴായിരുന്നു സിനിമാ സ്‌റ്റൈലിലുള്ള നാടകീയ രംഗങ്ങള്‍ അരങ്ങേറിതയത്.
സ്‌റ്റേഡിയത്തിനു അകത്തേക്കു കടക്കാന്‍ അനുവദിക്കാതെം പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ജിതേഷിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഒടുവില്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്കാണ് ജിതേഷിന്റെ രക്ഷയ്‌ക്കെത്തിയത്. ആരാധകരിലൊരാള്‍ പകര്‍ത്തിയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

screenshot: X
ജിതേഷിനു നേരിട്ട അപമാനം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ സമാപിച്ച ലോര്‍ഡ്‌സിലെ ത്രില്ലിങ് ടെസ്റ്റ് മല്‍സരം ആസ്വദിക്കാനായി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് ജിതേഷ് ശര്‍മ അപമാനിതനായത്. സ്റ്റേഡിയത്തിനു പുറത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ വ്‌ളോഗറാണ് ജിതേഷിനെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടയുന്ന വീഡിയോ ഷൂട്ട് ചെയ്ത് പങ്കുവച്ചിരിക്കുന്നത്.
താന്‍ ജിതേഷ് ശര്‍മയാണെന്നും ഇന്ത്യന്‍ ക്രിക്കറ്ററാണെന്നുമെല്ലാം സെക്യൂരിറ്റി ഗാര്‍ഡുകളോടു പറയുന്നത് വീഡിയോയില്‍ കാണാമെങ്കിലും അവരില്‍ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. നിങ്ങളെ അറിയില്ലെന്നും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ജിതേഷിനോടു ഉറപ്പിച്ചു പറയുകയും ചെയ്തു.
ഇതോടെ നിരാശനും നിസ്സഹായനുമായി ജിതേഷ് നില്‍ക്കവെയാണ് സ്റ്റേഡിയത്തിനു അകത്തേക്കു പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ കണ്ടത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഡിക്കെയുമായി അടുത്ത ബന്ധമാണ് ജിതേഷിനുള്ളത്.
ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിനു പുറത്തു ജിതേഷ് ശര്‍മയെ തടയുന്നു. വീഡിയോ കാണാം
ഡിക്കെയെ കണ്ടതിനു ശേഷംെ ഡിക്കെ, ഡിക്കെയെന്നു കൈയുയര്‍ത്തി ദൂരെ നിന്നും ജിതേഷ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. കൈയിലുള്ള മൊബൈല്‍ ഫോണിലേക്കു നോക്കി അദ്ദേഹം അകത്തേക്കു കയറാന്‍ തുടങ്ങുകയായിരുന്നു. താന്‍ ബഹളം വയ്ക്കുന്നത് ഡിക്കെ കേട്ടില്ലെന്നു മനസ്സിലായതോടെ ജിതേഷ് സ്വന്തം ഫോണില്‍ നിന്നും അദ്ദേഹത്തെ വിളിക്കുകയായിരുന്നു.

കോള്‍ എടുത്ത ശേഷം പുറത്തേക്കു വന്ന ഡിക്കെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ജിതേഷിനെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. ആ സമയത്തു ഡിക്കെയെ കണ്ടില്ലായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കുറച്ചു സമയം അവിടെ നിന്ന ശേഷം സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ ജിതേഷിനു തിരിച്ചു പോവേണ്ടിയും വരുമായിരുന്നു.
അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പമാണ് ജിതേഷിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബിയെ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ആര്‍സിബിക്കൊപ്പം ജിതഷിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു. ഈ ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായാണ് ഡിക്കെ പ്രവര്‍ത്തിച്ചത്.