ധരംശാല: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പയില്‍ ഇന്ത്യയുടെ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. അരങ്ങേറ്റ ടെസ്റ്റിലും കഴിഞ്ഞ ടെസ്റ്റിലും മിന്നിച്ച അദ്ദേഹം ഇപ്പോള്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലെ ഒരു പിഴവിന്റെ പേരില്‍ പഴി കേള്‍ക്കുകയാണ്. ബാറ്റിങില്‍ ജുറേല്‍ വരുത്തിയ വലിയൊരു അബദ്ധമാണ് ഇതിനു കാരണം.
റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ അദ്ദേഹത്തിനു ഈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സെടുക്കാനേ ആയുള്ളൂ. 24 ബോളുകള്‍ നേരിട്ട ജുറേലിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുള്‍പ്പെട്ടിരുന്നു. 93ാം ഓവറില്‍ അരങ്ങേറ്റക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (65) പുറത്താവലിനെ തുടര്‍ന്നാണ് ജുറേല്‍ ഏഴാമനായി ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ നാലു വിക്കറ്റിനു 403 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ജുറേലിനു കൂട്ടായി എട്ടു റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ക്രീസില്‍.

ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടികളായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ മികച്ചൊരു കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് ഇവര്‍ 300 കടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ വെറും 24 റണ്‍സ് മാത്രമേ ജുറേല്‍- ജഡ്ഡു സഖ്യത്തിനു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. കളിയില്‍ ഇന്ത്യ ആധിപത്യം നേടി മുന്നേറവെയാണ് ജുറേല്‍ തന്നെ വിക്കറ്റ് വലിച്ചെറിഞ്ഞത്.
തികച്ചും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് അദ്ദേഹം ഇംഗ്ലണ്ടിനു വിക്കറ്റ് ദാനം ചെയ്യുകയായിരുന്നു. സ്പിന്നര്‍ ഷുഐബ് ബഷീര്‍ എറിഞ്ഞ 101ാം ഓവറില്‍ ജുറേല്‍ മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാമത്തെ ബോളിലായിരുന്നു ഇന്ത്യയും ജുറേലും സ്തബ്ധരായ നിമിഷം.
ലെഗ് സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ഷുഐബിന്റെ ബോളിനെതിരേ ജുറേല്‍ വമ്പന്‍ സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ താരത്തിന്റെ കണക്കുകൂട്ടല്‍ പാടെ പിഴിച്ചു. ബോള്‍ നേരെ ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് അരികെ ബെന്‍ ഡക്കെറ്റിന്റെ കൈകളില്‍ കുരുങ്ങുകയായിരുന്നു. ഇതു കണ്ട് ഞെട്ടിയ ജുറേല്‍ നിരാശയോടെ ക്രീസ് വിടുകയായിരുന്നു (ആറിന് 426).
യഥാര്‍ഥത്തില്‍ കളിയുടെ ആ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് ജുറേലില്‍ നിന്നും ടീം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മുന്‍ മല്‍സരങ്ങളില്‍ വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അദ്ദേഹം ഇംഗ്ലണ്ടിനു വെറുതെ ഒരു വിക്കറ്റ് ദാനം ചെയ്യുകയായിരുന്നു. ജുറേല്‍ മടങ്ങിയ ശേഷം ഇന്ത്യക്കു തുടരെ രണ്ടു വിക്കറ്റുകള്‍ കൂടി അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായി.

തൊട്ടടുത്ത ഓവറില്‍ ജഡേജയെ (15) ടോം ഹാര്‍ട്ട്‌ലി വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ ഏഴിന് 427 റണ്‍സിലേക്കു വീണു. അടുത്ത ഓവറില്‍ കരിയറിലെ 100ാം ടെസ്റ്റ് കളിച്ച ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും മടങ്ങിയതോടെ ഇന്ത്യ എട്ടു വിക്കറ്റിനു 428 റണ്‍സിലേക്കു വീഴുകയും ചെയ്തു. മൂന്നു റണ്‍സിനിടെയാണ് മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടത്. ഇതിനെല്ലാം കാരണം ജുറേലിന്റെ ഭാഗത്തു നിന്നും സംഭവിച്ച ആ മോശം ഷോട്ട് തന്നെയാണ്.
ഈ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 300 കടന്നില്ലെങ്കില്‍ ഇതിനു പ്രധാന കാരണക്കാരന്‍ ജുറേല്‍ തന്നെയായിരിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ ലീഡ് 250 പോലും കടക്കില്ലെന്നു ഒരു ഘട്ടത്തില്‍ കരുതിയെങ്കിലു ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപ് യാദവ്- ജസ്പ്രീത് ബുംറ ജോടി 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിച്ചു. എട്ടു വിക്കറ്റിനു 473 റണ്‍സെടുത്താണ് ഇന്ത്യ രണ്ടാംദിനം കളി അവസാനിപ്പിച്ചത്. 255 റണ്‍സ് ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.