വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ ടെസ്റ്റിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ രോഹിത് രണ്ടാം ടെസ്റ്റില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. 41 പന്ത് നേരിട്ട് 14 റണ്‍സാണ് രോഹിത്തിന് നേടാനായത്. യുവതാരം ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.
വിരാട് കോലിയും കെ എല്‍ രാഹുലും പ്ലേയിങ് 11ല്‍ ഇല്ലെന്നിരിക്കെ രോഹിത് ശര്‍മ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു. എന്നാല്‍ രോഹിത്തിനത് സാധിക്കാതെ പോയി. രോഹിത്തിന്റെ അശ്രദ്ധയെ മുതലാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഒരുക്കിയ മികച്ച പദ്ധതിയാണ് രോഹിത്തിന്റെ വിക്കറ്റിലേക്കെത്തിച്ചതെന്ന് പറയാം. രോഹിത് അമിത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഫുള്‍ട്ടോസ് എറിഞ്ഞിട്ടുപോലും രോഹിത് ആക്രമിക്കാന്‍ ധൈര്യം കാട്ടിയില്ല.
കോലിയുടേയും രാഹുലിന്റേയും അഭാവത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങില്‍ വലിയ സമ്മര്‍ദ്ദം കാണാനാവുമായിരുന്നു. ഇത് മനസിലാക്കി ബെന്‍ സ്‌റ്റോക്‌സ് ഷൊയ്ബിനോട് മിഡിലില്‍ നിന്ന് ലെഗ് സൈഡിലേക്ക് പന്ത് ടേണ്‍ ചെയ്യിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍പ്പം ഷോര്‍ട്ടായിട്ടുള്ള പന്തില്‍ രോഹിത് ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സില്ലി പോയിന്റില്‍ നിന്ന് ഒല്ലി പോപ്പിനെ ലെഗ് സ്ലിപ്പിലേക്ക് സ്റ്റോക്‌സ് എത്തിച്ചത് രോഹിത് കണ്ടില്ല.
ഇതാണ് ധൈര്യത്തോടെ രോഹിത് ലെഗ് സ്ലിപ്പ് ഭാഗത്തേക്ക് പന്ത് തിരിച്ചുവിടാന്‍ ശ്രമിച്ചത്. ഇതോടെ വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. രോഹിത്തിന്റെ ശ്രദ്ധക്കുറവാണ് വിക്കറ്റിന് കാരണമായതെന്ന് പറയാം. ഇതോടൊപ്പം അമിത പ്രതിരോധത്തിലേക്ക് രോഹിത് മാറിയതും വിക്കറ്റിന് കാരണമായി. സ്വാഭാവികമായി ആക്രമണോത്സകതയുള്ള താരമാണ് രോഹിത്. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതുമാണ്. ഭേദപ്പെട്ട ടേണ്‍ പിച്ചില്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിന് പിച്ച് അനുകൂലമാണ്.

അതുകൊണ്ടുതന്നെ രോഹിത് അല്‍പ്പം കൂടി ആക്രമിച്ച് കളിക്കേണ്ടതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും പ്രതിരോധിച്ച് കളിക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന് പകരം ഓപ്പണര്‍മാരെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. രോഹിത്തിന്റെ സമീപകാല ടെസ്റ്റിലെ പ്രകടനങ്ങള്‍ മോശമാണ്. നായകനെന്ന നിലയിലും രോഹിത്തിന് തിളങ്ങാനാവുന്നില്ല.
അവസാനമായി രോഹിത്തിന് കീഴില്‍ നാട്ടില്‍ ഇന്ത്യ കളിച്ച മൂന്ന് ടെസ്റ്റില്‍ 2ലും തോറ്റു. ഒരു മത്സരം സമനിലയുമായി. ഇതിന്റെ സമ്മര്‍ദ്ദം രോഹിത്തിനെ വേട്ടയാടുന്നുണ്ട്. അത് രോഹിത്തിന്റെ പ്രകടനത്തിലും വ്യക്തമാകുന്നുണ്ട്. ഇതാണ് താരത്തിന്റെ വിക്കറ്റിനും കാരണമായതെന്ന് പറയാം. ആദ്യ മത്സരത്തില്‍ 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തിട്ടും ഇന്ത്യ 28 റണ്‍സിന് തോറ്റു. ഇതിന്റെ ക്ഷീണം നായകനെന്ന നിലയില്‍ രോഹിത്തിനുണ്ട്.
ശുബ്മാന്‍ ഗില്ലിനും ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാനാവാതെ പോയി. 46 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 34 റണ്‍സാണ് ശുബ്മാന്‍ നേടിയത്. വിമര്‍ശകരുടെ വായടപ്പിച്ച് ഗില്‍ തിരിച്ചുവരുമെന്നാണ് കരുതിയതെങ്കിലും സമാന പിഴവ് ആവര്‍ത്തിക്കുന്നതായിരുന്നു. ഇതിന് പിന്നിലും സ്റ്റോക്‌സിന്റെ മികച്ച ക്യാപ്റ്റന്‍സിയുണ്ട്. സ്പിന്നറെ പിന്‍വലിച്ച് ആന്‍ഡേഴ്‌സണെ തിരിച്ചുവിളിച്ച സ്‌റ്റോക്‌സിന്റെ മികവാണ് ഗില്ലിന്റെ വിക്കറ്റിലേക്ക് നയിച്ചത്.
ഓഫ് സ്റ്റംപിലും ഫോര്‍ത്ത് സ്റ്റംപ് ലൈനിലും തുടര്‍ച്ചയായി പന്തെറിഞ്ഞ ആന്‍ഡേഴ്‌സന്‍ ഗില്ലിനെ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതാണ് വിക്കറ്റില്‍ കലാശിച്ചതും. ആന്‍ഡേഴ്‌സനെന്ന സീനിയര്‍ പേസറുടെ മികവും ഈ വിക്കറ്റില്‍ എടുത്തു പറയേണ്ടത്. ശുബ്മാന്‍ അഡ്വാന്‍സ് ഷോട്ട് കളിച്ചതും എഡ്ജാവാനുള്ള കാരണമാണ്. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ശുബ്മാന്റെ മടക്കം.