ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയഭീതിയിലാണ് ഇന്ത്യന്‍ ടീം. 231 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം അവസാന സെഷനില്‍ 37 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 115 റണ്‍സെന്ന നിലയിലാണ്. പകുതി വിക്കറ്റകള്‍ കൈയിലിരിക്കെ ജയിക്കാന്‍ ഇന്ത്യക്കു ഇനിയും 116 റണ്‍സ് കൂടി വേണം.
ഒരു ദിവസം കൂടി ടെസ്റ്റില്‍ ബാക്കിയുണ്ടെങ്കിലും പകുതി വിക്കറ്റുകള്‍ മാത്രമേ കൈവശമുള്ളൂവെന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യം. ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യയെ ശരിക്കും വിറപ്പിച്ചിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര അത്ര എളുപ്പത്തില്‍ ജയിക്കാമെന്നു പ്രതീക്ഷിക്കേണ്ടെന്നു ഇന്ത്യക്കു ഇംഗ്ലണ്ട് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

അതുകൊണ്ടു തന്നെ പരമ്പരയിലെ ശേഷിച്ച നാലു ടെസ്റ്റുകളില്‍ ഏറ്റവും മികച്ച കളി കെട്ടഴിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു പരമ്പര വിജയം സാധ്യമാവുകയുള്ളൂ. ഒന്നാം ടെസ്റ്റില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ചില പരീക്ഷണങ്ങള്‍ ഇന്ത്യക്കു നടത്താവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ഒരു പേസ് ബൗളറെ മാത്രം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഇന്ത്യ ഇന്ത്യ ചെയ്യേണ്ട ആദ്യത്തെ കാര്യം. ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരീക്ഷിച്ച തന്ത്രമാണിത്. മാര്‍ക്ക് വുഡിനെ മാത്രമാണ് പേസറായി അവര്‍ ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇറക്കിയത്. ഇന്ത്യയാവട്ടെ രണ്ടു പേസര്‍മാരെ ഇലവനിലുള്‍പ്പെടുത്തിയിരുന്നു. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജായിരുന്നു ടീമിലെ രണ്ടാമത്തെ പേസര്‍. പക്ഷെ ടെസ്റ്റില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സിറാജിനായില്ല. രണ്ടിന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ല.
സിറാജിനെ ഒഴിവാക്കി ബുംറയെ ഏക പേസറാക്കിയുള്ള ഗെയിം പ്ലാന്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. പകരം ഒരു സ്പിന്നറെ ഇന്ത്യക്കു ടീമിലേക്കു കൊണ്ടുവരാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെപ്പോലെയൊരാള്‍ ഈ റോളിലേക്കു നല്ലൊരു ഓപ്ഷനാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ കുല്‍ദീപ് കൂടി ഇന്ത്യന്‍ ബൗളിങ് നിരയിലേക്കു വരുന്നതോടെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കുക കൂടുതല്‍ ദുഷ്‌കരമായി മാറുമെന്നുറപ്പാണ്.
ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നാം നമ്പറില്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിനു പകരം പുതുമുഖമായ രജത് പാട്ടിധറിനെ കളിപ്പിക്കുകയെന്നതാണ് ഇനിയുള്ള ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീം നടത്തേണ്ട രണ്ടാമത്തെ പരീക്ഷണം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ വിരാട് കോലിക്കു പകരമാണ് മിന്നുന്ന ഫോമിലുള്ള പാട്ടിധറിനെ ഇന്ത്യ ടീമിലേക്കു വിളിച്ചത്.

ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം ഉജ്ജ്വല പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗില്ലിനു പകരം പാട്ടിധര്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നു. പേസ്, സ്പിന്‍ ബൗളിങിനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള പാട്ടിധര്‍ വളരെ അഗ്രസീവായ ബാറ്റര്‍ കൂടിയാണ്.
ഇന്ത്യന്‍ ടീം നടത്തേണ്ട മറ്റൊരു പരീക്ഷണം ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ബാറ്റിങില്‍ മുന്നിലേക്കു പ്രൊമോട്ട് ചെയ്യുകയെന്നതാണ്. ബാറ്റിങില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്.
ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകളാണ് അക്ഷര്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഒമ്പതാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. പക്ഷെ ബാറ്റിങ് മിടുക്ക് കണക്കിലെടുക്കുമ്പോള്‍ അക്ഷര്‍ കുറേക്കൂടി മുകളില്‍ തീര്‍ച്ചയായും ബാറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇതു അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.