Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിനെ വാഴ്ത്തരുത്! നല്ല പേസര്‍മാരോട് വിറച്ചു; കെസിഎ പറഞ്ഞതില്‍ കാര്യമുണ്ട്?

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 43 പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഇംഗ്ലണ്ടിനെതിരേ പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന വലിയ ജയമാണിത്. മത്സരത്തില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. അഭിഷേക് ശര്‍മ 20 പന്തില്‍ ഫിഫ്റ്റി നേടിയ മത്സരത്തില്‍ സഞ്ജു 20 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഇതില്‍ 22 റണ്‍സും ഗുസ് ആറ്റ്കിന്‍സനെറിഞ്ഞ ഒരോവറിലാണ് നേടിയത്.

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനുമായി കടുത്ത അഭിപ്രായ ഭിന്നതയിലാണുള്ളത്. ഈ സാഹചര്യത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനമെങ്കിലും സഞ്ജുവില്‍ നിന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. സഞ്ജുവിന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഒരോവറില്‍ നേടിയ 22 റണ്‍സ് മതിയാവും. എന്നാല്‍ സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍മാര്‍ക്കെതിരേ മുട്ടിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രോളുകയാണ് ഹേറ്റേഴ്‌സ്.

വുഡിനോടും ആര്‍ച്ചറിനോടും മുട്ടിടിച്ചു

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറേയും മാര്‍ക്ക് വുഡിനേയും നേരിടാന്‍ സഞ്ജു സാംസണ്‍ നന്നായി പ്രയാസപ്പെട്ടുവെന്നതാണ് വസ്തുത. സഞ്ജുവാണ് ആദ്യം സ്‌ട്രൈക്ക് ചെയ്തത്. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തെ അഞ്ച് പന്തിലും സഞ്ജു നോക്കുകുത്തിയായി. ആര്‍ച്ചറുടെ 145ന് മുകളിലുള്ള പന്തുകളില്‍ സഞ്ജു നന്നായി പ്രയാസപ്പെട്ടു. ഈ ഓവറില്‍ ഒരു റണ്‍സാണ് സഞ്ജുവിന് നേടാനായത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഗുസ് ആറ്റ്കിന്‍സനെ നാല് ഫോറും ഒരു സിക്‌സും പറത്തി സഞ്ജു ഞെട്ടിച്ചു. 22 റണ്‍സ് ഈ ഓവറില്‍ നേടി.

നാലാം ഓവറിലാണ് വീണ്ടും സഞ്ജു സ്‌ട്രൈക്കിലേക്കെത്തുന്നത്. മാര്‍ക്ക് വുഡ് എറിഞ്ഞ ഈ ഓവറിലെ ആദ്യത്തെ നാല് പന്തും സഞ്ജു വിറച്ചു. ഒരു മികച്ച ഷോട്ട് പോലും കളിക്കാനായില്ല. വുഡിന്റെ തീപാറും പന്തുകള്‍ സഞ്ജുവിനെ വെള്ളം കുടിപ്പിച്ചു. അഞ്ചാം പന്തില്‍ ലെഗ് ബൈയായി ബൗണ്ടറി നേടിയപ്പോള്‍ അവസാന പന്തില്‍ സഞ്ജു സിംഗിളാണ് നേടിയത്. ആര്‍ച്ചറിന്റേയും വുഡിന്റേയും പന്ത് നേരിട്ട് നാല് റണ്‍സാണ് സഞ്ജുവിന് ആകെ നേടാനായത്.

sanju samson

ആര്‍ച്ചറിന് മുന്നില്‍ കീഴടങ്ങി സഞ്ജു

അഞ്ചാം ഓവര്‍ എറിയാനെത്തിയ ജോഫ്രാ ആര്‍ച്ചറിന്റെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ സഞ്ജു തൊട്ടടുത്ത പന്തില്‍ വിക്കറ്റ് നല്‍കി മടങ്ങി. ആര്‍ച്ചറിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം ബൗണ്ടറി ലൈനില്‍ അവസാനിക്കുകയായിരുന്നു. സഞ്ജു ആറ്റ്കിന്‍സനെ തല്ലിത്തകര്‍ത്തത് ആഘോഷിക്കുമ്പോഴും പ്രധാന പേസര്‍മാര്‍ക്കെതിരായ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജു കെസിഎക്കും ബിസിസി ഐക്കും മറുപടി നല്‍കിയെന്ന് ആരാധകര്‍ വാഴ്ത്തുമ്പോഴും പ്രധാന ബൗളര്‍മാരോട് വിറച്ചുവെന്നതാണ് ഹേറ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിന് നല്ല പേസര്‍മാരെ നേരിടുമ്പോള്‍ ദൗര്‍ബല്യമുണ്ടെന്നും ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറി പ്രകടനം നടത്തിയത് പ്രധാന ബൗളര്‍മാരുടെ അഭാവത്തിലായിരുന്നുവെന്നും ഹേറ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ആന്‍ റിച്ച് നോക്കിയേയും കഗിസോ റബാഡയും ഇല്ലാത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്‌ക്കെതിരേയാണ് സഞ്ജു സെഞ്ച്വറി നേടിയതെന്നും നല്ല പേസര്‍മാരോട് സഞ്ജു പതറുമെന്നുമാണ് എതിരാളികള്‍ പരിഹസിക്കുന്നത്.

കെസിഎക്കുള്ള മറുപടി ഇതല്ല

കെസിഎയും സഞ്ജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാണ്. കെസിഎ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി കളിപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവിന് വിളിയെത്താത്തതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഞ്ജുവിന്റെ പ്രകടനം സ്ഥിരതയോടെയുള്ളതാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി കളിച്ചില്ലെങ്കിലും ഇന്ത്യ ടീമിലേക്ക് വിളിക്കുമായിരുന്നുവെന്നാണ് കെസിഎയുടെ പക്ഷം. എന്തായാലും സഞ്ജുവിന്റെ ഒന്നാം ടി20യിലെ പ്രകടനം വലിയ പ്രശംസ അര്‍ഹിക്കുന്നതല്ലെന്നാണ് ഹേറ്റേഴ്‌സ് അഭിപ്രായപ്പെടുന്നത്.

Story first published: Wednesday, January 22, 2025, 23:09 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+