ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ ഗംഭീര ജയം നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധിപത്യ ജയം ഇന്ത്യ നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന് പൊരുതിയാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ട് നന്നായി പൊരുതിയെങ്കിലും തിലക് വര്‍മയുടെ (72*) അപരാജിത അര്‍ധ സെഞ്ച്വറി ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു.
അഞ്ച് മത്സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തിയെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ 26 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ വെറും അഞ്ച് റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന് മുന്നിലാണ് സഞ്ജു കീഴടങ്ങിയത്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറി നേടിയ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരേ താളം കണ്ടെത്താനാവുന്നില്ല.
ഇപ്പോഴിതാ സഞ്ജു സാംസണെതിരേ ട്രോളുകള്‍ സജീവമാവുകയാണ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടതിന് പിന്നാലെ വലിയ വിമര്‍ശനം രോഹിത് ശര്‍മക്കും സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കുമെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരായിരുന്നു ശരിയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.
രോഹിത്തേ മാപ്പ്...
സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനോട് മാപ്പ് ചോദിക്കുകയാണ് ആരാധകര്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കാനുള്ള സ്ഥിരതയില്ലെന്നും നല്ല പേസര്‍മാരോട് സഞ്ജു സാംസണ്‍ പതറുമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഏറെക്കുറെ ശരിവെക്കുന്ന തരത്തിലാണ് ഇംഗ്ലണ്ടിനെതിരായ സഞ്ജുവിന്റെ പ്രകടനം.

ജോഫ്രാ ആര്‍ച്ചറുടേയും മാര്‍ക്ക് വുഡിന്റേയും അതിവേഗ പേസ് പന്തുകള്‍ക്ക് മുന്നില്‍ സഞ്ജു വെറും നോക്കുകുത്തിയാണ്. നല്ല വേഗവും ലെങ്തുമുള്ള പന്തുകളില്‍ നന്നായി കണക്ട് ചെയ്യാന്‍ പോലും സഞ്ജുവിന് സാധിക്കുന്നില്ലെന്ന് പറയാം. ഈ നിലവാരമുള്ള സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കാത്തതാണ് നല്ലതെന്നും രോഹിത്തിന്റേയും അഗാര്‍ക്കറുടേയും തീരുമാനം തെറ്റായില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ആര്‍ച്ചറോട് മോശം ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് നശിപ്പിച്ചതെന്നും എടുത്തു പറയണം.
സഞ്ജുവിന് നല്ല പേസര്‍മാരെ പേടി
പേസിനേയും സ്പിന്നിനേയും നന്നായി നേരിടുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍മാരോട് ആധിപത്യം കാട്ടാന്‍ മലയാളി താരത്തിന് സാധിക്കുന്നില്ല. ആത്മവിശ്വാസത്തോടെയുള്ള ഒരു ഷോട്ട് പോലും സഞ്ജു കളിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ആര്‍ച്ചറിന്റെ കൃത്യമായ കെണിയില്‍ സഞ്ജു വീഴുകയായിരുന്നു. ഷോര്‍ട്ട് ബോളുകളില്‍ വലിയ ഷോട്ടിന് ശ്രമിക്കുന്ന സഞ്ജുവിന്റെ ശീലത്തെ ആര്‍ച്ചര്‍ നന്നായി മുതലാക്കിയെന്ന് തന്നെ പറയാം.
സഞ്ജുവിന്റെ ഈഗോയെ മുതലാക്കിയാണ് ആര്‍ച്ചര്‍ വിക്കറ്റ് നേടിയത്. ആദ്യ മത്സരത്തിലും സിക്‌സറിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എന്തായാലും ദക്ഷിണാഫ്രിക്കയില്‍ കാട്ടിയ മികവ് സഞ്ജുവിന് ഇംഗ്ലണ്ടിനെതിരേ കാട്ടാനാവുന്നില്ല. ചെന്നൈയിലെ പിച്ചില്‍ സഞ്ജുവിന്റെ മുന്‍ കണക്കുകളും നിരാശപ്പെടുത്തുന്നതാണ്. സഞ്ജു ഇതേ ഫോം തുടര്‍ന്നാല്‍ ഈ പരമ്പരയോടെ ടീമിലെ സ്ഥാനം നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്.
ജയ്‌സ്വാള്‍ വരുമ്പോള്‍ വഴിമാറണം
നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്ത്യയുടെ ടി20യിലെ ഓപ്പണര്‍മാര്‍. സഞ്ജു ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ അടുത്ത പരമ്പരയില്‍ അഭിഷേക് ശര്‍മയേയും യശ്വസി ജയ്‌സ്വാളിനേയും ഓപ്പണര്‍മാരാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നാം മത്സരത്തില്‍ സഞ്ജു ഫ്‌ളോപ്പായാല്‍ സൂര്യകുമാര്‍ യാദവ് ഓപ്പണിങ്ങിലേക്കെത്തി ദ്രുവ് ജുറേലിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.