മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരം തോറ്റു. എന്നാല്‍ നാലാം മത്സരത്തില്‍ 15 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ പരമ്പര ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബേയും നടത്തിയ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും ഹര്‍ഷിത് റാണയും രവി ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയും നടത്തിയ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ഇന്ത്യ പരമ്പര നേടിയതിനാല്‍ത്തന്നെ അഞ്ചാം ടി20യില്‍ ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയും വരാനിരിക്കുന്നതിനാല്‍ ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണെന്ന് തന്നെ പറയാം. അഞ്ചാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ
ഇന്ത്യക്കായി ഓപ്പണിങ്ങില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടര്‍ന്നേക്കും. സഞ്ജു സാംസണിന്റെ ആദ്യത്തെ നാല് മത്സരങ്ങളിലെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. ബാക്കപ്പ് ഓപ്പണര്‍മാരായി ആരുമില്ലാത്തതിനാലും ബാക്കപ്പ് കീപ്പറായി ദ്രുവ് ജുറേല്‍ മോശം ഫോമില്‍ ഉള്ളതിനാലും സഞ്ജു സാംസണ്‍ അഞ്ചാം മത്സരത്തിലും കളിക്കുമെന്നുറപ്പാണ്.
ഈ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. അഭിഷേക് ശര്‍മ ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. അര്‍ധ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ അഭിഷേക് നല്ല തുടക്കം ഇന്ത്യക്ക് നല്‍കുന്നുണ്ട്. ഈ ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചാം മത്സരത്തിലും തുടരുമെന്നുറപ്പ്.

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), ശിവം ദുബെ
മൂന്നാം നമ്പറില്‍ തിലക് വര്‍മ കളിക്കും. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ലെങ്കിലും സമീപകാലത്തായി ഇന്ത്യക്കായി മികച്ച ഫോമില്‍ കളിക്കാന്‍ തിലകിന് സാധിക്കുന്നുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ്. നിലയുറപ്പിച്ച് കളിക്കാനും തിലകിന് സാധിക്കും. നാലാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ഇന്ത്യന്‍ നായകന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ അഞ്ചാം മത്സരം വളരെ നിര്‍ണ്ണായകമാണ്.
അഞ്ചാം നമ്പറില്‍ ശിവം ദുബെ കളിക്കും. ഹാര്‍ദിക് പാണ്ഡ്യ ഏകദിന പരമ്പര കളിക്കാനുള്ളതിനാല്‍ അഞ്ചാം ടി20യില്‍ വിശ്രമം നല്‍കിയേക്കും. നാലാം ടി20യില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ശിവം ദുബെക്ക് സാധിച്ചിരുന്നു. ഡെത്തോവറുകളിലടക്കം അതിവേഗം റണ്‍സുയര്‍ത്താന്‍ ശിവം ദുബെക്ക് സാധിക്കുന്നുണ്ട്.
റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ
ആറാം നമ്പറില്‍ റിങ്കു സിങ്ങിനെയാണ് ഇന്ത്യ കളിപ്പിക്കുക. നാലാം ടി20യില്‍ ഇന്ത്യക്കായി മികവ് കാട്ടാന്‍ റിങ്കുവിന് സാധിച്ചിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത റിങ്കു അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഫിനിഷറാണ്. ഇടം കൈയന്‍ താരമായ റിങ്കു സമ്മര്‍ദ്ദത്തില്‍ തിളങ്ങുന്ന താരമാണ്. ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് കളിപ്പിക്കുക. ഏകദിന പരമ്പരക്ക് മുന്നോടിയായി അക്ഷര്‍ പട്ടേലിന് വിശ്രമം നല്‍കിയേക്കും. സുന്ദര്‍ വീണ്ടും പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ഹര്‍ഷിത് റാണയെ എട്ടാം നമ്പറില്‍ കളിപ്പിച്ചേക്കും. പേസര്‍ മികച്ച പ്രകടനമാണ് നാലാം ടി20യില്‍ കാഴ്ചവെച്ചത്.
മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്
ഒമ്പതാം നമ്പറില്‍ പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. സീനിയര്‍ പേസര്‍ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയാണ്. എന്നാല്‍ ഏകദിന പരമ്പരക്ക് മുമ്പ് ഷമിക്ക് അവസരം നല്‍കി ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. 10ാം നമ്പറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യക്ക് കളിപ്പിക്കും. സ്പിന്നര്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. അവസാനക്കാരനായി സ്പിന്നര്‍ രവി ബിഷ്‌നോയിയെ പരിഗണിച്ചേക്കും. ഇത്തരമൊരു പ്ലേയിങ് 11നെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത കൂടുതല്‍.