അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര വരുതിയിലാക്കിയതിന്റ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിന് ഇറങ്ങുക. ബുധനാഴ്ച പകലും രാത്രിയുമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് അവസാന പോരാട്ടം. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാന മല്‍സരവും ഇതു തന്നെയാണ്.
ഇതിനകം പരമ്പര കൈക്കലാക്കിയതിനാല്‍ വലിയ അഴിച്ചുപണികളോടെയാവും ഇന്ത്യ മൂന്നാമങ്കത്തില്‍ ഇറങ്ങുക. പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചിലര്‍ക്കു ഈ കളിയില്‍ ടീമിലേക്കു കോള്‍ വന്നേക്കുകയും ചെയ്യും. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ഓപ്പണിങില്‍ മാറ്റം
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഗില്ലിനു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പരമ്പരയിലെ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരം ഗംഭീര ഫോമിലാണ്. അതുകൊണ്ടു തന്നെ ഗില്ലിനു പകരം മറ്റൊരു യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇലവനിലേക്കു ഇന്ത്യ തിരികെ കൊണ്ടു വന്നേക്കും.
നേരത്തേ ആദ്യ കളിയിലൂടെ ഏകദിനത്തില്‍ അരങ്ങേറിയ താരമാണ് ജയ്‌സ്വാള്‍. പക്ഷെ പരിക്കു ഭേദമായി വിരാട് കോലി തിരിച്ചെത്തിയതോടെ രണ്ടാമങ്കത്തില്‍ താരത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. എന്നാല്‍ അവസാന കളിയില്‍ ജയ്‌സ്വാളിനു ഒരവസരം കൂടി നല്‍കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
മധ്യനിരയില്‍ മാറ്റം
ഇന്ത്യന്‍ മധ്യനിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ തുടര്‍ന്നും കളിക്കും. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും ഇത്. പക്ഷെ ശ്രേയസ് അയ്യര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. ആദ്യ കളിയില്‍ ഫിഫ്റ്റിയും രണ്ടാമത്തേതില്‍ 44 റണ്‍സും സ്‌കോര്‍ ചെയ്ത താരം തകര്‍പ്പന്‍ ഫോമിലാണ്.

ശ്രേയസിനു പകരം നാലാമനായി വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ ഇന്ത്യ കൊണ്ടുവന്നേക്കും. പരമ്പരയില്‍ ഇനിയും അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല. റിഷഭിനു ശേഷം അഞ്ചാമനായി കെഎല്‍ രാഹുലായിരിക്കും. രണ്ടിലൊരാളായിരിക്കും ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നത്. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും ക്രീസിലെത്തുന്നത്
ബൗളിങ് നിര
ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ രണ്ടു മാറ്റങ്ങള്‍ വരാനിടയുണ്ട്. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു വിശ്രമം നല്‍കി പകരം വാഷിങ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നേക്കുമെന്നാണ് സൂചനകള്‍. അക്ഷര്‍ കഴിഞ്ഞ രണ്ടു കളിയിലും ബാറ്റിങില്‍ മികച്ച പ്രകടനമാണ് അക്ഷര്‍ നടത്തിയത്.
ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വാഷിങ്ടണായിരിക്കും. അതിനുശേഷം എട്ടാമനായി രവീന്ദ്ര ജഡേജ തന്നെ തുടരും. അദ്ദേഹത്തിനു ബാറ്റിങില്‍ ഇനിയും കാര്യമായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രധാന സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി ടീമിലെ സ്ഥാനം നിലനിര്‍ത്തും.
പേസ് ബൗളിങില്‍ ഇന്ത്യ ഒരു മാറ്റം വരുത്താനിടയുണ്ട്. ഹര്‍ഷിത് റാണയ്ക്കു പകരം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനു പരമ്പരയിലെ ആദ്യ അവസരം നല്‍കാനിടയുണ്ട്. പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളിയായി മുഹമ്മദ് ഷമിയുമുണ്ടാവും.
ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.