ലീഡ്‌സ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയതോടെ കോച്ച് ഗൗതം ഗംഭീറിനെതിരേ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിനെ വലിയ നേടങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ലെന്നും ടെസ്റ്റില്‍ മാത്രമായി പുതിയ കോച്ച് വരണമെന്നുമാണ് ആരാധകരുടെ ആവശ്യം. ജയിക്കാന്‍ സാധിക്കുമായിരുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു അഞ്ചു വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്.
371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷെ അതു പ്രതിരോധിക്കാന്‍ കഴിയാതെ അവസാനദിവസം അവസാന സെഷനില്‍ ശുഭ്മന്‍ ഗില്ലും സംഘവും കളി കൈവിടുകയും ചെയ്തു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്.

ഗംഭീറിനെ മാറ്റൂ
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയത്തിലേക്കു വീണതിനു പിന്നാലെയാണ് ആരാധകര്‍ ഗൗതം ഗംഭീറിനെതിരേ വാളെടുത്തത്. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനക്കു നീക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ പുറത്താക്കണം. 9 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. ഓസ്‌ട്രേിയയെ അവരുടെ നാട്ടില്‍ വച്ച് രണ്ടു ടെസ്റ്റ് പരമ്പരകളില്‍ തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിനെയാണ് ഗംഭീര്‍ ഇപ്പോള്‍ ഈ തരത്തിലേക്കു നാണം കെടുത്തിയിരിക്കുന്നത്. വ്യക്തിപരമായ ഈഗോയും ഫേവറിറ്റസവുമെല്ലാം ടീം കോമ്പിനേഷനെയും ബാധിച്ചിരിക്കുകയാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായിട്ടുള്ള കോച്ചായിട്ടാവും ഗൗതം ഗംഭീര്‍ ഓര്‍മിക്കപ്പെടുക. മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിനേക്കാള്‍ മോശമാണ് അദ്ദേഹന്നും ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം നോക്കൂ- ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റു, നാട്ടില്‍ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടു, നാട്ടിലെ 12 വര്‍ഷത്തെ വിജയക്കുപ്പ് അവസാനിപ്പിച്ചു, 12 വര്‍ഷങ്ങള്‍ള്‍ക്കു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടു, ഡബ്ല്യുടിസി ഫൈനല്‍ യോഗ്യത ആദ്യമായി നഷ്ടമായി, വിരാട് കോലിയെയും രോഹിത് ശര്‍മയെയും വിരമിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റും കൈവിട്ടു. ഗംഭീറിനെക്കൊണ്ട് ഇതു സാധിക്കില്ലെന്നു തന്നെയാണ് ഇവയെല്ലാം തെൡക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി എന്തു നേട്ടമാണ് കൈവരിച്ചതെന്നു തനിക്കറിയില്ലെന്നായിരുന്നു ഒരിക്കല്‍ ഗൗതം ഗംഭീറിന്റെ പരിഹാസം. എന്നാല്‍ ഇപ്പോള്‍ ഗംഭീറിന്റെ അവസ്ഥ നോക്കൂ. അദ്ദേഹത്തിനു കീഴില്‍ ഇതിനകം കളിച്ച ഒമ്പതു ടെസ്റ്റുകൡ ഏഴിലും ഇന്ത്യ തോല്‍വിയറിഞ്ഞു. ഒന്നു സമനിലയായപ്പോള്‍ ജയിക്കാനായത് ഒന്നില്‍ മാത്രമാണെന്നായിരുന്നു ഒരു വിമര്‍ശനം.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ ബിസിസിഐ പുറത്താക്കേണ്ടതായിരുന്നു. പകരം വിരാട് കോലിയെയും രോഹിത് ശര്‍മയെയും ആര്‍ അശ്വിനെയുമെല്ലാം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് അവര്‍ ചെയ്തത്.
ടെസ്റ്റില്‍ ഒരു ദയനീയ കോച്ച് തന്നെയാണ് ഗംഭീര്‍. നാട്ടില്‍ ന്യൂസിലാന്‍ഡിനോടു സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റു, ഇപ്പോള്‍ ഇംഗ്ലണ്ടിലും പരാജയത്തോടെ തുടങ്ങിയിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പര ഇന്ത്യ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.