Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന്റെ ക്യാപ്റ്റന്‍സി 'ഹണിമൂണ്‍' ഉടന്‍ തീരും!! ഇനി സംഭവിക്കുകയെന്ത് ? മുന്നറിയിപ്പുമായി ദാദ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെ നാണംകെടുത്തി എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ചരിത്ര വിജയം കൊയ്‌തെങ്കിലും ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ഹണിമൂണ്‍ സമയം വൈകാതെ അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എജ്ബാസ്‌സ്റ്റണിലെ കഴിഞ്ഞ ടെസ്റ്റില്‍ 336 റണ്‍സിനാണ് ഗില്ലിനു കീഴില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കിയത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ 150 പ്ലസ് റണ്‍സുമടിച്ച് വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 400ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഗില്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

SOURAV GANGULY

യാത്ര കടുപ്പമായിരിക്കും

ഇന്ത്യന്‍ ടെസ്റ്റ് നായകനായതിനു ശേഷം രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ വലിയൊരു വിജയം കൊയ്യാനായെങ്കിലും മുന്നോട്ടുള്ള യാത്ര ശുഭ്മന്‍ ഗില്ലിനു അത്ര എളുപ്പമായിരിക്കില്ലെന്നു സൗരവ് ഗാംഗുലി വ്യക്തമാക്കി. 53ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദാദ.

ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലില്‍ നിന്നും താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനമാണിതെന്നും അതില്‍ ആശ്ചര്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഗില്‍ ഇപ്പോള്‍ ഇന്ത്യന്‍ നായകനായിട്ടേയുള്ളൂ. ഇതു ഹണിമൂണ്‍ സമയവുമാണ്. പക്ഷെ മുന്നോട്ടു പോകവെ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവും. അടുത്ത മൂന്നു ടെസ്റ്റുകളിലും സമ്മര്‍ദ്ദമുയരുമെന്നും ഗാംഗുലി പറഞ്ഞു.

അവിശ്വസനീയ റണ്‍വേട്ടയാണ് ഈ പരമ്പരയില്‍ ഗില്‍ കാഴ്ചവയ്ക്കുന്നത്. വെറും നാലിന്നിങ്‌സുകളില്‍ നിന്നും 146.25 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 585 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കഴിഞ്ഞു. മൂന്നു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. അതിലൊന്ന് ഡബിളുമാണ്. എജ്ബാസ്റ്റണിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണ്‍ തന്നെയായിരുന്നു ഗില്‍.

ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സുമാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്ത് എത്തിനില്‍ക്കുകയാണ് ഇപ്പോള്‍ ഗില്‍. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ ബാറ്ററെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും കോച്ചുമായ രാഹുല്‍ ദ്രാവിഡ് 602 റണ്‍സ് നേടിയതാണ് ഇതുവരെയുളള റെക്കോര്‍ഡ്. ഇതു മറികടക്കാന്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ നിന്നും ഇനി വെറും 18 റണ്‍സ് മാത്രമേ ഗില്ലിനു ആവശ്യമുള്ളൂ. ലോര്‍ഡ്‌സിലെ അടുത്ത ടെസ്റ്റില്‍ തന്നെ അദ്ദേഹം ഇതു മറികടന്നേക്കും.

SHUBMAN GILL

ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ 88 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് പോലും തിരുത്താന്‍ ഗില്ലിനു സാധിച്ചേക്കും. 1936-37ലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരേ 810 റണ്‍സുമായിാണ് ബ്രാഡ്മാന്‍ ചരിത്രം കുറിച്ചത്. ഇതു തിരുത്തിക്കുറിക്കാന്‍ ശേഷിച്ച ആറിന്നിങ്ുകളില്‍ നിന്നും ഗില്ലിനു വേണ്ടത് 225 റണ്‍സാണ്. നിലവിലെ ഫോമില്‍ അദ്ദേഹത്തിനു ഇതു വലിയ വെല്ലുവിളിയാവാനിടയില്ല.

പരമ്പര തുടങ്ങിയിട്ടേയുള്ളൂ

ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റില്‍ വിജയം കൊയ്‌തെന്നു കരുതി ഇന്ത്യക്കു ആശ്വസിക്കാനായിട്ടില്ലെന്നും പരമ്പര തുടങ്ങിയിട്ടേയുള്ളൂവെന്നും സൗരവ് ഗാംഗലി പറഞ്ഞു.
ഇപ്പോള്‍ പരമ്പര 1-1 ആയിട്ടേയുള്ളൂ. മൂന്നു മല്‍സരങ്ങള്‍ ഇനിയും ശേഷിക്കെ ഒരുപാട് ഇനിയും കളിക്കാനുണ്ട്. ഇന്ത്യ വളരെ നന്നായിട്ടു തന്നെ കളിച്ചു. എങ്കിലും ലോര്‍ഡ്‌സിലെ അടുത്ത മല്‍സരത്തില്‍ ഇന്ത്യക്കു ഒന്നില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

Story first published: Wednesday, July 9, 2025, 9:43 [IST]
Other articles published on Jul 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+