ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം ബാക്ക്ഫൂട്ടില്‍ നില്‍ക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും ടീം എന്തുകൊണ്ടാണ് തോറ്റു കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം തുറന്നടിക്കുന്നു.
ലീഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തില്‍ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പഴിക്കാന്‍ സാധിക്കില്ലെന്നും തെറ്റ് ഗംഭീറിന്റേതാണെന്നും ചോപ്ര കുറ്റപ്പെടുത്തി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മുന്‍ ടീമംഗം കൂടിയായ ഗംഭീറിനെ അദ്ദേഹം പഞ്ഞിക്കിട്ടത്.

ഗില്ലിനോടു ക്ഷമിക്കാം
എല്ലാം നല്ലതാണെങ്കില്‍ എല്ലാവരും അതില്‍ അഭിമാനിക്കുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ തത്വമാണ്. പക്ഷെ കാര്യങ്ങള്‍ മോശമായാല്‍ സ്വാഭാവികമായും വിമര്‍ശനങ്ങളും വരാന്‍ തുടങ്ങും. ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ ഞാന്‍ കുറേക്കൂടി ക്ഷമ പാലിക്കും. കാരണം അവന്‍ ഇപ്പോള്‍ ക്യാപ്റ്റനായിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ എല്ലാം മനസ്സിലാക്കാന്‍ സമയമെടുക്കുകയും ചെയ്യുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ഗൗതം ഗംഭീറിനു മേല്‍ ഇപ്പോള്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ട്. ഇതു തീര്‍ച്ചയായും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം നോക്കിയാല്‍ ഒരുപാട് മല്‍സരങ്ങളിലൊന്നും വിജയിച്ചിട്ടില്ലെന്നു കാണാം. ബംഗ്ലാദേശിനെതിരേ രണ്ടു ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരേ ഒരു ടെസ്റ്റും മാത്രമാണ് ഗംഭീര്‍ ഇതുവരെ ജയിച്ചിട്ടുള്ളത്.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും മൂന്നു വീതം ടെസ്റ്റുകളില്‍ അദ്ദേഹം പരാജയപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റിലും ഗംഭീര്‍ തോല്‍വിയറിഞ്ഞു. റെഡ് ബോള്‍ ക്രിക്കറ്റില്‍ വീണ്ടും വീണ്ടും അദ്ദേഹം പരാജയപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നും ചോപ്ര വിമര്‍ശിക്കുന്നു.
ആവശ്യപ്പെട്ടതെല്ലാം നല്‍കി
ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടതെല്ലാം ബിസിസിഐയും സെലക്ടര്‍മാരും നല്‍കിയിട്ടും അദ്ദേഹത്തിനു ടെസ്റ്റില്‍ പ്രതീക്ഷിച്ചതു പോലെയുള്ള ഫലങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം മികച്ചതാണ്. ടീം വളരെ നന്നായി കളിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ അങ്ങനെയല്ല, അതുകൊണ്ടു തന്നെ ചോദ്യങ്ങളുമുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.
ഈ പരമ്പരയില്‍ ഗംഭീറിനുമേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരിക്കും. ഈ ടെസ്റ്റ് പരമ്പര നന്നായി വന്നില്ലെങ്കില്‍? ഇതു നന്നായി തന്നെ വരട്ടെയെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നല്ല പ്രകടനം നടത്തണമെന്നു ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. പക്ഷെ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചോദ്യങ്ങളുയരുക തന്നെ ചെയ്യുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

അവര്‍ (ഇന്ത്യന്‍ ടീ) എവിടേക്കാണ് പോവുന്നത്, എന്താണ് ചെയ്യുന്നത്? കാരണം ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നു സെലക്ടര്‍മാര്‍ക്കു തോന്നും. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള താരം, നിങ്ങള്‍ ആവശ്യപ്പെട്ടത്രയും താരം, കൂടാതെ നിങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള താരങ്ങളെയും നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ നല്ല റിസല്‍റ്റുകള്‍ നല്‍കേണ്ടതും ആവശ്യമാണ്. ഇക്കാര്യത്തില്‍ ഒരു ഒഴികഴിവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യടെസ്റ്റിന്റെ പല സെഷനുകളിലും ആധിപത്യം പുലര്‍ത്തിയ ശേഷമാണ് ഇന്ത്യ പരാജയത്തിലേക്കു വീണത്. 371 റണ്‍സെന്ന വെല്ലുവിളിയുര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് ശുഭ്മന്‍ ഗില്ലും സംഘവും അഞ്ചു വിക്കറ്റിന്റെ പരാജയം സമ്മതിച്ചത്.