ഇംഗ്ലണ്ട് പര്യനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട് മുഖ്യ കോച്ച് ഗൗതം ഗംഭീറും പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ദിവസങ്ങള്‍ക്കു മുമ്പാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഗില്ലിനു പുതിയ നായകനായി നറുക്കുവീണപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി റിഷഭ് പന്തിനുമായിരുന്നു.
ഇന്ത്യന്‍ സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് മിന്നുന്ന ഫോമിലുള്ള യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ ആദ്യമായി ടെസ്റ്റ് ടീമിലിടം നേടിയെന്നതാണ്. പക്ഷെ സായിയെ ടീമിലെടുക്കാന്‍ ഗംഭീറിനു താല്‍പ്പര്യമില്ലായിരുന്നെന്നും ഗില്ലിന്റെ ഇടപെടല്‍ കാരണമാണ് കോച്ച് ഒടുവില്‍ വഴങ്ങിയതെന്നുമാണ് ക്രിക്ക്‌ബ്ലോഗറുടെ (CricBlogger) റിപ്പോര്‍ട്ടില്‍ പറയുന്നത്.

സായിയെ തഴഞ്ഞ ഗംഭീര്‍
ഇന്ത്യന്‍ സ്‌ക്വാഡ് സെലക്ഷനു തൊട്ടുമുമ്പാണ് സായ് സുദര്‍ശനെ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ തനിക്കു വേണ്ടെന്നു ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ തീരുമാനം സെലക്ഷന്‍ കമ്മിറ്റിയിലുള്ളവരെ മുഴുവന്‍ ഞെട്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സായ് തീര്‍ച്ചയായും സംഘത്തില്‍ വേണമെന്നായിരുന്നു പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭിപ്രായം.
തുടര്‍ന്നു അര മണിക്കൂറോളം ഇതേക്കുറിച്ച് ഗംഭീറുമായി ഗില്‍ സംസാരിച്ചതായും അതിനു ശേഷം ശേഷമാണ് സായിക്കു ടീമിലേക്കു പച്ചകൊടി ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗതം ഗംഭീര്‍ നേരത്തേ സ്വയം ഒരു ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററായിരുന്നു. അതുകൊണ്ടു തന്നെ സായിയെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലായിരുന്നെന്നാണ് ബിസിസിഐയുമായി അടുത്തന വൃത്തങ്ങളിലുള്ളവര്‍ ക്രിക്ക്‌ബ്ലോഗറോടു വെളിപ്പെടുത്തിയത്.
ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോള്‍ ഐപിഎല്ലിലുമെല്ലാം വലിയ റണ്‍വട്ട നടത്തിക്കൊണ്ടിരിക്കുന്ന സായിയെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചേക്കുമെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കും ഗില്ലിനുമെല്ലാം ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നതെങ്കിലും ഗംഭീറിന്റെ പ്ലാന്‍ വ്യത്യസ്തമായിരുന്നു.
ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അപ്രതീക്ഷിത വിരമിക്കലിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ റെഡ് ബോള്‍ പരമ്പര കൂടിയാണ് ഇംഗ്ലണ്ടിലേത്. ബാറ്റിങില്‍ ഇരുവരുടെയും അഭാവം നികത്തുകയെന്ന വലിയൊരു വെല്ലുവിളിയാണ് ഇനി ടീമിനു മുന്നിലുള്ളത് മൂന്നാം നമ്പറിലായിരിക്കും ഇംഗ്ലണ്ടിനെതിരേ സായ് ബാറ്റിങിനു ഇറങ്ങിയേക്കുകയെന്നാണ് സൂചനകള്‍. കോലിയുടെ പൊസിഷനായ നാലില്‍ ക്യാപ്റ്റന്‍ ഗില്ലും ബാറ്റ് ചെയ്തക്കും.
ഇതാദ്യമായല്ല ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഗംഭീറും സെലക്ടര്‍മാരും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാവുന്നത്. ഈ വര്‍ഷമാദ്യം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ടും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.
അന്നു ശ്രേയസ് അയ്യര്‍ ടീമില്‍ വേണമെന്നു ഗംഭീര്‍ വാശി പിടിച്ചപ്പോള്‍ അഗാര്‍ക്കറും സെലക്ടര്‍മാരും ഇതിനോടു യോജിച്ചില്ല. ഒടുവില്‍ ഗംഭീറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രേയസിനെ ടീമിലെടുക്കുകയും ചെയ്തു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയിരുന്നു. ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു.

സുദര്‍ശന്റെ ഫോം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏകദിനനത്തിലും ടി20യിലും ഇതിനകം അരങ്ങേറിക്കഴിഞ്ഞ സായ് സുദര്‍ശന്‍ ഇതാദ്യമായിട്ടാണ് ടെസ്റ്റ് ടീമിന്റെ ഭാഗമായത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വലിയ റണ്‍വേട്ട നടത്തുന്ന അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമാണ്.
14 മല്‍സരങ്ങളില്‍ നിന്നും 52.23 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 155.37 സ്‌ട്രൈക്ക് റേറ്റോടെ 679 റണ്‍സാണ് ഗില്‍ ഇതിനകം വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഉള്‍പ്പെടെയാണിത്.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടിയും സായ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 76 ശരാശരിയോടെയാണ് താരം ബാറ്റ് വീശിയത്. പിന്നീട് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച സായ് അവിടെയും ശ്രദ്ധേയമായ പ്രകടനം തന്നെ നടത്തി.