റാഞ്ചി: ഇംഗ്ലണ്ടിനെ കുരുക്കാന്‍ ഒരുക്കിയ കുഴിയില്‍ സ്വയം വീണിരിക്കുകയാണ് ടീം ഇന്ത്യ. പിച്ചിന്റെ ആനുകൂല്യം ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ നന്നായി ഇംഗ്ലണ്ട് മുതലെടുത്തപ്പോള്‍ രോഹിത് ശര്‍മയും സംഘവും പരാജയഭീതിയിലാണ്. ബൗളിങില്‍ ശരാശരി പ്രകടനം മാത്രം നേരത്തേ കാഴ്ചവച്ച ഇന്ത്യ ബാറ്റിങിലും ഫ്‌ളോപ്പായിരിക്കുകയാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 353 റണ്‍സ് പിന്തുര്‍ന്ന ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിനു 219 റണ്‍സെന്ന നിലയിലാണ്. ധ്രുവ് ജുറേലും (30*) കുല്‍ദീപ് യാദവുമാണ് (17*) ക്രീസിലുള്ളത്. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 134 റണ്‍സ് കൂടി വേണം.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിശ്വസിക്കാവുന്ന ഏക താരമായ യശസ്വി ജയ്‌സ്വാള്‍ തന്നെയാണ് ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായത്. 73 റണ്‍സുമായി അദ്ദേഹം ടീമിന്റെ മാനം കാക്കുകയായിരുന്നു. 116 ബോളുകള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), ശുഭ്മന്‍ ഗില്‍ (38), രജത് പാട്ടിധാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ നാലു റണ്‍സില്‍ വച്ചുതന്നെ ക്യാപ്റ്റന്‍ രോഹിത്തിനെ ടീമിനു നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഗില്‍ ജോടി 82 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ തിരികെ കൊണ്ടുവന്നു. പക്ഷെ ഗില്‍ പുറത്തായ ശേഷം ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടതുമില്ല. നാലു വിക്കറ്റുകളെടുത്ത യുവ സ്പിന്നര്‍ ഷുഐബ് ബഷീറാണ് ഇന്ത്യയെ തകര്‍ത്തത്.
നേരത്തേ ഏഴു വിക്കറ്റിനു 302 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ട് 51 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. വാലറ്റത്ത് ഓലി റോബിസണ്‍ (58) നേടിയ കന്നി ഫിഫ്റ്റി ഇംഗ്ലണ്ടിനെ 353 റണ്‍സിലെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചപ്പോഴും 122 റണ്‍സുമായി ജോ റൂട്ട് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. 274 ബോളുകള്‍ നേരിട്ട അദ്ദേഹം 10 ഫോറുകളടിച്ചു. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി.

സാക്ക് ക്രോളി (42), ബെന്‍ ഡക്കെറ്റ് (11), ഓലി പോപ്പ് (0), ജോണി ബെയര്‍സ്‌റ്റോ (38), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (3), ബെന്‍ ഫോക്‌സ് (47), ടോം ഹാര്‍ട്‌ലി (13) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനത്തില്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം പാളിയിരുന്നു. ടീം സ്‌കോറില്‍ 57 റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ ഇന്ത്യ പിഴുതിരുന്നു. അരങ്ങേറ്റക്കാരനായ പേസര്‍ ആകാശ് ദീപാണ് എല്ലാവരെയും മടക്കിയത്.
എന്നാല്‍ നാലാം വിക്കറ്റില്‍ റൂട്ട്- ബെയര്‍സ്റ്റോ ജോടി 52 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികം കൊണ്ടുവരികയായിരുന്നു. പക്ഷെ ബെയര്‍സ്റ്റോയെയും സ്‌റ്റേക്‌സിനെയും നാലു റണ്‍സിനിടെ ഇന്ത്യ പുറത്താക്കിയതടെ ഇംഗ്ലണ്ട് അഞ്ചിനു 112 റണ്‍സിലേക്കു വീണു. ഇന്ത്യ ഈ ഘട്ടത്തില്‍ പിടിമുറുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
പക്ഷെ റൂട്ടും ഫോക്‌സും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. 113 റണ്‍സാണ് ഈ സഖ്യം ചേര്‍ന്നെടുത്തത്. ഇന്ത്യക്കു ഭീഷണിയുയര്‍ത്തു മുന്നേറിയ ഈ ജോടിയെ വേര്‍പിരിച്ചത് മുഹമ്മദ് സിറാജായിരുന്നു. ഫോക്‌സിനെ സിറാജ് പുറത്താക്കുകയായിരുന്നു.