മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 264 റണ്‍സെടുത്തിട്ടുണ്ട്. 19 റണ്‍സ് വീതമെടുത്ത് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഇപ്പോള്‍ ക്രീസില്‍. 55 ബോളില്‍ 29 റണ്‍സ് ഈ ജോടി നേടിക്കഴിഞ്ഞു.
യശസ്വി ജയ്സ്വാള്‍ (58), കെഎല്‍ രാഹുല്‍ (46), സായ് സുദര്‍ശന്‍ (61), നായകന്‍ ശുഭ്മന്‍ ഗില്‍ (12) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. റിഷഭ് പന്താവട്ടെ 37 റണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയുമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു മികച്ച തുടക്കമാണ് രാഹുല്‍- ജയ്‌സ്വാള്‍ സഖ്യം നല്‍കിയത്.

ആദ്യ സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ നോക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. 94 റണ്‍സെടുത്ത ഓപ്പണിങ് ജോടി ലഞ്ച് ബ്രേക്കിനു ശേഷമാണ് വേര്‍പിരിഞ്ഞത്. 98 ബോളില്‍ നാലു ഫോറടക്കം 46 റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്‌സ് മടക്കുകയായിരുന്നു. പിന്നാലെ ജയ്‌സ്വാളും ഗില്ലും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങുയതോടെ ഇന്ത്യ മൂന്നിന് 140.
107 ബോളില്‍ 10 ഫോറും ഒരു സിക്‌സറും ജയ്‌സ്വാളിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ലിയാം ഡോസനാണ് അദ്ദേഹത്തെ മടക്കിയത്. ഗില്ലിനെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിനു മുന്നിലും കുരുക്കുകയായിരുന്നു. പിന്നീട് സായിക്കും റിഷഭിനുമിടയില്‍ മികച്ചൊരു കൂട്ടുകെട്ട് കണ്ടു. 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി കരുത്താര്‍ജിക്കവെയാണ് ടീം ടോട്ടല്‍ 212വച്ച് റിഷഭിനു പരിക്കേറ്റത്.
തുടര്‍ന്ന് അദ്ദേഹം ഗ്രൗണ്ട് വിടുകയുമായിരുന്നു. ടീം സ്‌കോര്‍ 235ല്‍ വച്ച് സായിയും വീണു. 151 ബോളില്‍ ഏഴു ഫോറുകളടക്കമാണ് അദ്ദേഹം 61 റണ്‍സ് നേടിയത്. സായിയുടെ കന്നി ഫിഫ്റ്റിയും കൂടിയാണിത്. ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് രണ്ടു വിക്കറ്റുകളെടുത്തു.
തുടരെ നാലാമത്തെ കളിയലും ടോസ് ലഭിച്ചത് ഇംഗ്ലണ്ടിനാണ്. മേഘാവൃതമായ അന്തരീക്ഷത്തില്‍ ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോര്‍ഡ്‌സില്‍ തോല്‍വിയേറ്റു വാങ്ങിയ അവസാന മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.

കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ്ദീപ് എന്നിവര്‍ പുറത്തായപ്പോള്‍ പകരം സായ് സുദര്‍ശന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, പുതുമുഖമായ ന്‍ഷുല്‍ കാംബോജ് എന്നിവര്‍ ടീമിലേക്കു വരികയും ചെയ്തു. ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയതാണ് കരുണിനു സ്ഥാനം നഷ്ടമാക്കിയതെങ്കില്‍ നിതീഷിനും ആകാശ്ദീപിനും പരിക്ക് വില്ലനായി.
മറുഭാഗത്ത് ഇംഗ്ലീഷ് ടീമില്‍ ഒരു മാറ്റം മാത്രമേ വരുത്തിയുള്ളൂ. പരിക്ക് കാരണം സ്പിന്നര്‍ ഷുഐബ് ബഷീര്‍ പുറത്തായപ്പോള്‍ നീണ്ട ഗ്യാപ്പിനു ശേഷം ലിയാം ഡോസണ്‍ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.
അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ജയിച്ചേ തീരൂ. മറുഭാഗത്ത് വീണ്ടുമൊരു ജയവുമായി പരമ്പരയില്‍ 3-1ന്റെ ലീഡ് നേടാനായിരിക്കും ബെന്‍ സ്‌റ്റോക്‌സിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
അതേസമയം, ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടെസ്റ്റിലെ നിര്‍ഭാഗ്യ വേദികളിലൊന്നാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ്. ഇവിടെ ഇതുവരെ ഒരു ടെസ്റ്റില്‍ പോലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഒമ്പതു ടെസ്റ്റുകളിലാണ് ഇന്ത്യ ഇവിടെ ഇതിനകം കളിച്ചത്. ഇതില്‍ അഞ്ചിലും ജയം ഇംഗ്ലണ്ടിനായിരുന്നു. ശേഷിച്ച നാലു മല്‍സരങ്ങള്‍ സമനിലയിലും കലാശിച്ചു.
2014ലെ ഇംഗ്ലീഷ് പര്യടനത്തിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്നു ഇന്നിങ്‌സ് പരാജയവും ഇന്ത്യക്കു നേരിടേണ്ടി വന്നു. എംഎസ് ധോണിക്കു കീഴിലിറങ്ങിയ ഇന്ത്യയെ ഇന്നിങ്‌സിനും 54 റണ്‍സിനും ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചു.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്റ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.