മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വീരോചിത സമനില. ഇന്നിങ്‌സ് പരാജയ ഭീതിയില്‍ നിന്നാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ലീഡും അതോടൊപ്പം സമനിലയും പിടിച്ചുവാങ്ങിയത്. രണ്ടു വിക്കറ്റിനു 174 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നാലു വിക്കറ്റിനു 425 റണ്‍സെടുത്തു നില്‍ക്കവെ കളി സമനിലയാവുകയായിരുന്നു.
രവീന്ദ്ര ജഡേജയുടെയും (107*) വാഷിങ്ടണ്‍ സുന്ദറിന്റെയും (101*) സെഞ്ച്വറികളാണ് ഇന്ത്യയെ കളി സമനിലയാക്കാനാന്‍ സഹായിച്ചത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ജഡേജ- വാഷിങ്ടണ്‍ ജോടി 203 റണ്‍സാണ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. ജഡ്ഡു 185 ബോളില്‍ 13 ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ വാഷിങ്ടണ്‍ 206 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറും നേടി. താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (103) ഇന്നു തന്റെ സെഞ്ച്വറി കണ്ടെത്തിയിരുന്നു. 238 ബോള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ 12 ഫോറുകളുണ്ടായിരുന്നു. ഗില്ലിനെക്കൂടാതെ കെഎല്‍ രാഹുലാണ് (90) ഇന്നു പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. രാഹുലിന്റെയും ഗില്ലിന്റെയും വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിനു ഇന്നു വീഴ്ത്താനായത്. ഈ സമനിലയോടെ പരമ്പര കൈവിടാതിരിക്കാനും ഇന്ത്യക്കു കഴിഞ്ഞു. ഓവലിലെ അവസാന ടെസ്റ്റ് ജയിച്ചാല്‍ പരമ്പര 2-2ന് ഇന്ത്യക്കു അവസാനിപ്പിക്കാം.
311 റണ്‍സിന്റെ വലിയ ലീഡ് വഴങ്ങേണ്ടി വന്ന ഇന്ത്യ രണ്ടു വിക്കറ്റിനു 174 റണ്‍സെടുത്താണ് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത്. വലിയ തിരിച്ചടിയോടെയാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ തുടങ്ങിയത്. ക്രിസ് വോക്‌സെറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും ബോളില്‍ യശസ്വി ജയ്‌സ്വാളും സായ് സുദര്‍ശനും ഡെക്കായി ക്രീസ് വിട്ടപ്പോള്‍ ഇന്ത്യ അക്കൗണ്ട് പോലും തുറന്നിരുന്നില്ല. ഇതോടെ നാലാംദിനം തന്നെ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഭയന്നെങ്കിലും ശ്രദ്ധയോടെ ബാറ്റ് വീശിയ രാഹുലും ഗില്ലും ചേര്‍ന്ന് ടീമിന്റെ മാനം കാക്കുകയായിരുന്നു.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ 669 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. മാത്രമല്ല 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഇന്ത്യ ഒരിന്നിങ്‌സില്‍ 600ന് മുകളില്‍ സ്‌കോറും വഴങ്ങിയത്. അവസാനമായി ഇങ്ങനെയൊരു നാണക്കേടുണ്ടായത് 2014ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയാണ്.

ഇതിഗാസ താരം ജോ റൂട്ടിന്റെയും (150) ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും (141) ഗംഭീര സെഞ്ച്വറികളാണ് മാഞ്ചസ്റ്ററില്‍ ഇത്രയും വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഓപ്പണര്‍മാരായ സാക്ക് ക്രോളി (84), ബെന്‍ ഡക്കെറ്റ് (94) എന്നിവരുടെ ഫിഫ്റ്റികളും അവരുടെ ഇന്നിങ്‌സിനു കരുത്തേകി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. ജസ്പ്രീത്് ബുംറയും വാഷിങ്ട്ണ്‍ സുന്ദറും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.