മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യ നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ വിജസയസാധ്യത ഇംഗ്ലണ്ട് ഏറെക്കുറെ പൂര്‍ണമായും അവസാനിപ്പിച്ചുവെന്നു തന്നെ പറയേണ്ടി വരും. സമനില മാത്രമായിരിക്കു ഈ ടെസ്റ്റില്‍ ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും സേഫായിട്ടുള്ള ഓപ്ഷന്‍.
ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ നേടിയ 358 റണ്‍സിനു മറുപടിയില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനു 544 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിക്കഴിഞ്ഞു. മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ 186 റണ്‍സിന്റെ വലിയ ലീഡും അവര്‍ പിടിച്ചെടുത്തിരിക്കുകയാണ്. 77 റണ്‍സോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 21 റണ്‍സെടുത്ത ലിയാം ഡോസണുമാണ് ക്രീസില്‍.

ഇതിഹാസ താരം ജോ റൂട്ടിന്റെ (150) ക്ലാസ് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ ഈ മല്‍സരത്തില്‍ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. 248 ബോളില്‍ 19 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഈ മല്‍സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായും അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്, ജാക്വസ് കാലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയെല്ലാം ഈ ഇന്നിങ്‌സിന്റെ വിവിധ ഘട്ടങ്ങളില്‍ റൂട്ട് ഓവര്‍ടേക്കും ചെയ്തു.
റൂട്ടിനെക്കൂടാതെ ഒല്ലി പോപ്പിന്റെ (71) ഫിഫ്റ്റിയും മൂന്നാംദിനം ഇംഗ്ലണ്ടിനു കരുത്തായി. രണ്ടു വിക്കറ്റിനു 225 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നു കളി പുനരാരഭിച്ചത്. 144 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ റൂട്ട്- പോപ്പ് ജോടി ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. ഹാരി ബ്രൂക്ക് (3) പെട്ടെന്നു മടങ്ങിയെങ്കിലും റൂട്ട്-സ്റ്റോക്‌സ് സഖ്യം 150 റണ്‍സിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗണ്ട് 500ന് മുകളില്‍ ടോട്ടലും ഉറപ്പാക്കി.
ഓപ്പണര്‍മാരായ ബെന്‍ ഡക്കെറ്റും സാക്ക് ക്രോളിയും നല്‍കിയ മികച്ച തുടക്കമാണ് ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. ആദ്യ വിക്കറ്റില്‍ 166 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. എന്നാല്‍ ഡക്കെറ്റിനെ 94ല്‍ വച്ചും ക്രോളിയെ 84ല്‍ വച്ചും പുറത്താക്കി ഇന്ത്യ തിരിച്ചുവരികയായിരുന്നു.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയെ 358 വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പ്രധാനമായും മൂന്നു പേരാണ്. കന്നി ഫിഫ്റ്റി കുറിച്ച യുവതാരം സായ് സുദര്‍ശന്‍ 61 റണ്‍സുമായി ടീമിന്റെ ടോപ്‌സകോററായി മാറി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 58 റണ്‍സെടുത്തപ്പോള്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായിട്ടും വീണ്ടും ബാറ്റിങിനിങ്ങി 54 റണ്‍സ് പൊരുതി നേടി.
കെഎല്‍ രാഹുല്‍ (46), ശര്‍ദ്ദുല്‍ ടാക്കൂര്‍ (41), വാഷിങ്ടണ്‍ സുന്ദര്‍ (27) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്. കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇന്ത്യയെ 400 കടത്താതെ പിടിച്ചുനിര്‍ത്തിയത്. ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളുമായി അദ്ദേഹത്തിനു മികച്ച പിന്തുണയേകി.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്റ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.