പൂനെ: ഇന്ത്യക്കെതിരേയുള്ള നിര്‍ണായകമായ നാലാം ടി20യില്‍ ഇംഗ്ലണ്ട് പരാജയപ്പെടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ത്രില്ലിങ് റണ്‍ചേസിനൊടുവില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അഭേദ്യമായ ലീഡും കൈക്കലാക്കിയിരുന്നു.
182 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു സൂര്യകുമാര്‍ യാദവും സംഘവും നല്‍കിയത്. ഈ ടോട്ടലിലേക്കു ഇംഗ്ലീഷ് ടീം വീറോടെ തന്നെ പോരാടിയെങ്കിലും രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 166 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 51 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെയും 39 റണ്‍സ് നേടിയ ബെന്‍ ഡക്കെറ്റിനെയും മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്കൊന്നും വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഇംഗ്ലണ്ട് എന്തുകൊണ്ട് തോറ്റു?
നാലാം ടി20യെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ഇംഗ്ലണ്ട് ടീമിനു പിഴച്ചത് എവിടെയാണെന്നു ബാസിത് അലി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തു.
ഇതാണ് മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കിയത്. മഞ്ഞുവീഴ്ചയുടെ ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷെ അതു മുതലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നതായി ബാസിത് അലി വിലയിരുത്തി.
വിമര്‍ശിച്ച് അക്മലും
പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമ്രാന്‍ അക്മലും ഇംഗ്ലണ്ട് താരം ജാമി ഒവേര്‍ട്ടന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20യെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
ജാമി ഒവേര്‍ട്ടന്‍ എന്തുകൊണ്ടാണ് സിംഗിളുകളെടുക്കാന്‍ തയ്യാറാവാതിരുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം സിംഗിളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ചിലപ്പോള്‍ കളിയും ജയിക്കുമായിരുന്നു. രണ്ടോവറില്‍ 25 റണ്‍സെന്നത് ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോര്‍ തന്നെയായിരുന്നുവെന്നും അക്മല്‍ ചൂണ്ടിക്കാട്ടി.
15 ബോളില്‍ 19 റണ്‍സെടുത്താണ് ഒവേര്‍ട്ടന്‍ പുറത്തായത്. ഓരോ ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. ഹര്‍ഷിത് റാണയെറിഞ്ഞ 20ാത്തെ ഓവറിലെ അവസാന ബോളില്‍ ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്. ഇന്‍സൈഡ് എഡ്ജായ ശേഷം അകത്തേക്കു കയറി ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.
അര്‍ഷ്ദീപ് സിങെറിഞ്ഞ 18ാം ഓവറിലെ അവസാന ബോളില്‍ ആദില്‍ റഷീദ് സിക്‌സര്‍ പായിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ബാറ്റിങില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഒവേര്‍ട്ടന്‍ തയ്യാറായില്ല.
ഹര്‍ഷിത്തെറിഞ്ഞ 19ാം ഓവറില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന രണ്ടു സിംഗിളുകള്‍ താരം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. രണ്ടാമത്തെ ബോളിലാണ് ഒവേര്‍ട്ടന്‍ സിംഗിളെടുക്കാതെ സ്വയം സ്‌ട്രൈക്ക് നേരിട്ടത്. നാലാമത്തെ ബോളിലും താരം സിംഗിളിനോടു നോ പറയുകയായിരുന്നു.

തിലകിന്റെ പുറത്താവല്‍
മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ താരം തിലക് വര്‍മ ഈ കളിയില്‍ പുറത്തായ രീതിയില്‍ കമ്രാല്‍ അക്മല്‍ നിരാശ പ്രകടിപ്പിച്ചു. തിലക് വര്‍മ വളരെ മോശം ഷോട്ടാണ് കളിച്ചത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങിയാണ് താരം ഷോട്ടിനു തുനിഞ്ഞത്. തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി പുറത്താവുകയും ചെയ്തു. തിലക് വളരെ മികച്ച ഫോമിലാണുള്ളത്. കൂടാതെ പ്രതിഭാശാലിയുമാണ്. അതുകൊണ്ടു തന്നെ കിട്ടുന്ന അവസരങ്ങള്‍ ഈ തരത്തില്‍ പാഴാക്കരുത്.
സൗത്താഫ്രിക്കയിലെ കഴിഞ്ഞ ടി20 പരമ്പരയില്‍ മൂന്നാം നമ്പറിലേക്കു സൂര്യകുമാര്‍ യാദവ് നിങ്ങളെ (തിലക്) പ്രൊമോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഇതിനെ നിസാരമായി കാണരുത്. ഈ മല്‍സരത്തില്‍ ആദ്യ ബോളില്‍ തന്നെ പുറത്തായ നിങ്ങള്‍ ടീമിനെ കുഴപ്പത്തിലാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.