ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഒന്നാമന്നിങ്‌സില്‍ ആറു റണ്‍സിന്റെ നേരിയ ലീഡ് മാത്രം കൈക്കലാക്കിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്ണെടുത്തിട്ടുണ്ട്. രണ്ടു ദിവസവും എട്ടു വിക്കറ്റുകളും ശേഷിക്കെ 96 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. കെഎല്‍ രാഹുലും (47*) നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് (6*) ക്രീസില്‍.
ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരനായ യശസ്വി ജയ്‌സ്വാള്‍ (4), കന്നി ടെസ്റ്റ് കളിക്കുന്ന സായ് സുദര്‍ശന്‍ (30) എന്നിവരാണ് പുറത്തായത്. തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനെ ഇന്ത്യക്കു നഷ്ടമായി (16-1). രണ്ടാം വിക്കറ്റില്‍ രാഹുല്‍- സായ് ജോടി 66 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലക്കു തിരികെ കൊണ്ടുവരികയായിരുന്നു.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 471 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 465 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഒല്ലി പോപ്പിന്റെ (106) സെഞ്ച്വറിയു ഹാരി ബ്രൂക്കിന്റെയും (99) ബെന്‍ ഡക്കെറ്റിന്റെയും (62) ഫിഫ്റ്റികളുമാണ് ഇന്ത്യയുമായുള്ള വ്യത്യാസം വെറും ആറു റണ്‍സാക്കി കുറയ്ക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.

പോപ്പ് 137 ബോളില്‍ 14 ഫോറുകളടിച്ചപ്പോള്‍ വെറും 112 ബോളിലാണ് 11 ഫോറും രണ്ടു സിക്‌സറുമടക്കം ബ്രൂക്ക് 99ലേക്കു കുതിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 20 റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ജാമി സ്മിത്ത് (40), ക്രിസ് വോക്‌സ് (38), ബ്രൈഡന്‍ കാര്‍സ് (22) എന്നിവര്‍ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ ലീഡ് നേടുന്നതില്‍ നിന്നും തടയാന്‍ ഇന്ത്യയെ സഹായിച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകളെടുത്തു.
മൂന്നു വിക്കറ്റിനു 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം കളി പുനരാരംഭിച്ചത്. ടീം ടോട്ടലിലേക്കു 256 റണ്‍സ് കൂടി ഇന്നു കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഫീല്‍ഡിങില്‍ ഇന്ത്യയുടെ ദയനീയ പ്രകടനമാണ്.
മൂന്നു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നു പാഴാക്കിയത്. പോപ്പ്, ബ്രൂക്ക്, ജാമി സ്മിത്ത് എന്നിവരുടെയെല്ലാം ക്യാച്ചുകള്‍ ഇതിലുള്‍പ്പെടും. നേരത്തേ രണ്ടാം ദിവനവും മൂന്നു ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സ്
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ 471 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 550-600 റണ്‍സെങ്കിലും നേടേണ്ടിയിരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കു ഈ സ്‌കോറിനു പുറത്താവേണ്ടി വന്നത്.
മൂന്നു വിക്കറ്റിനു 430 റണ്‍സെന്ന അതിശക്തമായ നിലയില്‍ നിന്നാണ് 41 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച് ഇന്ത്യ 471 റണ്‍സിലൊതുങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (147), വൈസ് ക്യാപ്റ്റ്ന്‍ റിഷഭ് പന്ത് (134) എന്നിവരെക്കൂടാതെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (101) കന്നി സെഞ്ച്വറിയും ഇന്ത്യക്കു കരുത്തേകി.
42 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ബാറ്റിങ് ലൈനപ്പിലെ മറ്റാരും തന്നെ 15 റണ്‍സ് പോലും തികച്ചതുമില്ല. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടോങും നാലു വീതം വിക്കറ്റുകള്‍ പിഴുതിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷുഐബ് ബഷീര്‍.