ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം. സെഞ്ച്വറിയോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മിന്നിച്ചപ്പോള്‍ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ് ടീം ഇന്ത്യ. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 359 റണ്‍സെടുത്തിട്ടുണ്ട്.
127 റണ്‍സുമായി ഗില്ലും 65 റണ്ണെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍. 175 ബോളില്‍ 16 ഫോറും ഒരു സിക്‌റും ഗില്ലിന്റെ ഇന്നിങ്‌സിലുണ്ട്. റിഷഭ് 102 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും നേടി. അപരാജിതായ നാലാം വിക്കറ്റില്‍ ഈ ജോടി 198 ബോളില്‍ 138 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു. ജയ്‌സ്വാള്‍ (101), കെഎല്‍ രാഹുല്‍ (42), അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണിങ് ജോടികളായ രാഹുലും ജയ്‌സ്വാളും നല്‍കിയത്. കൃത്യമായ പ്ലാനുമായാണ് രണ്ടു പേരും പേരും ക്രീസിലെത്തിയത്. ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തെ വളരെ ശ്രദ്ധയോടെ സമീപിക്കാനാണ് രാഹുലും ജയ്‌സ്വാളും ശ്രമിച്ചത്. മികച്ച ബോളുകള്‍ക്കു അര്‍ഹിച്ച പരിഗണന നല്‍കിയ രണ്ടു പേരും ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകളെ ഒഴിവാക്കിയും വിക്കറ്റ് കാത്തുസൂക്ഷിച്ചു.
ഒട്ടും തന്നെ റിസ്‌കെടുക്കാതെ മോശം ബോളുകള്‍ക്കായി കാത്തിരിക്കുകയെന്നായിരുന്നു ഓപ്പണര്‍മാരുടെ തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇതോടെ ഇംഗ്ലീഷ് ബൗളിങ് ആക്രമണവും നിര്‍വീര്യമായി.
91 റണ്‍സാണ് രാഹുല്‍- ജയ്‌സ്വാള്‍ ജോടി ആദ്യ വിക്കറ്റില്‍ നേടിയത്. രാഹുലിനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ബ്രൈഡന്‍ കാര്‍സ് ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കി. 78 ബോളില്‍ എട്ടു ഫോറടക്കമാണ് അദ്ദേഹം 42 റണ്‍സിലെത്തിയത്.
തുടര്‍ന്നു മൂന്നാം നമ്പറില്‍ യുവതാരം സായിയാണ് ക്രീസിലെത്തിയത്. പക്ഷെ അരങ്ങേറ്റ ടെസ്റ്റില്‍ ഇറങ്ങിയ അദ്ദേഹത്തിനു വെറും നാലു ബോളുകളുടെ ആയുസ്സേയുണ്ടായുള്ളൂ. ലെഗ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച് എഡ്ജായ സായിയെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് പിടികൂടി. രണ്ടു വിക്കറ്റിനു 92 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്.

പിന്നീട് ജയ്‌സ്വാളും ഗില്ലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ 200 കടത്തി.
129 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇതിനിടെ ജയ്‌സ്വാള്‍ ഇംഗ്ലീഷ് മണ്ണിലെ കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു. ഓസ്ട്രലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്കു പിന്നാലെയാണ് ഇംഗ്ലണ്ടിലെയും കന്നി ടെസ്റ്റില്‍ താരം നൂറടിച്ചത്.
ടോസിനു ശേഷം ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം സായ് സുദര്‍ശന്‍ ഈ കളിയിലൂടെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങറിയപ്പോള്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരും പ്ലെയിങ് ഇലവനില്‍ ഇടം നേടി. മൂന്നു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. കുല്‍ദീപ് യാദവിനു ടീമില്‍ സ്ഥാനം ലഭിച്ചില്ല.
അതേസമയം, ഇതിനകം വെറും മൂന്നു തവണ മാത്രമേ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. ഏറ്റവും അവസാനമായി ഇവിടെ ടീം വിജയക്കൊടി പാറിച്ചത് 2007ലായിരുന്നു. മുന്‍ ഇതിഹാസ താരവും കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡിനു കീഴിലായിരുന്നു ഇന്ത്യയുടെ ചരിത്രവിജയം. വിരാട് കോലിക്കു കീഴിലാണ് അവസാനമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്നു പരമ്പര 2-2നു അവസാനിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷോയിബ് ബഷീര്‍.