ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഭൂരിഭാഗം സെഷനിലും ആധിപത്യം പുലര്‍ത്തിയിട്ടും പടിക്കല്‍ കലമുടച്ചിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീം. അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. 371 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാനായിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തിയത്.
ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് (149) കിടിലന്‍ സെഞ്ച്വറിയുമായി റണ്‍ചേസിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്കു കുതിക്കുകയായിരുന്നു. 170 ബോളില്‍ 21 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഡക്കെറ്റിന്റെ ഓപ്പണിങ് പങ്കാളി സാക്ക് ക്രോളി 65 റണ്‍സും സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് 53* റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജാമി സ്മിത്ത് (44*), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (33) എന്നിവരും തിളങ്ങി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ഒന്നു പോലും ലഭിച്ചില്ല.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാ ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലീഷ് ടീം ഓപ്പണിങ് വിക്കറ്റില്‍ 188 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷമാണ് ഈ ജോടിയെ വേര്‍പിരിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞത്. ബൗളിങ് നിര നിരാശപ്പെടുത്തിയതാണ് ഈ ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം.
ആദ്യ ഇന്നിങ്‌സില്‍ ഫൈഫറുമായി ബൗളിങിനു ചുക്കാന്‍ പിടിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാമിന്നിങ്‌സില്‍ നനഞ്ഞ പടക്കമായി മാറിയതോടെ ഇന്ത്യക്കു കാര്യങ്ങള്‍ അതീവ ദുഷ്‌കരമായി തീര്‍ന്നു.
ഒടുവില്‍ ടീമിനു ആദ്യ വിക്കറ്റും രണ്ടാം വിക്കറ്റും നേടിത്തരാന്‍ പ്രസിദ്ധ് കൃഷ്ണയും വേണ്ടിവന്നു. ക്രോളിയെ സ്ലിപ്പില്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് അദ്ദേഹം ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പിന്നാലെ ഒല്ലി പോപ്പിനെ (8) പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കുകയുമായിരുന്നു.
ബാറ്റിങില്‍ കരുത്തുകാട്ടി ഇന്ത്യ
ലീഡ്‌സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നു സെഞ്ച്വറികളോടെ ബാറ്റിങില്‍ കരുത്തുകാട്ടിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ രണ്ടു സെഞ്ച്വറികളുമായി വീണ്ടും ഇംഗ്ലണ്ടിനെ വിറപ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും (147) റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെയും സെഞ്ച്വറികള്‍ ടീമിനു കരുത്തായി. ലോവര്‍ ഓര്‍ഡറില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിച്ചിരുന്നെങ്കില്‍ 550-600 റണ്‍സ് ഉറപ്പായും ഇന്ത്യ നേടിയേനെ. വെറും 41 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞുകുളിച്ചത്.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് നേടിയത് 465 റണ്‍സാണ്. ഇന്ത്യക്കു ലഭിച്ചത് വെറും ആറു റണ്‍സിന്റെ ലീഡ് മാത്രം. ഫീല്‍ഡിങില്‍ വരുത്തിയ ഗുരുതരമായ പിഴവുകളാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഇംഗ്ലണ്ടിന്റെ ആറു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്. ഇതു ഒല്ലി പോപ്പിനെ (106) സെഞ്ച്വറിയും ഹാരി ബ്രൂക്കിനെയും (99) ബെന്‍ ഡക്കെറ്റിനെയും (62) ഫിഫ്റ്റികളും കുറിക്കാന്‍ സഹായിക്കുകയും ചെയ്തു.
നേരിയ ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 364 റണ്‍സാണ് നേടിയത്. റിഷഭ് (118) വീണ്ടുമൊരു സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ കെഎല്‍ രാഹുലും (137) തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിന്റെ അമരക്കാരനായി മാറി.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. ആദ്യ ഇന്നിങ്‌സിലേതു പോലെ രണ്ടാമിന്നിങ്‌സലും ഇന്ത്യന്‍ വാലറ്റം ഫ്‌ളോപ്പായി. 31 റണ്‍സിനിടെയാണ് ആറു വിക്കറ്റുകള്‍ ടീം കൈവിട്ടത്. അല്ലായിരുന്നെങ്കില്‍ 400 പ്ലസ് വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷുഐബ് ബഷീര്‍.