ലീഡ്സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 371 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി ടീം ഇന്ത്യ. ആറു റണ്‍സിന്റെ ചെറിയ ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലംദിനം 364 റണ്‍സിനു രണ്ടാമിന്നിങ്‌സില്‍ പുറത്താവുകയായിരുന്നു.
കെഎല്‍ രാഹുല്‍ (137) ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി കുറിച്ചപ്പോള്‍ റിഷഭ് പന്ത് (118) തുടരെ രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേട്ടവുമായി ചരിത്രം കുറിക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ നാലാംദിനം നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തു. അവസാന ദിവസം 350 റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടത്.
247 ബോളില്‍ 18 ഫോറുള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. റിഷഭാവട്ടെ 140 ബോളില്‍ 15 ഫോറും മൂന്നു സിക്‌സറുകളുമടിടിച്ചു. സായ് സുദര്‍ശന്‍ (30), രവീന്ദ്ര ജഡേജ (25*), കരുണ്‍ നായര്‍ (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. രണ്ടു വിക്കറ്റിനു 90 റണ്‍സെന്ന നിലയിലാണ് കളി പുനരാരംഭിച്ചത്. 47 റണ്‍സോടെ കെഎല്‍ രാഹുലും ആറു റണ്‍സുമായി നായകന്‍ ഗില്ലുമായിരുന്നു ക്രീസില്‍.

പക്ഷെ രണ്ടു റണ്‍സ് കൂടി നേടുമ്പോഴേക്കും ഗില്‍ പുറത്തായി (92-3). മല്‍സം ഇംഗ്ലണ്ടിനു അനുകൂലമാവുമെന്നു തോന്നിച്ചെങ്കിലും നാലാം വിക്കറ്റില്‍ രാഹുല്‍- റിഷഭ് ജോടി 195 റണ്‍സിന്റെ വമ്പന്‍ കൂട്ടുമായി ഇന്ത്യയെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. റിഷഭ് മടങ്ങുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 287ലെത്തിയിരുന്നു. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സും ജോഷ് ടങും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിനു രണ്ടാമിന്നിങ്‌സില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരിന്നില്ല. 11 ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
30 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനാണ് പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ സായ് മികച്ച തിരിച്ചുവരവാണ് രണ്ടാമിന്നിങ്‌സില്‍ നടത്തിയത്. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം 66 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ബലാബലം
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്നത് വെറും ആറു റണ്‍സാണ്. അതുകൊണ്ടു തന്നെ രണ്ടു ടീമിനും കാര്യമായ മുന്‍തൂക്കവും നേടാനായില്ലെന്നു കാണാന്‍ സാധിക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 471 റണ്‍സാണ് നേടിയത്.
550-600 റണ്‍സെങ്കിലും നേടാന്‍ സാധിക്കുമായിരുന്ന 41 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഈ മേധാവിത്വം നഷ്ടപ്പെടുത്തുകയായിരുന്നു. ശുഭ്മന്‍ ഗില്‍ (147), വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്.
മറുപടിയില്‍ വീറോടെ തന്നെ പൊരുതിയ ഇംഗ്ലണ്ട് ലീഡ് നേടുമെന്നു തോന്നിച്ചെങ്കിലും ആറു റണ്‍സ് മാത്രമകലെ 465ന് ഇന്ത്യ പിടിച്ചുകെട്ടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഫൈഫറാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് (106) സെഞ്ച്വറി കുറിച്ചപ്പോള്‍ ഹാരി ബ്രൂക്കിനു (99) ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടാവുകയായിരുന്നു.
ഫീല്‍ഡിങില്‍ ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ലീഡ് വെറും ആറു റണ്‍സിലൊതുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. ആറു ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കളഞ്ഞുകുളിച്ചു. ഇതില്‍ മൂന്നും ജയ്‌സ്വാളിന്റെ കൈകളില്‍ നിന്നുമായിരുന്നു. ഈ ക്യാച്ചുകള്‍ മുതലാക്കിയിരുന്നെങ്കില്‍ 150 പ്ലസ് റണ്‍സിന്റെയെങ്കിലും ലീഡുമായി കളിയില്‍ പിടമുറുക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷുഐബ് ബഷീര്‍.