ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും ടെസ്റ്റില്‍ ആവേശക്ലൈമാക്‌സ്. ഒരു സമയത്തു അനായാസം ജയിച്ചു കയറുമെന്ന കരുതിയ ഇംഗ്ലീഷ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യ. 374 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നിന് 301 റണ്‍സെന്ന നിലയില്‍ ആധികാരിക ജയത്തിനു കൈയെത്തുംദൂരത്തായിരുന്നു.
എന്നാല്‍ പിന്നീട് 36 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ തിരിച്ചടിച്ചു. നിവലില്‍ രണ്ടു ടീമിനും വിജയസാധ്യതയുണ്ടെന്നു തന്നെ പറയേണ്ടി വരും. ഈ മല്‍സരം ജയിച്ച് പരമ്പര 2-2നു സമനിലയിലാക്കാന്‍ ഇന്ത്യക്കു വേണ്ടത് നാലു വിക്കറ്റുകളാണ്. എന്നാല്‍ ഇംഗ്ലണ്ടിനു ജയവുമായി പരമ്പര പോക്കറ്റിലാക്കാന്‍ 35 റണ്‍സ് മാത്രമേ ആവശ്യമുള്ളൂ.

രണ്ടു റണ്‍സോടെ ജാമി സ്മിത്തും റണ്ണൊന്നുമെടുക്കാതെ ജാമി ഒവേര്‍ട്ടനുമാണ് ഇപ്പോള്‍ ക്രീസില്‍. ഹാരി ബ്രൂക്ക് (111), ജോ റൂട്ട് (105) എന്നിവരുടെ സെഞ്ച്വറികളിലാണ് അസാധ്യമെന്നു എല്ലാവരുമുറപ്പിച്ച ഇംഗ്ലണ്ടിനെ ജയത്തിനു കൈയെത്തുംദൂരത്തു എത്തിച്ചത്. 98 ബോളില്‍ 14 ഫോറും രണ്ടു സിക്‌റുമുള്‍പ്പെട്ടതാണ് ബ്രൂക്കിന്റെ ഇന്നിങ്‌സ്. റൂട്ട് 152 ബോളില്‍ 12 ഫോറുകളുമടിച്ചു.
ഒരു വിക്കറ്റിനു 50 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ ആദ്യ സെഷനില്‍ ഇന്ത്യ പിഴുതിരുന്നു. ബെന്‍ ഡക്കെറ്റ് (54), ക്യാപ്റ്റന്‍ ഒല്ലി പോപ്പ് (27) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. ഇതോടെ ഇംഗ്ലണ്ട് മൂന്നിന് 106. തുടര്‍ന്നാണ് റൂട്ടിനു കൂട്ടായി ബ്രൂക്കിന്റെ വരവ്. ഈ ജോടി നാലാം വിക്കറ്റില്‍ 211 ബോളില്‍ 195 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
വെറും 19 റണ്‍സ് മാത്രമെടുത്തു നില്‍ക്കെ പ്രസിദ്ധ് കൃഷ്ണയുടെ ഓവറില്‍ ബ്രൂക്കിനെ പുറത്താക്കാന്‍ ഇന്ത്യക്കു അവസരം ലഭിച്ചിരുന്നു. എന്നാല്‍ ക്യാച്ചെടുത്ത ശേഷം മുഹമ്മദ് സിറാജിന്റെ കാല്‍ ബൗണ്ടറി ലൈനനില്‍ ടച്ചായതോടെ അതു സിക്‌സറില്‍ കലാശിക്കുകയായിരുന്നു. പിന്നീട് ടീം ടോട്ടല്‍ 301ല്‍ വച്ചാണ് ബ്രൂക്ക് മടങ്ങിയത്. അതിനു ശേഷം ജേക്കബ് ബെതെല്‍ (5), റൂട്ട് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഇന്ത്യ തിരിച്ചുവരികയായിരുന്നു.
നേരത്തേ 23 റണ്‍സിന്റെ ചെറിയ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 396 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. 164 ബോളില്‍ 14 ഫോറും രണ്ടു സിക്‌സറുമടക്കം 118 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. എന്നാല്‍ ഞെട്ടിച്ചത് നൈറ്റ് വാച്ച്മാനായെത്തിയ ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപായിരുന്നു.

കന്നി ടെസ്റ്റ് ഫിഫ്റ്റിയുമായി അദ്ദേഹം ഇംഗ്ലീഷ് ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. 94 ബോളില്‍ 12 ഫോറടക്കം 66 റണ്‍സെടുത്താണ് ആകാശ്ദീപ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 107 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടില്‍ പങ്കാളിയാവാനും താരത്തിനു സാധിച്ചു. ടീം സ്‌കോര്‍ 70ല്‍ ഒന്നിച്ച ഈ ജോടി മൂന്നാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 177ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്.
നായകന്‍ ശുഭ്മന്‍ ഗില്‍ (11), കരുണ്‍ നായര്‍ (17), എന്നിവര്‍ പെട്ടെന്നു മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജ (53), വാഷിങ്ടണ്‍ സുന്ദര്‍ (53) എന്നിവരുടെ ഫിഫ്റ്റികളും ധ്രുവ് ജുറേലിന്റെ (34) പ്രകടനവും ടീമിനെ 400ന് അരികിലെത്തിക്കുകയായിരുന്നു.
ജഡ്ഡു 77 ബോളില്‍ അഞ്ചു ഫോറടിച്ചപ്പോള്‍ അഗ്രസീവായി ബാറ്റ് വീശിയ വാഷി 46 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ചു. നേരത്തേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 224നും ഇംഗ്ലണ്ട് 247നും ഓള്‍ഔട്ടായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ്), വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍) ക്രിസ് വോക്സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടങ്.