ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം. രണ്ടു വിക്കറ്റുകള്‍ കൂടി കൈയിലിരിക്കെ ഇന്ത്യന്‍ ലീഡ് 255 എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 218 റണ്‍സ് റണ്‍സ് മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു 473 റണ്‍സെന്ന ശക്തമായ നിലയിലാണ്. വാലറ്റക്കാരായ കുല്‍ദീപ് യാദവും (27*) ജസ്പ്രീത് ബുംറയുമാണ് (19*) ക്രീസിലുള്ളത്. 108 ബോളില്‍ 45 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.
ടീം എട്ടു വിക്കറ്റിനു 428 റണ്‍സില്‍ നില്‍ക്കവെയാണ് ബുംറ- കുല്‍ദീപ് ജോടി ക്രീസില്‍ ഒരുമിച്ചത്. ഇന്ത്യന്‍ ടോട്ടല്‍ 450 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും അപ്പോള്‍ സംശയമായിരുന്നു. എന്നാല്‍ വീറോടെ പൊരുതിയ കുല്‍ദീപ്- ബുംറ സഖ്യം ഇന്ത്യയുടെ ലീഡ് 250 കടത്തുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് വിരുന്ന് തന്നെയായിരുന്നു രണ്ടാംദിനം കണ്ടത്. ശുഭ്മന്‍ ഗില്ലും (110) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (103) ഇന്ത്യക്കു വേണ്ടി സെഞ്ച്വറികള്‍ കുറിച്ചപ്പോള്‍ അരങ്ങേറ്റക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കലും (65) സര്‍ഫറാസ് ഖാനും (56) ഫിഫ്റ്റികള്‍ നേടുകയും ചെയ്തു. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറേല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. 150 ബോളില്‍ 12 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. രോഹിത് 162 ബോളില്‍ 13 ഫോറും മൂന്നു സിക്‌സറുമടിച്ചു.
ഒരു വിക്കറ്റിനു 135 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നു കളി പുനരാരംഭിച്ചത്. രണ്ടാം വിക്കറ്റില്‍ രോഹിത്- ഗില്‍ ജോടി 171 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 244 ബോളുകളില്‍ നിന്നായിരുന്നു ഇത്. രോഹിത്തിനെയും ഗില്ലിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായെങ്കിലും ദേവ്ദത്തും സര്‍ഫറാസും തമ്മില്‍ വീണ്ടും മികച്ചൊരു കൂട്ടുകെട്ട് കണ്ടു. 97 റണ്‍സാണ് 132 ബോളില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീര്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ടോം ഹാര്‍ട്ട്‌ലിക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.

57 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ഇന്ത്യക്കു ആദ്യദിനത്തില്‍ നഷ്ടമായത്. 58 ബോളില്‍ നിന്നും അഞ്ചു ഫോറും മൂന്നു സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഷുഐബ് ബഷീറിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോക്‌സാണ് ജയ്‌സ്വാളിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ജയ്‌സ്വാള്‍ ജോടി 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
നേരത്തേ ഒന്നാമിന്നിങ്‌സില്‍ സാക്ക് ക്രോളിയുടെ (79) ഫിഫ്റ്റിയാണ് ഇംഗ്ലണ്ടിന്റെ മാനംകാത്തത്. 108 ബോളുകള്‍ നേരിട്ട താരം 11 ഫോറും ഒരു സിക്‌സറുമടിച്ചു. ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാനായില്ല. 154 റണ്‍സെടുക്കുന്നതിനിടെയാണ് മുഴുവന്‍ വിക്കറ്റുകളും കൈവിട്ട് ഇംഗ്ലണ്ട് 218 റണ്‍സിനു കൂടാരം കയറിയത്. ഓപ്പണിങ് വിക്കറ്റില്‍ ക്രോളി- ബെന്‍ ഡക്കെറ്റ് ജോടി 64 റണ്‍സ് കൂടിച്ചേര്‍ത്തിരുന്നു. പിന്നീട് ഇംഗ്ലണ്ടിനു കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്.
ഇന്ത്യന്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും ആര്‍ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. അഞ്ചു വിക്കറ്റുകളുമായി കുല്‍ദീപ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അശ്വിന്‍ നലു വിക്കറ്റുകളും സ്വന്തമാക്കി. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റും ലഭിച്ചു. പേസ് ജോടികളായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിക്കറ്റുകളൊന്നും ലഭിച്ചില്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ദേവദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒാലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്‌ലി, ഷുഐബ് ബഷീര്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.