ഓവല്‍: അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 374 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കി ടീം ഇന്ത്യ. 23 റണ്‍ലിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം അവസാന സെഷനില്‍ 396 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
യശസ്വി ജയ്‌സ്വാളിന്റെ (118) തകര്‍പ്പന്‍ സെഞ്ച്വറിയും ആകാശ്ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിങ്ടണ്‍ സുന്ദര്‍ (53) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചത്. മറുപടിയില്‍ രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 50 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ അവര്‍ക്കു ഇനി 324 റണ്‍സ് കൂടി വേണം.

374 റണ്‍സെന്ന ടോട്ടല്‍ ഇംഗ്ലണ്ട് ചേസ് ചെയ്തു വിജയിക്കുകയാണെങ്കില്‍ പുതുചരിത്രം തന്നെയായിരിക്കും ഓവലില്‍ പിറക്കുക. കാരണം കഴിഞ്ഞ 100 വര്‍ഷത്തിനിടെ 254 റണ്‍സിനു മുകളില്‍ സ്‌കോര്‍ ഇവിടെ ചേസ് ചെയ്തു ജയിച്ചിട്ടില്ല. മാത്രമല്ല 1902ല്‍ 263 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചതാണ് ഓവലിലെ ഓള്‍ടൈം റെക്കോര്‍ഡ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണ്.
164 ബോളില്‍ 14 ഫോറും രണ്ടു സിക്‌സറുമടക്കമാണ് 118 റണ്‍സുമായി ജയ്‌സ്വാള്‍ ഇന്ത്യയുടെ അമരക്കാരനായത്. നൈറ്റ് വാച്ചമാനായെത്തി ആകാശ്ദീപാണ് ശരിക്കും ഞെട്ടിച്ചത്. 94 ബോളില്‍ 12 ഫോറടക്കം വിലപ്പെട്ട 66 റണ്‍സ് സംഭാവന ചെയ്യാന്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാളിനൊ്പ്പം 107 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടും ആകാശ്ദീപടുത്തുയര്‍ത്തി.
ഫോം തുടര്‍ന്ന ജഡേജ 77 ബോളില്‍ അഞ്ചു ഫോറടിച്ചപ്പോള്‍ വാഷിങ്ടണ്‍ അവസാന ബാറ്ററായ പ്രസിദ്ധിനെ സാക്ഷി നിര്‍ത്തിയാണ് തീപ്പൊരി ഇന്നിങ്‌സ് കളിച്ചത്. 46 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കമാണ് അദ്ദേഹം 53 ലെത്തിത്. 34 റണ്‍സെുത്ത ധ്രുവ് ജുറേലാണ് ഇന്ത്യന്‍ ബാറ്റിങില്‍ ഭേദപ്പെട്ട സംഭാവന നല്‍കിയ മറ്റൊരാള്‍. ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ചും ഗസ് അറ്റ്കിന്‍സണ്‍ മൂന്നും വിക്കറ്റുകളെടുത്തു.

കെഎല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു രണ്ടാംദിനം നഷ്ടമായത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ 224 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. ബാറ്റിങ് ഏറെ കടുപ്പമായിരുന്ന പിച്ചില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ (57) ഫിഫ്റ്റിയാണ് ഇന്ത്യയുടെ മാനംകാത്തത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മടങ്ങിവരവില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. അഞ്ചു വിക്കറ്റുകളെുത്ത ഗസ് അറ്റ്കിന്‍സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
മറുപടിയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെന്ന നിലയില്‍ വളരെ സ്‌ഫോടനാത്മകമായി ഇംഗ്ലണ്ട് തുടങ്ങിയെങ്കിലും ലഞ്ച് ബ്രേക്കിനു ശേഷം വിക്കറ്റുകള്‍ പിഴുത് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ 247 റണ്‍സിനു ഇംഗ്ലണ്ടിന്റെ മറുപടിയും അവസാനിക്കുകയായിരുന്നു.
സാക്ക് ക്രോളിയും (64) ഹാരി ബ്രൂക്കും (53) ഫിഫ്റ്റികള്‍ കുറിച്ചപ്പോള്‍ മറ്റുള്ളവരെ ക്രീസില്‍ അധികനേരം നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. നാലു വിക്കറ്റുകള്‍ വീതം പിഴുത മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ്), വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍) ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടങ്.