ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ മലയാളി താരം സഞ്ജു സാംസണിനായി രംഗത്തിറങ്ങിയിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തെ ഇനിയെങ്കിലും ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാവണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 20 മുതലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ടീം അവിടെ കളിക്കുക.
നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമാണ് സഞ്ജു. പരിക്കു കാരണം കഴിഞ്ഞ അഞ്ചു മല്‍സരങ്ങളും നഷ്ടമായ അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. സീസണിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജുവായിരിക്കും ടീമിനെ നയിക്കുകയെന്നും ഉറപ്പായിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് 3.30നു പഞ്ചാബ് കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.

ഇന്ത്യന്‍ എ ടീമും ഇംഗ്ലണ്ടിലേക്ക്
ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പര മാത്രമല്ല അതിനു മുമ്പ് ഇന്ത്യന്‍ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയും അവിടെ നടക്കാനിരിക്കുകയാണ്. ഇംഗ്ലണ്ട് ലയണ്‍സുമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് എ ടീം കൊമ്പുകോര്‍ക്കുക. ഈ മാസം അവസാനത്തോടെയാണ് ഈ പരമ്പര തുടങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള ഒട്ടുമിക്ക താരങ്ങളെയും എ ടീമിനോടൊപ്പം കാണാന്‍ സാധിക്കും. കാരണം കടുപ്പമേറിയ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ടിലെ പിച്ചും കാലാവസ്ഥയുമായെല്ലാം പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മികച്ച അവസരം കൂടിയായിരിക്കും ഇത്.
ശ്രേയസ് അയ്യരോ, റുതുരാജ് ഗെയ്ക്വാദോ ആയിരിക്കും ഇന്ത്യന്‍ എ ടീമിനെ നയിച്ചേക്കുകയെന്നാണ് സൂചനകള്‍. മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ ടീമിന്റെ ഭാഗമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ വലിയ റണ്‍വേട്ട നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയായി മാറിക്കഴിഞ്ഞു.
കരുണിനെക്കൂടാതെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഈ പരമ്പരയില്‍ ടീമില്‍ ഇടം പിടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല ഇഷാന്‍. അതുകൊണ്ടു തന്നെ ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം.
സഞ്ജുവിനെ എടുക്കൂ
ഇഷാന്‍ കിഷനും ഇന്ത്യന്‍ റെഡ് ബോള്‍ ടീമിലേക്കു പരിഗണനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സഞ്ജു സാംസണിനായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തിറങ്ങിയത്. ഇഷാനുണ്ടെങ്കില്‍ എന്തുകൊണ്ടു സഞ്ജുവും ആയിക്കൂടെന്നും അവര്‍ ചോദിക്കുന്നു.

ഫ്‌ളാറ്റ് ട്രാക്കുകളില്‍ 37 ബാറ്റിങ് ശരാശരിയുള്ള ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ 39 ബാറ്റിങ് ശരാശരിയുള്ള സഞ്ജു സാംസണിനെ എന്തുകൊണ്ട് ടെസ്റ്റ് ടീമിലെടുക്കുന്നില്ല? ഇത്തവണ അദ്ദേഹത്തെ തീര്‍ച്ചയായും ടീമിലേ്ക്കു പരിഗണിക്കൂയെന്നു ആരാധകര്‍ പറയുന്നു.
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ വാക്കുപാലിക്കണം. സഞ്ജു സാംസണിനെ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കുന്നതായും ഇതിനായി തയ്യാറായി ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഗംഭീര്‍ തന്നോടു ഇക്കാര്യം പറഞ്ഞതായി സഞ്ജു തന്നെയാണ് വെളിപ്പെടുത്തിയത്.
സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗംഭീര്‍ തന്റെ വാക്കു പാലിക്കുകയും സഞ്ജുവിനെ ടീമിലെടുക്കുകയും വേണം. ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകള്‍ അദ്ദേഹത്തിനു അനുയോജ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.