രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് യുവതാരം ദ്രുവ് ജുറേലാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും കളിച്ച കെ എസ് ഭരത് ഫ്‌ളോപ്പായതോടെയാണ് ജുറേലിന് വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടിയിട്ടുള്ള താരം ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തി. 46 റണ്‍സാണ് ദ്രുവ് ജുറേല്‍ നേടിയത്. 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.
എന്നാല്‍ ജുറേലിന്റെ വിക്കറ്റ് കീപ്പിങ്ങിലേക്ക് വരുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറുന്നതാണ് കാണുന്നത്. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പന്ത് കീപ്പ് ചെയ്യുമ്പോള്‍ ജുറേല്‍ പ്രയാസപ്പെടുന്നതായാണ് കാണുന്നത്. നിരവധി ബൈ റണ്‍സുകള്‍ വിക്കറ്റ് കീപ്പിങ്ങിലെ പിഴവ് മൂലം ഉണ്ടാകുന്നു. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. പല പന്തുകളും കൃത്യമായി കൈയിലാക്കാന്‍ ജുറേലിന് സാധിക്കുന്നില്ല. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ആവശ്യമാണ്.
എന്നാല്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത് മത്സരം ഇന്ത്യക്ക് നഷ്ടമാകാനുള്ള സാധ്യതയും ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ആരാധകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കീപ്പര്‍ സഞ്ജുവാണ്. ജുറേല്‍ പിഴവ് ആവര്‍ത്തിക്കുന്നതിനാല്‍ സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഇവര്‍ പറയുന്നത്.
ജുറേലിനെക്കാള്‍ നന്നായി ബാറ്റുചെയ്യാന്‍ സഞ്ജുവിന് സാധിക്കുമെന്നും സഞ്ജുവാണ് അവസരം അര്‍ഹിക്കുന്നതെന്നും ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നു. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ ടീമിലേക്ക് പോലും പരിഗണിച്ചിട്ടില്ല. മോശം ഫോമിലായിട്ടും കെ എസ് ഭരത്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ സഞ്ജുവിനോട് കാട്ടുന്നത് അനീതിയാണിനെത്താണ് ആരാധകര്‍ ആരോപിക്കുന്നത്. എന്നാല്‍ ജുറേലിനെ ഇന്ത്യ പിന്തുണക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

23കാരനായ താരത്തിന് വലിയ നിലവാരമുള്ള സ്പിന്നര്‍മാരെ നേരിട്ട് അനുഭവസമ്പത്ത് കുറവുണ്ട്. പ്രത്യേകിച്ച് ടെസ്റ്റിലേക്ക് വരുമ്പോള്‍ ടേണിങ് പിച്ചായിരിക്കും ഉണ്ടാവുക. ഇതോടെ സ്പിന്നര്‍മാരെ കീപ്പ് ചെയ്യുക എളുപ്പമാവില്ല. ഇതിന് അനുഭവസമ്പത്ത് അത്യാവശ്യമാണ്. വലിയ ഭാവി കല്‍പ്പിക്കുന്ന താരമെന്ന നിലയില്‍ ഇപ്പോള്‍ ജുറേലിന് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കിയേക്കും. പേസര്‍മാര്‍ക്കെതിരേ നന്നായി കീപ്പ് ചെയ്യാന്‍ ജുറേലിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
മൂന്നാം ടെസ്റ്റില്‍ പോരാട്ടം മുറുകുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 445 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുണ്ട്. ബെന്‍ ഡക്കറ്റിന്റെ (153) തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ഇംഗ്ലണ്ട് തിരിച്ചടിക്കുന്നത്. രണ്ടാം ദിനം രണ്ട് വിക്കറ്റിന് 209 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. എന്നാല്‍ മൂന്നാം ദിനം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിനെ (18) വലിയ സ്‌കോര്‍ നേടും മുമ്പെ ജസ്പ്രീത് ബുംറ പുറത്താക്കി. ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. ഡക്കറ്റിനെയും കുല്‍ദീപ് മടക്കി. ഉച്ച ഭക്ഷണത്തിന് പിരിയും മുമ്പ് ഇംഗ്ലണ്ടിന്റെ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. രണ്ടാം സെക്ഷനില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് അറിയേണ്ടത്. മൂന്നാം ദിനത്തില്‍ പിച്ചില്‍ കൂടുതല്‍ ടേണ്‍ ലഭിക്കുന്നുണ്ട്.
ആര്‍ അശ്വിന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രണ്ടാം ദിനം അവസാനിച്ചതിന് പിന്നിലെ കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്‌നത്തെത്തുടര്‍ന്ന് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നുറപ്പ്.