പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ 15 റണ്‍സിന്റെ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പര 3-1നാണ് നേടിയെടുത്തത്. ഒരു മത്സരം ശേഷിക്കെ ഇന്ത്യ പരമ്പര കിരീടം ഉറപ്പിച്ചിരിക്കുകയാണ്. ശിവം ദുബെയുടേയും (53) ഹാര്‍ദിക് പാണ്ഡ്യയുടേയും (53) അര്‍ധ സെഞ്ച്വറികളും രവി ബിഷ്‌നോയിയുടേയും ഹര്‍ഷിത് റാണയുടേയും മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമാണ് ഇന്ത്യയുടെ വിജയത്തില്‍ കരുത്തായത്.
എന്നാല്‍ ഇന്ത്യയുടെ ജയത്തിനിടെയിലും സഞ്ജു സാംസണിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ബാറ്റിങ്ങില്‍ മാത്രമല്ല കീപ്പിങ്ങിലും സഞ്ജു നിരാശപ്പെടുത്തി. പൂനെയില്‍ ഇന്ത്യ വിജയത്തിനായി പൊരുതിയപ്പോള്‍ ടീമിനെ പിന്നോട്ടടിക്കുന്ന നീക്കമാണ് സഞ്ജു സാംസണ്‍ നടത്തിയത്. പരിശീലകന്‍ ഗൗതം ഗംഭീറടക്കം എതിരാവുന്ന തരത്തിലുള്ള മോശം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതെന്ന് പറയാം. എന്തായാലും സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
അനായാസ റണ്ണൗട്ട് പാഴാക്കി
ഇന്ത്യ പൂനെയില്‍ ജയിച്ചത് അവസാന ഓവര്‍വരെ വിറച്ച ശേഷമാണ്. ജേക്കബ് ബെതലും ജാമി ഓവര്‍ട്ടനും ഇന്ത്യക്ക് ഭീഷണിയാവുമെന്ന് കരുതിയെങ്കിലും ഈ വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ബെതലിനെ തുടക്കത്തിലേ മടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഹര്‍ഷിത് റാണ എറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ബെതല്‍ രണ്ടാം റണ്‍സിന് ശ്രമിച്ചു. റിങ്കു സിങ് മനോഹരമായി പന്ത് ത്രോ ചെയ്തു.
എന്നാല്‍ കൃത്യമായി പന്ത് കൈയിലൊതുക്കാന്‍ സഞ്ജുവിനായില്ല. അല്ലായിരുന്നെങ്കില്‍ അനായാസ റണ്ണൗട്ടായി ഇത് മാറുമായിരുന്നു. സഞ്ജുവിന്റെ പിഴവ് കണ്ട് നിരാശയോടെ ഇരിക്കുന്ന പരിശീലകന്‍ ഗൗതം ഗംഭീറിനേയും കാണാന്‍ സാധിക്കുമായിരുന്നു. സഞ്ജു മികച്ചൊരു സ്റ്റംപിങ്ങിന് ശ്രമിച്ചെങ്കിലും ഇത് വിക്കറ്റായി മാറിയില്ല. പൊതുവേ വിക്കറ്റിന് മുന്നില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെങ്കിലും പൂനെയില്‍ പ്രതീക്ഷിച്ച പ്രകടനം കാട്ടാന്‍ അദ്ദേഹത്തിനായില്ല.

നിര്‍ണ്ണായക ക്യാച്ചും കൈവിട്ടു
സഞ്ജു സാംസണ്‍ നിര്‍ണ്ണായക ക്യാച്ചും കൈവിട്ട് കളഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. അതും മത്സരത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ സമയത്ത്. 19ാം ഓവറിന്റെ മൂന്നാം പന്തിലാണ് ഈ പിഴവ്. ഹര്‍ഷിത് റാണയുടെ ഓവറില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി ക്രീസിലുണ്ടായിരുന്നത് ജാമി ഓവര്‍ട്ടനാണ്. ഇന്ത്യക്ക് മുന്നിലുള്ള അവസാന ഭീഷണിയായിരുന്നു ഓവര്‍ട്ടന്‍. ഹര്‍ഷിതിന്റെ സ്ലോബോള്‍ ഓവര്‍ട്ടന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്നു. ഷോര്‍ട്ട് തേര്‍ഡില്‍ ഫീല്‍ഡറായുള്ള വരുണ്‍ ചക്രവര്‍ത്തിക്ക് അനായാസമായി എടുക്കാവുന്ന ക്യാച്ചായിരുന്നു അത്.
എന്നാല്‍ വരുണിനെ ശ്രദ്ധിക്കാതെ സഞ്ജു ഈ ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സഞ്ജുവിന് ഈ ക്യാച്ചെടുക്കാന്‍ സാധിച്ചില്ല. പരിശീലകന്‍ ഗൗതം ഗംഭീര്‍ മുഖം പൊത്തിയാണ് നിരാശ പ്രകടിപ്പിച്ചത്. ഇൗ ക്യാച്ച് പാഴാക്കിയത് ഇംഗ്ലണ്ടിന് പുതു ജീവന്‍ നല്‍കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഹര്‍ഷിത് റാണ ഓവര്‍ട്ടനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള സഞ്ജു വിക്കറ്റിന് പിന്നിലും നിരാശപ്പെടുത്തുന്നത് താരത്തിന്റെ സീറ്റ് തെറിക്കാനുള്ള സാധ്യത ഉയര്‍ത്തുകയാണ്.
ബാറ്റിങ്ങിലും സഞ്ജു ദുരന്തം
ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷവെച്ച താരമാണ് സഞ്ജു സാംസണ്‍. സമീപകാലത്തെ പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ തൊട്ടതെല്ലാം സഞ്ജുവിന് പിഴച്ചു. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ നാല് മത്സരത്തിലെ സ്‌കോറുകള്‍. മികച്ച തുടക്കം നല്‍കാനാവാതെ സഞ്ജു പതറുകയാണ്. ഗംഭീറും സൂര്യയും നല്‍കുന്ന പിന്തുണയാണ് സഞ്ജുവിന് ഓപ്പണിങ്ങില്‍ അവസരം നല്‍കുന്നത്. ഈ പിന്തുണ വൈകാതെ നഷ്ടപ്പെടാനാണ് സാധ്യത.