റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ പതറുകയാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 219 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ സന്ദര്‍ശകരെക്കാള്‍ 134 റണ്‍സിന് പിന്നിലാണ്. മൂന്നാം ദിനം ദ്രുവ് ജുറേലില്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. ലീഡ് നേടുകയെന്നത് ഇപ്പോള്‍ ഇന്ത്യയുടെ അതിമോഹം മാത്രമാണ്.
മത്സരത്തില്‍ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. 117 പന്ത് നേരിട്ട് 8 ഫോറും 1 സിക്‌സുമാണ് ജയ്‌സ്വാള്‍ നേടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജയ്‌സ്വാളിനെ ഷൊയ്ബ് ബഷീര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ മത്സരത്തിനിടെ ജയ്‌സ്വാളിനെ കള്ളത്തരത്തിലൂടെ പുറത്താക്കാന്‍ നോക്കിയ ഇംഗ്ലണ്ട് ടീമിനെതിരേ ഇപ്പോള്‍ വിമര്‍ശനം ശക്തമാവുകയാണ്. ഇംഗ്ലണ്ടിന് ക്രിക്കറ്റിന്റെ മാന്യത അറിയില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ഇന്ത്യയുടെ ബാറ്റിങ്ങിന്റെ 20ാം ഓവറിലാണ് സംഭവം. ജയ്‌സ്വാളിന്റെ ബാറ്റില്‍ക്കൊണ്ട പന്ത് ഗ്രൗണ്ടില്‍ തട്ടിയ ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈയിലേക്കെത്തുന്നത്. ഫോക്‌സിനു ഇത് കൃത്യമായി മനസിലാവുകയും ചെയ്തു. എന്നാല്‍ ഇത് ഔട്ടാണെന്ന തരത്തില്‍ വലിയ ആഘോഷമാക്കുകയാണ് ഇംഗ്ലണ്ട് താരങ്ങള്‍ ചെയ്തത്. ഔട്ടെന്ന് ഉറപ്പിച്ചതുപോലെ ഫോക്‌സ് ഇംഗ്ലണ്ട് താരങ്ങളോടൊപ്പം വിക്കറ്റ് ആഘോഷവും നടത്തി.
എന്നാല്‍ ക്യാച്ചില്‍ സംശയം തോന്നി ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയര്‍ക്ക് തീരുമാനം വിടുകയായിരുന്നു. തേര്‍ഡ് അംപയര്‍ ജോയല്‍ വില്‍സന്റെ പരിശോധനയില്‍ പന്ത് ഫോക്‌സിന്റെ കൈയിലെത്തുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ നോട്ടൗട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ചെയ്തത്.

ഇതോടെ വലിയ വിമര്‍ശനം ഇംഗ്ലണ്ട് ടീമിനെതിരേ ഉയര്‍ന്നു. ജയ്‌സ്വാളിനെ ഏത് വിധേനെയും പുറത്താക്കാനാണ് ഇംഗ്ലണ്ട് കള്ളത്തരം കാട്ടുന്നത്. ചതിയന്മാരുടെ നിരയാണ് ഇംഗ്ലണ്ട്. ക്രിക്കറ്റിന്റെ പിതാക്കന്മാരാണെങ്കിലും മാന്യത എന്താണെന്ന് ഇംഗ്ലണ്ടിന് അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ജയ്‌സ്വാള്‍ യുവതാരമാണ്. 22കാരനായ താരത്തിന്റെ മികച്ച പ്രകടനവും സ്ഥിരതയും ഇംഗ്ലണ്ടിനെ അലോസരപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഇത്തരമൊരു ചതിക്ക് ശ്രമിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇംഗ്ലണ്ടിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നാലാം ടെസ്റ്റ് രണ്ടാം ദിനം കഴിയുമ്പോള്‍ ഇംഗ്ലണ്ടാണ് ഡ്രൈവിങ് സീറ്റില്‍. ഇന്ത്യക്ക് ലഭിച്ച മുന്‍തൂക്കം മുതലാക്കാനായില്ല. 112 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നിരുന്നു. ഇവിടെ നിന്നാണ് 353 എന്ന ഭേദപ്പെട്ട നിലയിലേക്ക് ഇംഗ്ലണ്ട് എത്തിയത്. 200നുള്ളില്‍ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.
ജോ റൂട്ടിന്റെ (122*) സെഞ്ച്വറി പ്രകടനം അംഗീകരിക്കാമെങ്കിലും ബൗളറായ ഒലി റോബിന്‍സന്‍ 58 റണ്‍സ് നേടിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേടാണ്. 9 ഫോറും 1 സിക്‌സും റോബിന്‍സന്‍ പറത്തി.
ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ പുറത്താക്കാന്‍ ഇന്ത്യയുടെ ബൗളിങ് നിര പ്രയാസപ്പെട്ടത് വലിയ നാണക്കേടാണ്. ബാറ്റിങ്ങിലാണ് ഇന്ത്യ കളി മറന്നത്. നായകന്‍ രോഹിത് ശര്‍മ 2 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശുബ്മാന്‍ ഗില്‍ 38 റണ്‍സും നേടി. രജത് പാട്ടീധാര്‍ 17 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 12 റണ്‍സാണ് നേടിയത്.
ഓഫ് സ്പിന്നറായ ഷൊയ്ബ് ബഷീര്‍ മികവ് കാട്ടിയ സമയത്ത് ജഡേജയെ ബാറ്റിങ്ങിനിറക്കിയത് മണ്ടത്തരമായി. സര്‍ഫറാസ് ഖാന്‍ 14 റണ്‍സിലാണ് പുറത്തായത്. 30 റണ്‍സുമായി ക്രീസില്‍ നില്‍കുന്ന ജുറേല്‍ മൂന്നാം ദിനം എത്ര നേരം പിടിച്ചുനില്‍ക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാലാം ടെസ്റ്റില്‍ ജയിക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമാണെന്നതാണ് വസ്തുത.