നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ രണ്ട് താരങ്ങള്‍ക്കാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. വിരാട് കോലിക്ക് അപ്രതീക്ഷിതമായി കാലിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി യശ്വസി ജയ്‌സ്വാള്‍ പ്ലേയിങ് 11ലെത്തി. മറ്റൊരാള്‍ പേസര്‍ ഹര്‍ഷിത് റാണയാണ്. ടി20 അരങ്ങേറ്റത്തിന് പിന്നാലെ ഏകദിനത്തിലേക്കും ഹര്‍ഷിതിന് വിളിയെത്തുകയായിരുന്നു. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ് ടീമിലുള്ളപ്പോഴാണ് ഗൗതം ഗംഭീറും രോഹിത് ശര്‍മയും ചേര്‍ന്ന് ഇത്തരമൊരു നീക്കം നടത്തിയത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ഹര്‍ഷിത് റാണ. യുവ പേസറുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവിന് പിന്നിലും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് പിന്നിലും ഗൗതം ഗംഭീറിന്റെ പക്ഷപാത പരമായ ഇടപെടലുണ്ടെന്ന് വ്യക്തം. ഇപ്പോള്‍ ഒന്നാം ഏകദിനത്തില്‍ അര്‍ഷ്ദീപിനെ തഴഞ്ഞ് ഹര്‍ഷിതിനെ കളിപ്പിച്ചതിന് പിന്നാലെ ഗംഭീറിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഗംഭീര്‍ സ്വാര്‍ത്ഥനായ പരിശീലകനാണെന്നാണ് ആരാധകരുടെ വിമര്‍ശനം.
ഇടം കൈയനെ വളര്‍ത്താന്‍ ശ്രമിക്കുന്നില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ നാളുകളായി അലട്ടുന്ന പ്രശ്‌നമാണ് ഇടം കൈയന്‍ പേസറുടെ അഭാവം. സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും പടിയിറങ്ങിയ ശേഷം ഇന്ത്യക്ക് വിശ്വസ്തനായ ഇടം കൈയന്‍ പേസറെ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇത്തരമൊരു സാഹചര്യത്തില്‍ അര്‍ഷ്ദീപ് സിങ്ങിനെപ്പോലെ മികവ് കാട്ടുന്ന ഇടം കൈയന്‍ പേസറെ ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ഷ്ദീപ് സിങ് ഏകദിന ടീമില്‍ അവസരം അര്‍ഹിക്കുന്നവനാണ്.
എന്നാല്‍ ഇന്ത്യ അര്‍ഷ്ദീപിനെ പരിഗണിക്കാത്തതിന് കാരണം ഗൗതം ഗംഭീറിന്റെ പക്ഷപാതമാണെന്നും ഇത് അനീതിയാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അര്‍ഷ്ദീപ് ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ന്യൂബോളില്‍ മികവ് കാട്ടാനുള്ള ശേഷിയാണ് അര്‍ഷ്ദീപിനെ വ്യത്യസ്തനാക്കുന്നത്. പവര്‍പ്ലേക്കുള്ളില്‍ വിക്കറ്റ് നേടി എതിരാളികളെ വിറപ്പിക്കാന്‍ അര്‍ഷ്ദീപിന് സാധിക്കും. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെ തഴഞ്ഞത് മണ്ടത്തരമായെന്നാണ് ആരാധക പ്രതികരണങ്ങള്‍.

ഹര്‍ഷിത് റാണയുടെ തുടക്കം പിഴച്ചു
ഹര്‍ഷിത് റാണക്ക് ടി20 അരങ്ങേറ്റം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ലഭിച്ചത്. എന്നാല്‍ ഏകദിനത്തില്‍ ഈ പരാതി മാറ്റിയാണ് അവസരം ലഭിച്ചത്. ന്യൂബോളില്‍ മുഹമ്മദ് ഷമിക്കൊപ്പമെത്തിയ ഹര്‍ഷിത് ആദ്യ ഓവറുകളില്‍ തല്ലുവാങ്ങി. ആദ്യത്തെ മൂന്ന് ഓവറുകളില്‍ 12ന് മുകളിലായിരുന്നു താരത്തിന്റെ ഇക്കോണമി. എന്നാല്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന്റെ ക്ഷീണം മാറ്റി പിന്നീട് താരം താളം കണ്ടെത്തി. ഒരേ ഓവറില്‍ ബെന്‍ ഡക്കറ്റിനേയും അപകടകാരിയായ ഹാരി ബ്രൂക്കിനേയും താരം പുറത്താക്കി.
29 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 32 റണ്‍സുമായി ഡക്കറ്റ് കത്തിക്കയറവെ ഹര്‍ഷിത് ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി. മറ്റൊരു അരങ്ങേറ്റ താരമായ യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഡക്കറ്റ് മടങ്ങിയത്. ഹാരി ബ്രൂക്ക് വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ്. മൂന്ന് പന്ത് നേരിട്ട താരത്തെയും ബൗണ്‍സില്‍ ഹര്‍ഷിത് കുടുക്കി. ബ്രൂക്കിന്റെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ ഗംഭീര ക്യാച്ചിലാണ് ബ്രൂക്കിന്റെ മടക്കം.
കോലിക്ക് അപ്രതീക്ഷിത പരിക്ക്
വിരാട് കോലിക്ക് ഇടവേളക്ക് ശേഷം ഫോമിലേക്കെത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പ് അപ്രതീക്ഷിതമായി വിരാട് കോലിക്ക് പരിക്കേറ്റു. കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് താരം ആദ്യ മത്സരം കളിക്കാത്തത്. ഇതോടെ പകരക്കാരനായി യശ്വസി ജയ്‌സ്വാള്‍ എത്തുകയായിരുന്നു. ജയ്‌സ്വാള്‍ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ ഫീല്‍ഡിങ്ങുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിങ്ങിലും വലിയ പ്രകടനം താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്ലേയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ
ഇംഗ്ലണ്ട്- ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്‌സ്റ്റണ്‍, ജേക്കബ് ബദല്‍, ബ്രൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹമ്മൂദ്